Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

വൈഭവ് പവര്‍പ്ലേ ബാറ്റര്‍; ഇറക്കേണ്ടെന്നു തീരുമാനിച്ചത് താന്‍: വിവാദങ്ങള്‍ക്കിടെ മറുപടിയുമായി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ; ഇറക്കിയ അശുതോഷ് ‘പൂജ്യ’നായി മടങ്ങി; അവസാന ഓവറിലെ നാലു റണ്‍സ് എടുക്കാനാന്‍ കഴിയാത്തതിനു വിശദീകരണമില്ല

ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിലെ ഇന്ത്യ ബംഗ്ലദേശ് സെമി ഫൈനലില്‍ സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടപ്പോള്‍ വൈഭവ് സൂര്യവംശിയെ ബാറ്റിങ്ങിന് ഇറക്കേണ്ടെന്നു തീരുമാനിച്ചത് താനായിരുന്നെന്ന് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ. സൂപ്പര്‍ ഓവറില്‍ ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയതിനു പിന്നാലെ വൈഭവിനെ കളിപ്പിക്കാത്തതിന്റെ കാരണങ്ങളും ജിതേഷ് വിശദീകരിച്ചു. സൂപ്പര്‍ ഓവറില്‍ ജിതേഷ് ശര്‍മയും രമണ്‍ദീപ് സിങ്ങുമായിരുന്നു ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്. ആദ്യ പന്തില്‍ ജിതേഷ് ശര്‍മ പുറത്തായപ്പോള്‍ അശുതോഷ് ശര്‍മ പിന്നാലെയിറങ്ങി. രണ്ടാം പന്തില്‍ അശുതോഷും ഔട്ടായതോടെ ഇന്ത്യ ‘പൂജ്യത്തിന്’ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു.

സെമി ഫൈനലില്‍ 15 പന്തില്‍ 38 റണ്‍സെടുത്ത വൈഭവ്, പവര്‍പ്ലേയിലാണ് കൂടുതല്‍ തിളങ്ങുന്നതെന്നാണ് ജിതേഷിന്റെ ന്യായീകരണം. ഡെത്ത് ഓവറില്‍ മികച്ചുനില്‍ക്കുന്ന അശുതോഷിനെയും രമണ്‍ദീപിനെയും വിശ്വസിക്കാനായിരുന്നു തന്റെ തീരുമാനമെന്നും ജിതേഷ് ശര്‍മ പ്രതികരിച്ചു. ”ഇന്ത്യന്‍ ടീമില്‍ വൈഭവും പ്രിയന്‍ഷുമാണ് പവര്‍പ്ലേ ഓവറുകളിലെ വിദഗ്ധര്‍. ഡെത്ത് ഓവറുകളുടെ കാര്യമെടുത്താല്‍ അശുതോഷും രമണ്‍ദീപുമാണു തകര്‍ത്തടിക്കുന്നത്. സൂപ്പര്‍ ഓവറിലെ ലൈനപ്പ് ടീമിന്റെ തീരുമാനമാണ്. അതില്‍ അന്തിമ തീരുമാനം എടുത്തത് ഞാന്‍ തന്നെയാണ്.” ജിതേഷ് ശര്‍മ പറഞ്ഞു.

Signature-ad

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണു നേടിയത്. സൂപ്പര്‍ ഓവറിലെ മോശം പ്രകടനം ഇന്ത്യയെ തോല്‍വിയിലേക്കു തള്ളി വിടുകയായിരുന്നു.അവസാന രണ്ടോവറുകളില്‍ 21 റണ്‍സാണ് ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. പത്തൊന്‍പതാം ഓവറില്‍ അഞ്ചു റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേടിയത്. 20ാം ഓവറില്‍ ഒരു സിക്‌സും ഫോറും ബൗണ്ടറി കടത്തിയ അശുതോഷ് ശര്‍മ ഇന്ത്യയ്ക്കു പ്രതീക്ഷ നല്‍കി. എന്നാല്‍ റാക്കിബുല്‍ ഹസന്റെ അഞ്ചാം പന്തില്‍ അശുതോഷ് പുറത്തായി. ഇതോടെ അവസാന പന്തില്‍ ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടത് നാലു റണ്‍സ്. ഹര്‍ഷ് ദുബെ നേരിട്ട അവസാന പന്തില്‍ മൂന്ന് റണ്‍സ് ഓടിയെടുത്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടു.

എന്നാല്‍ സൂപ്പര്‍ ഓവറില്‍ ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചില്ല. റിപ്പോണ്‍ മൊണ്ടലിന്റെ ആദ്യ രണ്ടു പന്തുകളില്‍ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും അശുതോഷ് ശര്‍മയും പുറത്തായി. ഇതോടെ സൂപ്പര്‍ ഓവറില്‍ ബംഗ്ലദേശിന് ജയിക്കാന്‍ വേണ്ടത് ഒരു റണ്‍. മറുപടി ബാറ്റിങ്ങില്‍ സുയാഷ് ശര്‍മയുടെ ആദ്യ പന്തില്‍ ബംഗ്ലദേശ് ബാറ്റര്‍ യാസിര്‍ അലി പുറത്തായെങ്കിലും രണ്ടാം പന്ത് സുയാഷ് വൈഡെറിഞ്ഞു. ഇതോടെ ബംഗ്ലദേശ് ഫൈനല്‍ ഉറപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: