സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കഴിയാത്ത വിധം യുഡിഎഫും ബിജെപിയും തകര്‍ച്ചയില്‍ ; കണ്ണൂരില്‍ ആറിടത്ത് എല്‍ഡിഎഫിന്റെ വിജയത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്

കണ്ണൂര്‍: സ്ഥാനാര്‍ത്ഥികളെ പോലും കണ്ടെത്താന്‍ കഴിയാത്തവിധം തകര്‍ച്ചയിലാണ് യുഡിഎഫും ബിജെപിയുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. എല്‍ഡിഎഫ് മുന്നോട്ട് വെച്ച നവകേരള സൃഷ്ടിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണം എന്ന ജനങ്ങളുടെ ഉറച്ച ശബ്ദത്തിന്റെ കാഹളമാണ് ഈ വിജയമെന്നും ഡിസംബര്‍ 11-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. കണ്ണൂരില്‍ ചരിത്ര മുന്നേറ്റം ഉണ്ടാക്കുമെന്നും കെ.കെ. രാഗേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും, കണ്ണപുരം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും ഉള്‍പ്പെടെ സിപിഐഎമ്മിന് എതിരാളികളില്ലാതെ ആറു സീറ്റുകളാണ് കിട്ടിയത്. ഇതിന് പിന്നാലെയായിരുന്നു പ്രതികരണം. ഈ ജനകീയ മുന്നേറ്റത്തിന് സഹായിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് രാഗേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭയില്‍ മോറാഴ വാര്‍ഡില്‍ കെ. രജിതയും പൊടിക്കുണ്ട് വാര്‍ഡില്‍ കെ. പ്രേമരാജനുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍ ഐ. വി. ഒതേനനും അടുവാപ്പുറം സൗത്തില്‍ സി. കെ. ശ്രേയയും എതിരില്ലാതെ വിജയിച്ചു. കണ്ണപുരം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ രീതി പി.യും 14-ാം വാര്‍ഡില്‍ രേഷ്മ പി. വി.യും ആണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാനാര്‍ത്ഥികള്‍.
ആന്തൂരിലെ മൊറാഴ, പൊടിക്കുണ്ട് വാര്‍ഡുകളില്‍ യുഡിഎഫിും ബിജെപിയും സ്ഥാനാര്‍ഥികളും സ്വതന്ത്രരും പത്രിക നല്‍കിയില്ല. മറ്റൊരു വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുണ്ട്. മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ 5,6 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലാത്തത്. മൂന്ന് വാര്‍ഡുകളില്‍ യുഡിഎഫിന് പത്രിക നല്‍കാനായില്ല. കണ്ണപുരം പഞ്ചായത്തിലെ വാര്‍ഡ് 13ലും വാര്‍ഡ് 14ലുമാണ് സിപിഎമ്മിന് എതിരാളികളില്ലാത്തത്.
കെ കെ രാഗേഷ് ഫേസ്ബുക്കില്‍ കുറിച്ചത്
തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ആറ് വാര്‍ഡുകളില്‍ എതിരില്ലാതെ വിജയിച്ചത് എല്‍.ഡി.എഫ്. മുന്നേറ്റം തെളിയിക്കുന്നതാണ്.രണ്ട് ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമാണ് ഈ മിന്നുന്ന വിജയം എല്‍.ഡി.എഫ്. നേടിയത്.
പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭയില്‍ മോറാഴ വാര്‍ഡില്‍ കെ. രജിതയും പൊടിക്കുണ്ട് വാര്‍ഡില്‍ കെ. പ്രേമരാജനുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍ ഐ. വി. ഒതേനനും അടുവാപ്പുറം സൗത്തില്‍ സി. കെ. ശ്രേയയും എതിരില്ലാതെ വിജയിച്ചു. കണ്ണപുരം പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ രീതി പി.യും 14-ാം വാര്‍ഡില്‍ രേഷ്മ പി. വി.യും ആണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാനാര്‍ത്ഥികള്‍.
യു.ഡി.എഫിനും ബി.ജെ.പി.ക്കും സ്ഥാനാര്‍ത്ഥികളെ പോലും കണ്ടെത്താന്‍ കഴിയാത്തവിധം തകര്‍ച്ചയിലാണ്. എല്‍.ഡി.എഫ്. മുന്നോട്ട് വെച്ച നവകേരള സൃഷ്ടിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണം എന്ന ജനങ്ങളുടെ ഉറച്ച ശബ്ദത്തിന്റെ കാഹളമാണ് ഈ വിജയം. ഡിസംബര്‍ 11-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. കണ്ണൂരില്‍ ചരിത്ര മുന്നേറ്റം ഉണ്ടാക്കുക തന്നെ ചെയ്യും. ഈ ജനകീയ മുന്നേറ്റത്തിന് സഹായിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.






