”നമുക്ക് ഒരു ജാതിയേയുള്ളൂ അത് മനുഷ്യത്വം, ഒരു മതമേയുള്ളൂ അത് സ്‌നേഹത്തിന്റെ മതം, ഒരു ഭാഷയേയുള്ളൂ അത് ഹൃദയത്തിന്റെ ഭാഷ”; നരേന്ദ്രമോദിയെ മുന്നില്‍ ഐശ്വര്യാറായിയുടെ പ്രസംഗം സംഘപരിവാറിനിട്ടുള്ള കൊട്ടോ?

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്നിലിരുത്തി നടി ഐശ്വര്യാറായി നടത്തിയ പ്രസംഗം വൈറലാകുന്നു. നമുക്ക് ഒരു ജാതിയേ ഉള്ളെന്നും ഒരു മതവും ഒരു ഭാഷയുമേ ഉള്ളെന്നും ഒരേയൊരു ദൈവം അത് സര്‍വ്വവ്യാപിയാണെന്നും നടി പ്രസംഗിച്ചു. നടിയുടെ പ്രസംഗം സംഘപരിവാറിനിട്ടുള്ള കൊട്ടായി വിലയിരുത്തുകയാണ് വിമര്‍ശകര്‍. സംഭവം സാമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ചയാണ്.
പുട്ടപര്‍ത്തിയില്‍ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തിലായിരുന്നു പ്രസംഗം. ‘ഒരേ ഒരു ജാതിയെ ഉള്ളൂ – മനുഷ്യത്വം. ഒരേ ഒരു മതമേ ഉള്ളൂ – സ്‌നേഹത്തിന്റെ മതം. ഒരേ ഒരു ഭാഷയെ ഉള്ളൂ – ഹൃദയത്തിന്റെ ഭാഷ. ഒരേ ഒരു ദൈവമേ ഉള്ളൂ. അവന്‍ സര്‍വ്വവ്യാപിയാണ്” ഇതായിരുന്നു വാക്കുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ റാം മോഹന്‍ നായിഡു, കിഞ്ചാരാപു, ജി കിഷന്‍ റെഡി, സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ എന്നിങ്ങനെ നിരവധി പേര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു
സംഘപരിവാറിന്റെയും ബിജെപിയുടെയും വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുള്ള മറുപടിയായി വാക്കുകള്‍ വിലയിരുത്തപ്പെടുകയാണ്. ഹൃദയത്തിന്റെ ഭാഷ എന്ന പ്രയോഗത്തെ ഹിന്ദി ഭാഷ അടിച്ചമര്‍ത്തലിനെതിരെയുള്ള വാചകമായി പോലും വ്യാഖ്യാനിക്കുന്നു. ഐശ്വര്യ റായ് മനപൂര്‍വം പറഞ്ഞതാണെങ്കിലും അല്ലെങ്കിലും പറഞ്ഞ കാര്യങ്ങള്‍ മോദി ശ്രദ്ധിച്ച് കേള്‍ക്കണമെന്ന് പറയുന്നവരും ഉണ്ട്.
മോദിയെ മുന്നിലിരുത്തികൊണ്ട് ഇക്കാര്യങ്ങള്‍ പറയാന്‍ ചെറിയ ധൈര്യം പോരെന്നും വരെ കമന്റുകളുണ്ട്. പ്രസംഗത്തിനായി പോകും മുന്‍പ് ഐശ്വര്യ റായ് മോദിയുടെ കാല്‍തൊട്ട് വന്ദിച്ച വീഡിയോയും വൈറലാകുന്നുണ്ട്. നരേന്ദ്ര മോദിയെ ഏറെ പുകഴ്ത്തികൊണ്ടും നടി സംസാരിച്ചിരുന്നു. മോദിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.





