Breaking NewsIndiaKeralaLead NewsLocalNEWSNewsthen Specialpolitics

മുനമ്പത്തുള്ളവര്‍ പോളിംഗ് ബൂത്തിലേക്കില്ല ; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മുനമ്പം സമരസമിതി ; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ആലോചന ; കൂടെ നിര്‍ത്താന്‍ യുഡിഎഫ് നീക്കം

 

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാനോ സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനോ ഉള്ള നീക്കവുമായി മുനമ്പം സമരസമിതി. വേണ്ടിവന്നാല്‍ മത്സരരംഗത്തിറങ്ങുമെന്ന വ്യക്തമായ സൂചന മുനമ്പം സമരസമിതി നല്‍കിയതോടെ ഇവരെ കൂടെ നിര്‍ത്താന്‍ യുഡിഎഫ് കളത്തിലിറങ്ങി.
തെരഞ്ഞെടുപ്പിന് മുമ്പ് പരിഹാരമായില്ലെങ്കില്‍ മൂന്ന് മുന്നണിക്കും വോട്ടില്ലെന്ന് മുനമ്പം സമരസമിതി പറഞ്ഞു. വേണ്ടി വന്നാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും ഇടവക വികാരി ആന്റണി സേവ്യര്‍ കളത്തില്‍ പറയുന്നു.
ഒരു വര്‍ഷത്തിലധികമായി നിരാഹാര സമരം കിടന്നിട്ടും പരിഹരിക്കാന്‍ കഴിയാത്ത വിഷയം ഈ തെരഞ്ഞെടുപ്പിലെങ്കിലും പരിഹരിക്കപ്പെടണമെന്ന ഉറച്ച നിലപാടിലാണ് മുനമ്പം സമരസമിതി.
400 ദിവസമായി നിരാഹാരസമരം ഇരുന്നിട്ടും പരിഹാരമായില്ല. ആര്‍ക്കുവേണ്ടി, എന്തിന് വേണ്ടി വോട്ട് ചെയ്യണമെന്ന ചോദ്യചിഹ്നം എല്ലാവരുടെയും മനസിലുണ്ട്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷിച്ചത് നിരാഹാരത്തിലാണ്. ഈ ക്രിസ്മസിന് മുമ്പ് തന്നെ പരിഹാരമുണ്ടാകുമെന്ന് പ്രതീഷിക്കുന്നു. ഹൈക്കോടതി വിധി വന്നിട്ടും പിന്തുണക്കുകയല്ലാതെ മൂന്ന് മുന്നണികളും പ്രശ്ന പരിഹാരത്തിനുള്ള തീരുമാനം എടുത്തില്ല. ഞങ്ങളുടെ കൂടെയാരാണുള്ളത്? തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ സാധിക്കും. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണോയെന്ന കാര്യവും ആലോചനയിലുണ്ട് – ആന്റണി സേവ്യര്‍ നിലപാട് വ്യക്തമാക്കി.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ മുനമ്പം ഭൂസംരക്ഷണ സമിതിയെ കൂടെ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് യുഡിഎഫ്. സമരസമിതി കണ്‍വീനറെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം. സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നിയായിരിക്കും യുഡിഎഫിന് വേണ്ടി വൈപ്പിന്‍ പഞ്ചായത്ത് മുനമ്പം ഡിവിഷനില്‍ മത്സരിക്കുക. വോട്ട് ബഹിഷ്‌കരിക്കുമെന്ന സമരസമിതിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുഡിഎഫ് നീക്കം.
എന്തായാലും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മുനമ്പം സമരസമിതി കൈക്കൊള്ളുന്ന ഏതു നിലപാടും ശ്രദ്ദേയമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: