25 ജില്ലകളിലും 110 മണ്ഡലങ്ങളിലുമായി ഉള്‍നാടന്‍ ബീഹാറിന്റെ വിരിമാറിലൂടെ രാഹുല്‍ സഞ്ചരിച്ചത് 1,300 കിലോമീറ്റര്‍ ; പക്ഷേ ‘ബീഹാര്‍ വോട്ട് അധികാര്‍ യാത്ര’ കടന്നുപോയ 61 സീറ്റുകളില്‍ 56 എണ്ണത്തിലും കോണ്‍ഗ്രസിന് വോട്ടും പോയി…!

പാറ്റ്‌ന: ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടിയ വന്‍ മൈലേജിന് പിന്നാലെ രണ്ടുവര്‍ഷം കഴിഞ്ഞ് ബീഹാറിലും സമാന തന്ത്രം തന്നെ പയറ്റിയെങ്കിലും ഏറ്റില്ല. 2023 ല്‍ ‘ഭാരത് ജോഡോ യാത്ര’യിലൂടെ രാഹുല്‍ഗാന്ധി ഉണ്ടാക്കിയെടുത്ത മൈലേജ് പക്ഷേ ബീഹാറിലെ ‘വോട്ട് അധികാര്‍ യാത്ര’ യില്‍ വര്‍ക്കൗട്ടായില്ല. യാത്ര കടന്നുപോയ വഴികള്‍ വരുന്ന 61 സീറ്റില്‍ 56 എണ്ണത്തിലും കോണ്‍ഗ്രസ് എട്ടു നിലയില്‍ പൊട്ടി.
2025 ല്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ 25 ജില്ലകളിലൂടെയും 110 മണ്ഡലങ്ങളിലൂടെയും രാഹുല്‍ നടത്തിയ യാത്രയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായതെങ്കിലും യാത്ര കടന്നുപോയതിന് പിന്നാലെ വോട്ടും ആ വഴി പോയി. സസാറാമില്‍ നിന്നും തുടങ്ജി പാറ്റ്‌നയില്‍ അവസാനിപ്പിച്ച യാത്ര തെരഞ്ഞെടുപ്പില്‍ ഏറ്റവും മോശം പ്രകടനത്തിന്റെ റെക്കോഡില്‍ രണ്ടാമത് എത്താനായിരുന്നു ബീഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും നയിച്ച മഹാസഖ്യത്തിന് നല്‍കിയത്. ഇതോടെ ബിഹാറില്‍ രാഹുല്‍ ഗാന്ധി നടത്തിയ 1,300 കിലോമീറ്റര്‍ നീണ്ട യാത്ര 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഫ്‌ളോപ്പായി മാറിയ തന്ത്രങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെട്ടു.
യാത്രാ പോയ റൂട്ടിലായിരുന്നു കോണ്‍ഗ്രസിന് വലിയ തിരിച്ചടി കിട്ടിയത്. യാത്രയുടെ ഭാഗമായി, ബിജെപി നടത്തിയ വോട്ടര്‍ തട്ടിപ്പ് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി എല്ലാ ജില്ലകളിലും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തി. എന്നാല്‍ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി മത്സരിച്ച ഈ ഭാഗങ്ങള്‍ വരുന്ന 61 സീറ്റുകളില്‍ അഞ്ച് സീറ്റുകളില്‍ മാത്രമേ മുന്നിലെത്തിയുള്ളൂ. വാല്‍മീകി നഗര്‍, ചാന്‍പതിയ, അരാരിയ, കിഷന്‍ഗഞ്ച്, മണിഹരി എന്നിവയായിരുന്നു അവ. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ പാര്‍ട്ടി നേടിയ വിജയം ആവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ നടത്തിയ യാത്ര പക്ഷേ വോട്ടാക്കി മാറ്റുന്നതില്‍ മഹാസഖ്യം പരാജയപ്പെട്ടു.
2023 ല്‍ ഭാരത് ജോഡോ യാത്ര തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചിരുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ ഏകീകരിക്കാനും സഹായിച്ചു. അന്ന് യാത്ര പോയ പാതയില്‍ പാര്‍ട്ടി 41 ലോക്സഭാ സീറ്റുകള്‍ നേടി. പക്ഷേ ബീഹാറില്‍ ഈ മാജിക് ഫലിച്ചില്ല. ബിജെപി 91 സീറ്റുകളിലും ജെഡിയു 80 സീറ്റുകളിലും വിജയിച്ചു. സഖ്യ കക്ഷികളും വലിയ വിജയം കൊയ്തു.
പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി വിലയിരുത്തല്‍ ആരംഭിച്ചിട്ടില്ലെങ്കിലും അനേകം ഘടകങ്ങള്‍ എംജിബിയുടെ സമ്പൂര്‍ണ പരാജയത്തിന് കാരണമായിട്ടുണ്ട്. ആഭ്യന്തര വിഭാഗീയതയും സൗഹൃദ പോരാട്ടങ്ങളും, തേജസ്വി യാദവിനെ അംഗീകരിക്കാന്‍ മടിച്ചത്, ഏകീകൃത തന്ത്രത്തിന്റെ അഭാവം തുടങ്ങി അനേകം കാരണങ്ങളുണ്ടെന്നാണ് തുടങ്ങിയിട്ടുള്ള വിലയിരുത്തലില്‍ കണ്ടെത്തിയിട്ടുള്ളത്.






