പ്രതിഫലത്തില്‍ മൂന്നിരട്ടി വര്‍ധന; ബ്രാന്‍ഡുകളുടെ കുത്തൊഴുക്ക്; വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഇനി ചെറിയ മീനല്ല; മൊബൈല്‍ ഫോണുകള്‍ മുതല്‍ ബാങ്കിംഗ് ബ്രാന്‍ഡിംഗില്‍വരെ താരങ്ങള്‍ക്കായി ക്യൂ; പരസ്യങ്ങളുടെ മൂല്യവും 50 ശതമാനം കൂടി

ന്യൂഡല്‍ഹി: ഏകദിന ലോകകിരീടം നേടിയതോടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ തലവര മാറി. താരങ്ങളെത്തേടി ബ്രാന്‍ഡുകളുടെ കുത്തൊഴുക്കാണ് ഇപ്പോള്‍. ലോകകപ്പുയര്‍ത്തി മണിക്കൂറുകള്‍ക്കകം ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കപ്പെട്ട ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ചിത്രം പിറ്റേന്നുതന്നെ പത്രങ്ങളുടെ ഒന്നാം പേജില്‍ നിറഞ്ഞു.
ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുന്നൊരുക്കിയപ്പോള്‍,ഹര്‍ലീന്‍ ഡിയോള്‍ അദ്ദേഹത്തിന്റെ സൗന്ദര്യ സംരക്ഷണ രീതികളെക്കുറിച്ച് ചോദിച്ചിരുന്നു. ഈ അവസരം മുതലെടുത്ത് ഒരു സൗന്ദര്യവര്‍ധക ബ്രാന്‍ഡ് താരത്തെ ബ്രാന്‍ഡ് അബംസഡറാക്കി. ജെമീമ റോഡ്രിഗസിന്റെ ചെളിപുരണ്ട ജഴ്‌സിയുടെ ചിത്രം ഒരു ഡിറ്റര്‍ജന്റ് ബ്രാന്‍ഡ് വൈറല്‍ പരസ്യമാക്കി മാറ്റി. സ്മൃതി മന്ഥനയാണ് ബ്രാന്‍ഡുകളുടെ ഇഷ്ടതാരം.
വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഇപ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ പരസ്യങ്ങളില്‍ ഒതുങ്ങുന്നില്ല. പുരുഷതാരങ്ങള്‍ക്കു മാത്രമായി കരുതിയിരുന്ന മൊബൈല്‍ ഫോണ്‍, ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ബാങ്കിങ് തുടങ്ങിയ മേഖലകളിലേക്കും അവര്‍ ചുവടുവയ്ക്കുകയാണ്. ലോകകപ്പിനു ശേഷം താരങ്ങളുടെ പ്രതിഫലത്തില്‍ രണ്ടുമുതല്‍ മൂന്നിരട്ടി വരെ വര്‍ധനയുണ്ടായി.
ഇതുവരെ ക്രിക്കറ്റ് അടക്കമുള്ള ഇന്ത്യന്‍ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് രണ്ട് സമയത്തുമാത്രമാണ് പ്രമുഖ ബ്രാന്‍ഡുകള്‍ അവസരങ്ങള്‍ നല്‍കിയിരുന്നത്. ഒന്ന് വനിതാ ദിനത്തിലും ദേശീയതലത്തില്‍ വിജയങ്ങള്‍ സ്വന്തമാക്കുമ്പോഴും. ഇതിനുമുമ്പും ശേഷവും ഇവര്‍ക്കുവേണ്ടി ആരും പണമിറക്കി ബ്രാന്‍ഡ് പ്രൊമോഷന്‍ നടത്താറില്ല.
2017ല്‍ ഇന്ത്യന്‍ വനിതാ ടീമിന് കിരീടം നഷ്ടമായ കാലത്തും അങ്ങനെയായിരുന്നു. ഫൈനലില്‍ എത്തിയതു മുതല്‍ വന്‍ പ്രചാരണം ഇവര്‍ക്കു മാധ്യമങ്ങളിലൂടെ ലഭിച്ചു. എന്നാല്‍, ബ്രാന്‍ഡുകള്‍ ഇവരോടു വിമുഖത കാട്ടി. ചില ബ്രാന്‍ഡുകള്‍ ഒറ്റയ്ക്ക്‌ക്കൊറ്റയ്ക്ക് ഇവരെ സമീപിച്ചെങ്കിലും വ്യാപകമായ അംഗീകാരം നല്‍കിയില്ല. കോര്‍പറേറ്റ് മേഖലയിലെ പരസ്യങ്ങളും പണവും പുരുഷ ക്രിക്കറ്റിലേക്കും കായിക ഇനങ്ങളിലേക്കുമാണ് ഒഴുകിയത്.
ഇക്കുറി വനിതാ ക്രിക്കറ്റ് കാണാന്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും എത്തിയവരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായിരുന്നു. ജിയോ ഹോട്ട്‌സ്റ്റാറില്‍ മാത്രം 185 ദശലക്ഷം ആളുകള്‍ കണ്ടു. ആളുകളുടെ താത്പര്യങ്ങളിലുള്ള മാറ്റമല്ല, മറിച്ചു സ്‌പോര്‍ട്‌സിനോടുള്ള സമീപനത്തില്‍ വരുന്ന മാറ്റമായിട്ടാണു വിലയിരുത്തിയത്. ഇതു സ്‌പോണ്‍സര്‍ഷിപ്പിലും പ്രകടമായി. 2022നെ അപേക്ഷിച്ച് ഇക്കുറി സ്‌പോണ്‍സര്‍ഷിപ്പില്‍ 50 ശതമാനംവരെ വര്‍ധനയുണ്ടായി. 35 കോടിയോളം രൂപയ്ക്കു തത്തുല്യമായ വര്‍ധനയാണിത്.
ജിയോ ഹോട്ട്‌സ്റ്റാറിലൂടെ കളി നടക്കുന്ന സമയത്തു വമ്പന്‍ ബ്രാന്‍ഡുകള്‍ രംഗത്തുവന്നു. ഗൂഗിള്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഇതില്‍ പ്രധാനമാണ്. രാജ്യാന്തര ബ്രാന്‍ഡായ പ്യൂമയും താരങ്ങളുമായി കരാറിലെത്തിയിട്ടുണ്ട്. ഹര്‍മന്‍പ്രീത് കൗര്‍, റിച്ച ഘോഷ്, ദീപ്തി ശര്‍മ എന്നിവരടക്കം ഏഴു കളിക്കാരാണ് പ്യൂമയ്ക്കുവേണ്ടി കരാറിലെത്തിയത്. 2023ല്‍ ഹര്‍മന്‍പ്രീത് കൗറിനെ ബ്രാന്‍ഡ് അംബാസഡറുമാക്കി.
the-rise-of-women-cricketers-in-mobile-and-banking-advertisements






