ബീഹാറില്‍ കോണ്‍ഗ്രസ് തകരുമ്പോള്‍ പാവം പാവം രാജകുമാരന്‍; കോണ്‍ഗ്രസ് ഇനിയെന്തു ചെയ്യണം ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും പൊങ്കാലയും ; ട്രോളിത്തീരാതെ മലയാളികളും ; കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ ജംബോ നിര്‍ദ്ദേശങ്ങള്‍

ബീഹാറില്‍ എന്‍ഡിഎ വന്‍വിജയം നേടിയതിനേക്കാള്‍ വലിയ ചര്‍ച്ച അവിടെ കോണ്‍ഗ്രസിനേറ്റ നിലംതൊടാതെയുള്ള തോല്‍വിയാാണ്. വോട്ട് ചോരി പത്രസമ്മേളനം ആഘോഷമാക്കി തെരഞ്ഞെടുപ്പ് കമ്മീഷനെ വരെ പ്രതിക്കൂട്ടിലാക്കിയ കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ബീഹാറിലെ വോട്ടുപെട്ടികള്‍ ഒന്നൊന്നായി തുറക്കുമ്പോള്‍ അന്തം വിടുകയായിരുന്നു.
സന്ദേശം എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ ജയറാം ചോദിക്കുന്നതു പോലെ എന്നാലും ഇങ്ങനെയുണ്ടോ ഒരു തോല്‍വി…എന്ന് കോണ്‍ഗ്രസുകാര്‍ അമ്പരക്കുന്നു.
പാവം പാവം രാജകുമാരന്‍ എന്ന ടൈറ്റിലിട്ട് രാഹുല്‍ഗാന്ധിയെ സോഷ്യല്‍മീഡിയയില്‍ വാരാന്‍ മലയാളികളുമുണ്ട്.
ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ വിമര്‍ശിക്കുന്നവര്‍ക്കൊപ്പം കോണ്‍ഗ്രസിനെ അടിമുടി പൊളിച്ചടുക്കുന്ന ട്രോളുകളുമായി മലയാളക്കരയും സജീവമാണ്.
ഇനി ബീഹാര്‍ ബോംബ് എന്ന ടൈറ്റിലോടെ രാഹുലിനെ അവതരിപ്പിച്ചിട്ടുണ്ട് ചിലര്‍. ബീഹാറിലെ വോട്ടുകൊള്ളയുടെ കഥകളുമായി അടുത്ത എപ്പിസോഡെന്നും കമന്റുണ്ട്.
ജരാനരകള്‍ ബാധിച്ച ഒരു യുവാവ് പട്ടായയിലേക്ക് ഇനി എപ്പോഴാണ് ഫ്‌ളൈറ്റ് എന്നു ചോദിച്ച് നിരന്തരം വിളിച്ച് ശല്യം ചെയ്യുന്നതായി എയര്‍ ഇന്ത്യ പരാതിപ്പെട്ടെന്ന് മലയാളി ട്രോളന്‍മാരുടെ ഡയലോഗ്. കൂടെ സിഐഡി മൂസയില്‍ ദിലീപ് വിമാനത്തില്‍ കയറാന്‍ പോകുന്ന ക്ലൈമാക്‌സ് സീനിലെ ചിത്രവും.
യോദ്ധയിലെ ജഗതിയുടെ അപ്പുക്കുട്ടന്‍ ബീഹാര്‍ തോല്‍വിയിലും ഇടം പിടിച്ചിട്ടുണ്ട്. ദേ തോറ്റു തുന്നംപാടി വന്നിരിക്കുന്നു നിന്റെ മോന്‍ എന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്റെ വൈറല്‍ ഡയലോഗോടെ.
കെ.സി.വേണുഗോപാലിനുമുണ്ട് ട്രോള്‍ പൊങ്കാല. വടക്കുനോക്കി യന്ത്രം എന്ന സിനിമയില്‍ രാത്രി പമ്മിപ്പമ്മി പോകുന്ന നടന്‍ ശ്രീനിവാസന്റെ വിഷ്വലിന് ട്രോളന്‍മാര്‍ നല്‍കിയ കാപ്ഷന്‍ ബീഹാര്‍ റിസള്‍ട്ടിനു ശേഷം പാര്‍ട്ടി ഓഫീസില്‍ കയറുന്ന വാര്‍ റൂം കെ.സി എന്നാണ്.
കെ.സി.വേണുഗോപാല്‍ എന്‍ഡിഎയുടെ ഐശ്വര്യം എന്ന കമന്റിനു ലൈക്കുകളേറെയാണ് കിട്ടിയിരിക്കുന്നത്.
ബിജെപിയുടെ വിജയത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലും വരണം എന്ന് പറഞ്ഞവരുണ്ട്.

ഇത്തരം ട്രോളുകള്‍ക്കൊപ്പം തന്നെ കോണ്‍ഗ്രസ് അതിന്റെ പ്രതാപകാലത്തേക്ക് തിരിച്ചെത്താന്‍ എന്തു ചെയ്യണം എന്ന സജീവ ചര്‍ച്ചയും നിര്‍ദ്ദേശങ്ങളും സൈബറിടത്തില്‍ നടക്കുന്നുണ്ട്.
ഇനിയും കോണ്‍ഗ്രസിന് ജനങ്ങള്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കാന്‍ സമയമുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അതിന് ചെയ്യേണ്ട ചില കാര്യങ്ങളുണ്ടെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.
1990 വരെ കോണ്‍ഗ്രസില്‍ സുഭദ്രമായിരുന്ന മുസ്ലിം – പിന്നോക്ക വോട്ടുകളുടെ ഒരു ശതമാനം പോലും ഇപ്പോള്‍ പാര്‍ട്ടിക്ക് ഹിന്ദി ബെല്‍റ്റില്‍ നിന്നും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയവരുണ്ട്.
ബീഹാറിലെ വോട്ടെണ്ണലിനു ശേഷം അവിടത്തെ സ്ഥിതിഗതികള്‍ വ്യക്തമായി വിലയിരുത്തി സോഷ്യല്‍മീഡിയയില്‍ വന്ന പോസ്റ്റുകളിലൊന്നില്‍ പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ആ പോസ്റ്റിലെ ചില വരികള്‍ ഇ്ങ്ങനെ –
ബീഹാറില്‍ തേജസ്വി യാദവിന് സംഭവിച്ചതെന്താണ് എന്ന് പരിശോധിക്കുക. രാഷ്ട്രീയ ജനതാദളിന്റെ പരമ്പരാഗത കരുത്ത് തന്നെ യാദവ- മുസ്ലിം വോട്ടുകളായിരുന്നു. എന്നാല്‍ യാദവ പിന്നോക്ക വോട്ടുകള്‍ വലിയ തോതില്‍ ബിജെപിയിലേക്ക് കൂടുമാറുകയും മുസ്ലിം വോട്ടുകള്‍ മാത്രം ആര്‍ജെഡിയില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. പലരും കരുതിയത് പോലെ യാദവ – മുസ്ലിം വോട്ടുകള്‍ ഇപ്പോള്‍ ആര്‍ ജെ ഡിയില്‍ കേന്ദ്രീകരിക്കുന്നില്ലന്നാണ് മനസിലാകുന്നത്. ഒബിസി പൊളിറ്റിക്സ് ശക്തമായി കളിക്കാന്‍ മോദിക്കും നീതിഷിനും കഴിഞ്ഞു. അതോടൊപ്പം സ്ത്രീകള്‍ക്ക് പതിനായിരം രൂപ അക്കൗണ്ടില്‍ നല്‍കുന്നുവെന്ന് പോലുള്ള ജനപ്രിയ നടപടികളും അവരെ തുണച്ചു. നീതിഷ് കുമാറിന്റെ തണലില്‍ നിന്നുകൊണ്ട് പരമാവധി ശക്തി സംഭരിക്കുക എന്ന തന്ത്രം ബിജെപി പയറ്റാന്‍ തുടങ്ങിയിട്ട് ഇരുപതിലധികം വര്‍ഷങ്ങളായി. അതിന്റെ പൂര്‍ത്തീകരണത്തിലേക്ക് അവര്‍ അടക്കുകയാണ്. നീതിഷിനെ സംബന്ധിച്ചിടത്തോളം ഇത് അദ്ദേഹത്തിന്റെ അവസാനത്തെ പോരാട്ടമാണ്. വരുന്ന വര്‍ഷങ്ങളിലെ പോരാട്ടങ്ങള്‍ ബിജെപി അവരുടേത് മാത്രമാക്കി മാറ്റും.

വളരെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള ഇത്തരം പോസ്റ്റുകളും വിലയിരുത്തലുകളും കമന്റുകളും കോണ്‍ഗ്രസിന് സഹായകമാകുന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വരുന്നുണ്ട്. ഇനിയെങ്ങിനെ കോണ്‍ഗ്രസ് സ്ട്രാറ്റജി മാറ്റിപ്പിടിക്കണമെന്ന് പലരും അഭിപ്രായപ്രകടനം നടത്തുന്നുണ്ട്.
രാഹുല്‍ ഗാന്ധി കഷ്ടപ്പെട്ട് സമാഹരിച്ച വോട്ട് ചോരി എന്തുകൊണ്ട് ബീഹാറില്‍ വര്‍ക്കായില്ല എന്ന ചോദ്യം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
രാഹുല്‍ വോട്ട് ചോരി പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപി പെട്ടന്ന് പ്രതിരോധത്തിലായെങ്കിലും അതിനേക്കാള്‍ പെട്ടന്ന് അവരതിനെ അതിജീവിച്ച് കോണ്‍ഗ്രസിനെ വെട്ടിലാക്കി സ്‌കോര്‍ ചെയ്തു. വോട്ട് ചോരി ആരോപണം കോണ്‍ഗ്രസിന് താഴേത്തട്ടിലേക്ക് എത്തിക്കാനായില്ലെന്ന വീഴ്ചയാണ് സോഷ്യല്‍മീഡിയകളിലെ വിലയിരുത്തലുകള്‍. വലിയൊരു പരിധി വരെ അത് ശരിയുമാണ്. പ്രത്യേകിച്ച് ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ താഴെ തട്ടിയില്‍ സംഘടനാ സംവിധാനമില്ലാത്തത് കൊണ്ട് വോട്ട് ചോരിയൊന്നും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. താഴേത്തട്ടില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിലാളില്ല എന്ന വലിയ വിപത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇത് പരിഹരിക്കുകയെന്നത് കോണ്‍ഗ്രസിന്റെ നിലനില്‍പിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അണികളെ പ്രത്യേകിച്ച് യുവതലമുറയെ കൂടെ നിര്‍ത്താനും പ്രവര്‍ത്തനരംഗത്തിറക്കാനും ബീഹാര്‍ തോല്‍വിയോടെ അഭിപ്രായം ശക്തമായിട്ടുണ്ട്.
ബീഹാര്‍ തെരഞ്ഞെടുപ്പു ഫലം കേരളത്തിലെ കോണ്‍ഗ്രസിന്റെ കണ്ണുതുറപ്പിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്. കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണ് ഇനി ഇന്ത്യ മഹാരാാജ്യത്ത് കോണ്‍ഗ്രസിനുള്ള ഏക പ്രതീക്ഷ. ഇന്ത്യ മഹാസഖ്യം കേരളത്തില്‍ വര്‍ക്കൗട്ട് ആവില്ലെന്ന് ബിജെപി വിശ്വസി്ക്കുന്നുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ് കരുത്താര്‍ജിച്ചാല്‍ ദേശീയതലത്തില്‍ ബിജെപിക്കത് ദോഷമാണ്. അതുകൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസ് കരുത്താര്‍ജിക്കണമെന്ന് ബിജെപി കരുതില്ല. എന്നാല്‍ ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പതിവുപോലെ ഗ്രൂപ്പുകളിയും തമ്മില്‍ത്തല്ലും വിമതശല്യവും പരസ്പരമുള്ള ചെളിവാരിയെറിയലുമായി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വാര്‍ത്തകളില്‍ നിറയും.
പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെ ചുറ്റിപ്പറ്റി രൂപീകരിക്കുന്ന തന്ത്രങ്ങളില്‍ നിന്നും കോണ്‍ഗ്രസ് മോചിതമാകണം. അതിനുതകുന്ന പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസുകളായിരിക്കണം ഇനിയെങ്കിലും കേരളത്തിലേയും ഇന്ത്യയിലേയും കോണ്‍ഗ്രസുകാര്‍ അറ്റന്‍ഡു ചെയ്യേണ്ടത്.
എഫ് ബി കുറിപ്പില്‍ ചിലര്‍ ഇക്കാര്യം വളരെ വിശദമായി എഴുതിയിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെ പോകുന്നു –
പഴയ സമവാക്യങ്ങള്‍ അപ്രസക്തമായി കഴിഞ്ഞു. ഓരോ സംസ്ഥാനത്തും പ്രദേശത്തും പുതിയ സമവാക്യങ്ങളുമായി ബിജെപി ഒരുങ്ങുമ്പോള്‍ അതിനെ അഖിലേന്ത്യാ തലത്തില്‍ നേരിടാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണിപ്പോഴും. ബിജെപിക്കെതിരെ ഒറ്റ രാഷ്ട്രീയ മുന്നണി എന്നത് ദേശീയ തലത്തില്‍ മാത്രമല്ല ബൂത്ത് തലങ്ങളില്‍ കൂടി യാഥാര്‍ത്ഥ്യമാകണം.

വളരെ പ്രസക്തവും കോണ്‍ഗ്രസ് ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ ജനങ്ങള്‍ അല്ലെങ്കില്‍ കോണ്‍ഗ്രസിനോട് ഇപ്പോഴും താത്പര്യമുള്ളവര്‍ വോട്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുമ്പോള്‍ അത് മുഖവിലക്കെടുത്ത് അതിലെന്തെല്ലാം നടപ്പാക്കാമെന്ന്് പരിശോധിച്ച് നടപ്പാക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യേണ്ടത്.
വോട്ടുചോരിക്കു പിന്നാലെ പോകുന്നതിനേക്കാള്‍ ഗുണം ചെയ്യുമതെന്ന് സാധാരണക്കാര്‍ വരെ അഭിപ്രായപ്പെടുന്നു.
ഇന്ത്യസഖ്യം ഇനിയും വിപുലമാക്കണമെന്ന അഭിപ്രായവും കോണ്‍ഗ്രസിന് രക്ഷപ്പെടാനും ഇന്ത്യയില്‍ നിലനില്‍ക്കാനുമുള്ള മാര്‍ഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ദേശീയതലത്തില്‍ മാത്രമാക്കാതെ
പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും നിയോജകമണ്ഡലങ്ങളിലുമെല്ലാം ബിജെപിക്കെതിരെ ഒറ്റ മുന്നണി എന്ന ആശയവും കാഴ്ചപ്പാടും യാഥാര്‍ഥ്യമാക്കിയാല്‍ ഇന്ത്യ മുന്നണിയുടെ വേരുകള്‍ ബലപ്പെടുമെന്ന് പലരും അഭിപ്രായപ്പെടുന്നു.
പ്രാദേശിക താഴേത്തട്ടിലേക്ക് ഇന്ത്യസഖ്യം എന്ന ആശയം യാഥാര്‍ത്ഥ്യമായാല്‍ മാത്രമേ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് നിലയുറപ്പിക്കാന്‍ കഴിയൂ. ഇന്ദിരാഗാന്ധിക്കെതിരെ 77 ല്‍ ജയപ്രകാശ് നാരായണന്‍ പ്രയോഗിച്ച് വിജയിച്ച തന്ത്രം തിരിച്ചു പ്രയോഗിക്കേണ്ട അവസരം സംജാതമായിരിക്കുകയാണ് എന്ന പ്രധാനപ്പെട്ട പോയന്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടത് മറ്റാരെല്ലാം വായിച്ചു തള്ളിയാലും കോണ്‍ഗ്രസ് നേതൃത്വം വായിച്ചു തള്ളരുത്.
ഇന്ദിരാഗാന്ധിക്കെതിരെ ജനതാപാര്‍ട്ടിയുണ്ടാക്കിയ അതേ തന്ത്രം ഇന്ന് ബിജെപിക്കെതിരെ കൈക്കൊള്ളാനാണ് പലരും ആഹ്വാനം ചെയ്യുന്നത്.
കോണ്‍ഗ്രസിനെതിരെ അന്ന് പ്രതിപക്ഷ കക്ഷികള്‍ ജനതാ എന്ന ഒറ്റപ്പാര്‍ട്ടിയുണ്ടാക്കിയാണ് മല്‍സരിച്ചത്. വാര്‍ഡ് തലം മുതല്‍ ജനതാപാര്‍ട്ടിക്ക് കമ്മിറ്റികളുണ്ടായിരുന്നു. ഇന്ത്യാ സഖ്യം അതിന്റെ രാഷ്ട്രീയ കാഴ്ചാപ്പാടില്‍ മാറ്റം വരുത്തണം. മഹാരാഷ്ട്രയിലെ എന്‍സിപിയെ പോലെ കോണ്‍ഗ്രസില്‍ ലയിക്കാന്‍ സാധ്യതയുള്ള പാര്‍ട്ടികളെ എന്ത് വിലകൊടുത്താണെങ്കിലും അതിന് തയ്യാറാക്കണം. എഎപിയെ പോലുള്ള മധ്യവര്‍ഗ പാര്‍ട്ടികള്‍, വിവിധ ദളിത് പാര്‍ട്ടികള്‍, ചെറിയ സമുദായിക ഗ്രൂപ്പുകള്‍ ഇവരെയൊക്കെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാനുള്ള നീക്കങ്ങളുണ്ടാകണം. രാഹുല്‍ ഗാന്ധിക്കൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു നേതൃനിരയെ അതിനായി സജ്ജമാക്കുകയും വേണം. ബിജെപിക്കെതിരെ പരമ്പരാഗതമായി നില്‍ക്കുന്ന തേജസ്വി- അഖിലേഷ് പാര്‍ട്ടികളെ മാത്രം ആശ്രയിക്കുന്നത് ഇനി വരുന്ന കാലത്ത് അത്ര ഫലപ്രദമാകില്ല. എല്ലാ സംസ്ഥാനങ്ങളിലും മുഖ്യധാരയിലേക്ക് കാര്യായി വരാത്ത സാമുദായിക പാര്‍ട്ടികളും ഗ്രൂപ്പുകളുമുണ്ട്. ഇവരെ കോണ്‍ഗ്രസിലെത്തിക്കാന്‍ കഴിയണം തുടങ്ങിയ വളരെ കാര്യഗൗരവമുള്ള അഭിപ്രായ നിര്‍ദ്ദേശ ഉപദേശങ്ങള്‍ കോണ്‍ഗ്രസ്് ഇനിയും ഇന്ത്യയില്‍ നിലനില്‍ക്കണം, വളരണം, ആധിപത്യം പുലര്‍ത്തണം എന്നാഗ്രഹിക്കുന്നവര്‍ സോഷ്യല്‍മീഡിയയിലൂടെ അവതരിപ്പിക്കുന്നുണ്ട്.
ബീഹാര്‍ തോല്‍വി കോണ്‍ഗ്രസിന്റെ അവസാനമൊന്നുമല്ല. അതുകൊണ്ടുതന്നെ ഇപ്പോഴും ചാന്‍സുകള്‍ ഏറെയാണ് കോണ്‍ഗ്രസിന് എന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. കോണ്‍ഗ്രസ് ഭാരതത്തില്‍ നിന്നും ജനമനസുകളില്‍ നിന്നും അപ്രത്യക്ഷമാവുകയാണെന്ന് കോണ്‍ഗ്രസിലെ ഒരേയൊരു ലീഡര്‍ എന്ന് വിശേഷണമുള്ള കെ.കരുണാകരന്റെ പുത്രി പത്മജ വേണുഗോപാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിട്ടുണ്ട്. ഈ നിലയ്ക്ക് പോയാല്‍ പത്മജ പറഞ്ഞത് ശരിയായി മാറും. പക്ഷേ മാറാന്‍ ഇനിയും സമയം വൈകിയിട്ടില്ലെന്ന് കോണ്‍ഗ്രസ് രക്ഷപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ ഓര്‍മിപ്പിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നുമല്ലാതിരുന്ന ബിജെപിക്കെതിരെ വന്നിരുന്ന പരിഹാസങ്ങളും ട്രോളുകളും അതിട്ടവരെക്കൊണ്ടും പറയിപ്പിച്ചവരെക്കൊണ്ടും തിരുത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. കോണ്‍ഗ്രസിന് അതൊരു ബാലികേറാമലയല്ല.






