ഇന്നാണ് ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് സ്തനാര്‍ബുദ ബോധവല്‍ക്കരണം; അബുദാബിയില്‍ ആയിരത്തി അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കുന്ന ചടങ്ങുമായി ഐ.എസ്.സി

അബുദാബി : സ്തനാര്‍ബുദ ബോധവത്കരണത്തില്‍ ആയിരത്തി അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കുന്ന ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള പരിപാടി ഇന്ന് അബുദാബിയില്‍.
രണ്ടു തലമുറയില്‍ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കുന്ന ‘ഐന്‍സ്റ്റീന്‍ വേള്‍ഡ് റെക്കോര്‍ഡ് ബ്രെസ്റ്റ് ക്യാന്‍സര്‍ അവെയര്‍നസ്’ എന്ന പ്രോഗ്രാം ഇന്നു വൈകീട്ട് നാലു മുതല്‍ അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ (ഐ. എസ്. സി.) മെയിന്‍ ഹാളില്‍ നടത്തും. ഐ.എസ്.സിയുടെ വനിതാ വിഭാഗമായ വിമന്‍സ് ഫോറമാണ് രണ്ട് തലമുറയിലെ 1500 ഓളം വനിതകള്‍ അണി നിരക്കുന്ന ബോധവല്‍ക്കരണ പ്രചാരണപരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
സ്തനാര്‍ബുദ ബോധവല്‍ക്കരണം പ്രമേയമാക്കുന്ന വനിതകളുടെ ഈ സംഗമം ലോക റെക്കോര്‍ഡുകളുടെ പട്ടികയില്‍ ഇടം പിടിക്കും. സ്തനാര്‍ബുദ ബോധ വല്‍ക്കരണ പ്രചരണത്തില്‍ ലോകത്തെ ഏറ്റവും വലിയ അമ്മ മകള്‍ സംഗമം എന്ന വിഭാഗത്തിലാണ് ഐ.എസ്.സി വനിതാ സംഗമം റെക്കോര്‍ഡ് നേട്ടം കൈവരിക്കുക എന്ന് വിമന്‍സ് ഫോറം കണ്‍വീനറും ഐ.എസ്.സിയുടെ ജനറല്‍ ഗവര്‍ണ്ണറുമായ ഡോ. ശ്രീദേവി ശിവാനന്ദം പറഞ്ഞു. അമ്മമാരും അവരുടെ പെണ്‍മക്കളും അടക്കം 1500 ഓളം വനിതകള്‍ പിങ്ക് വസ്ത്രങ്ങളില്‍ സംഗമത്തില്‍ പങ്കെടുത്തു കൊണ്ട് സ്തനാര്‍ബുദ ബോധ വല്‍ക്കരണ പ്രതിജ്ഞ എടുക്കും. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണത്തിന്റെ ഭാഗമായി, പങ്കെടുക്കുന്ന വനിതകള്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുകയും പ്രചരണ പേജിനെ ടാഗ് ചെയ്യുകയും ചെയ്യും.






