Breaking NewsIndiaKeralaLead NewsLocalNEWSNewsthen Special

തിരുവനന്തപുരം കാത്തിരിക്കുന്നു-മെട്രോ റെയിലിനായി: കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരളം : ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചു : ഡിപിആര്‍ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്: ടെക്‌നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍,സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ് എന്നിവ ബന്ധിപ്പിച്ചd ആദ്യ ഘട്ട അലൈന്‍മെന്റ്: പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചക്കലില്‍ അവസാനിക്കുന്ന 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍

 

 

Signature-ad

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തലസ്ഥാനഗരിയായ തിരുവനന്തപുരത്തിന്റെ മുഖച്ഛായ അടിമുടി മാറ്റാന്‍ മെട്രോ റെയില്‍ വരുന്നു. തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ, ഡിപിആര്‍ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കടക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കെഎംആര്‍എല്‍ തയ്യാറാക്കുന്ന പദ്ധതി രേഖ പ്രകാരമായിരിക്കും കേരളം അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുക. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍, സര്‍ക്കാരിന്റേത് തട്ടിപ്പ് പ്രഖ്യാപനമെന്നാണ് പ്രതിപക്ഷ വിമര്‍ശനം.
തലസ്ഥാന നിവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്ന സാക്ഷാത്കാരത്തിലേക്ക് നിര്‍ണായക ചുവടുവെയ്പ്പ്. തിരുവനന്തപുരം മെട്രോയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് സംസ്ഥാനത്തെ സെക്രട്ടറി തല സമിതി കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. ലൈറ്റ് മെട്രോയാണ് തുടക്കത്തില്‍ പരിഗണിച്ചിരുന്നതെങ്കിലും, നഗര പ്രത്യേകതകള്‍ കൂടി കണക്കിലെടുത്ത് മെട്രോയിലേക്ക് മാറുകയായിരുന്നു. ടെക്‌നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍,സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ് എന്നിവ ബന്ധിപ്പിച്ചാണ് ആദ്യ ഘട്ട അലൈന്‍മെന്റ്. പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചക്കലില്‍ അവസാനിക്കുന്ന 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ഡിപിആര്‍ തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കാനാണ് പദ്ധതിയുടെ ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ തീരുമാനം.
കെഎംആര്‍എല്‍ തയ്യാറാക്കുന്ന ഡിപിആര്‍, അനുമതിക്കായി കേരളം കേന്ദ്രത്തിന് സമര്‍പ്പിക്കും. ചെലവ് ഉള്‍പ്പടെയുള്ള പല കാര്യങ്ങളിലും ആശങ്കയുണ്ട്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്രം ഇപ്പോള്‍ മെട്രോ അനുവദിക്കുന്നതിലാണ് കേരളത്തിന്റെ പ്രതീക്ഷ.തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പന്‍ പ്രഖ്യാപനങ്ങളിലൂടെ വികസനം ചര്‍ച്ചയാക്കുകയെന്ന ലക്ഷ്യവും സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നിലുണ്ട്. പദ്ധതിക്കായി ഇതുവരെ കാര്യമായി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ഇപ്പോള്‍ തട്ടിപ്പ് പ്രഖ്യാപനം നടത്തുന്നുവെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: