Breaking NewsIndiaKeralaLead NewsNEWSNewsthen SpecialpoliticsPravasiTravelWorld

ഒരൊറ്റ വിസയില്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പറക്കാം: ഏകീകൃത ഗള്‍ഫ് വിസ അടുത്തവര്‍ഷം മുതല്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി

 

റിയാദ്: ഒരൊറ്റ വിസയില്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകാന്‍ സാധിക്കുന്ന ഏകീകൃത ഗള്‍ഫ് വിസ അടുത്ത വര്‍ഷം മുതല്‍ നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂിസം മന്ത്രി. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത വിസ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് വെറും നാല് വര്‍ഷത്തിന് ശേഷമാണ് ഈ പുരോഗതി ഉണ്ടായതെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് ചൂണ്ടിക്കാട്ടി.

Signature-ad

ബഹ്റൈനില്‍ നടന്ന ഗള്‍ഫ് ഗേറ്റ്വേ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് സൗദി ടൂറിസം മന്ത്രി ഏകീകൃത ഗള്‍ഫ് വിസയുടെ പുരോഗതി അറിയിച്ചത്.

ജിസിസി രാജ്യങ്ങള്‍ ടൂറിസം മേഖലയില്‍ ചരിത്രപരമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും പുരാതന ഗള്‍ഫ് സംസ്‌കാരം, വികസിത അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷിതമായ പരിസ്ഥിതി എന്നിവ കാരണം എണ്ണയ്ക്കും വ്യാപാരത്തിനും സമാന്തരമായി ടൂറിസം മേഖലയെ മാറ്റുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നാല് പ്രധാന ഗള്‍ഫ് വിമാനക്കമ്പനികള്‍ ഏകദേശം 15 കോടി യാത്രക്കാരെ വഹിച്ചു. അതില്‍ ഏഴ് കോടി പേര്‍ മാത്രമാണ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള കണക്റ്റിവിറ്റിയും ലക്ഷ്യസ്ഥാനങ്ങളുടെ സംയോജനവും വര്‍ധിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണിത്. സൗദിയുടെ വിഷന്‍ 2030 ടൂറിസം, വിനോദം, സംസ്‌കാരം എന്നിവയ്ക്ക് വിപുലമായ അവസരങ്ങള്‍ തുറന്നിട്ടിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിവര്‍ഷം 10 കോടി സന്ദര്‍ശകര്‍ എന്ന മുന്‍ ലക്ഷ്യത്തെ സൗദി മറികടന്നിട്ടുണ്ട്. 2030 ആകുമ്പോഴേക്കും 10 കോടി ആഭ്യന്തര സന്ദര്‍ശകരും അഞ്ച് കോടി അന്താരാഷ്ട്ര സന്ദര്‍ശകരും ഉള്‍പ്പെടെ 15 കോടി സന്ദര്‍ശകര്‍ എന്ന പുതിയ ലക്ഷ്യം നേടും. 2019ല്‍ ജി.ഡി.പിയില്‍ ടൂറിസത്തിന്റെ സംഭാവന മൂന്ന് ശതമാനം ആയിരുന്നത് 2024ല്‍ അഞ്ച് ശതമാനം ആയി ഉയര്‍ന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിഷന്‍ 2030 ആരംഭിച്ചതിനുശേഷം ടൂറിസം മേഖലയിലെ നിക്ഷേപം 300 ബില്യണ്‍ ഡോളര്‍ കവിഞ്ഞിട്ടുണ്ട്. അതില്‍ പകുതിയും സ്വകാര്യ മേഖലയില്‍ നിന്നാണ്. ജിദ്ദ സെന്‍ട്രല്‍ പ്രോജക്റ്റ് പോലുള്ള പ്രധാന പദ്ധതികള്‍ വികസിപ്പിക്കുന്നതില്‍ പൊതു നിക്ഷേപ ഫണ്ടിന്റെ തുല്യ പങ്കാളിയായി സ്വകാര്യ മേഖല മാറിയിരിക്കുന്നു. റെഡ് സീ പദ്ധതിയിലെ 50 റിസോര്‍ട്ടുകള്‍ 2030 ആകുമ്പോഴേക്കും തയ്യാറാകും. അതില്‍ 12 എണ്ണം ഇതിനകം പ്രവര്‍ത്തനക്ഷമമാണ്. വരുന്ന ഡിസംബറില്‍ സിക്‌സ് ഫ്‌ലാഗ്‌സ് തീം പാര്‍ക്ക് ആരംഭിക്കും.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടൂറിസം പദ്ധതികള്‍ തുറക്കുന്നതിന്റെ വേഗത ത്വരിതഗതിയിലാകുമെന്നും മന്ത്രി സൂചിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ താമസക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രണ്ട് മിനിറ്റില്‍ കൂടാത്ത ഇലക്ട്രോണിക് നടപടിക്രമങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി സൗദി ടൂറിസ്റ്റ് വിസ സംവിധാനം വിപുലീകരിച്ചിട്ടുണ്ടെന്നും ഉംറ സന്ദര്‍ശകരെ മറ്റ് ജി.സി.സി രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള യാത്രകള്‍ നീട്ടാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: