അവര്‍ മരണത്തില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ല ; ഞാന്‍ കാത്തിരിക്കുന്നത് ഗോവിന്ദച്ചാമിയുടെ മരണവാര്‍ത്ത ; വര്‍ക്കലയിലെ കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് സൗമ്യയുടെ അമ്മ ‘ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പേടിയില്ലാതെ സഞ്ചരിക്കാന്‍ ട്രെയിനുകളില്‍ സുരക്ഷ ശക്തമാക്കണം

എന്റെ മോളുടെ അവസ്ഥ ഇനിയീ ഭൂമിയില്‍ ഒരാള്‍ക്കും വരരുതേ എന്ന് കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
പക്ഷേ എന്നിട്ടും…
ഷൊര്‍ണൂരിനടുത്തെ വീട്ടിലിരുന്ന്
പറഞ്ഞ് മുഴുമിപ്പിക്കാന്‍ ആവാതെ സുമതി വിതുമ്പി. കേരളത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത സൗമ്യയുടെ അമ്മയാണ് സുമതി.
വര്‍ക്കലയില്‍ മദ്യപിച്ച് ലക്ക് കെട്ട ഒരാള്‍ ട്രെയിനില്‍
നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയുടെ വാര്‍ത്ത അറിഞ്ഞത് മുതല്‍ സുമതി പ്രാര്‍ത്ഥിക്കുകയാണ്, ഗുരുതരാവസ്ഥയില്‍ നിന്ന് ആ മോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരണമേ എന്ന്…
സൗമ്യ ഓര്‍മ്മയായി 15 വര്‍ഷം ആകുമ്പോഴും ട്രെയിനുകളിലെ സുരക്ഷിതത്വമില്ലായ്മയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് സുമതി പറഞ്ഞു.
മദ്യപിച്ചും ലഹരി മരുന്നുപയോഗിച്ചും എത്തുന്നവരെ ട്രെയിനില്‍ കയറ്റാതിരിക്കാന്‍ അവരെ തടയാന്‍ ഒരു സംവിധാനവും നമുക്കില്ല.
ട്രെയിനിലായാലും ബസിലായാലും ഇങ്ങനെയുള്ളവര്‍ ഭീഷണിയായി അതില്‍ ഉണ്ടാകും.
ഇവരെ നിയന്ത്രിക്കാനാണ് തടയാനാണ് അധികാരികളും ബന്ധപ്പെട്ടവരും ശ്രദ്ധിക്കേണ്ടത്.
സ്ത്രീകള്‍ക്ക് ട്രെയിനിലും ബസിലും സുരക്ഷിതത്വം ഇല്ലാതാവുന്നത് ഇക്കൂട്ടര്‍ മൂലമാണ്.
അന്ന് എന്റെ മകള്‍ സൗമ്യ, ഇപ്പോഴിതാ വേറെ ഏതോ ഒരു അമ്മയുടെ മകള്‍…
പേടിയാണ് പെണ്‍കുട്ടികളെ ട്രെയിനില്‍ അയക്കാന്‍ – സുമതി കിതപ്പോടെ പറഞ്ഞു നിര്‍ത്തി.
ഒന്നും നഷ്ടപ്പെടാത്തവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടവരുടെ വേദനയും ദുഃഖവും മനസ്സിലാകണമെന്നില്ല. ഞാന്‍ എല്ലാം നഷ്ടപ്പെട്ടവളാണ്. അന്നും ഇന്നും ഞാന്‍ ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രെയിനില്‍ സുരക്ഷിതരായി സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കണം, സുരക്ഷ ഒരുക്കണം.
ഏതെങ്കിലും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ രണ്ടുദിവസം എല്ലാം ഉണ്ടെന്ന് കാണിക്കും. പിന്നെ എല്ലാവരും അത് മറക്കും, ഏര്‍പ്പെടുത്തിയ സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതാകും, അതാണ് ഇത്ര വര്‍ഷവും കണ്ടത് – ചുമരിലെ സൗമ്യയുടെ ചിത്രം നോക്കി അവര്‍ പറഞ്ഞു.
എന്റെ മകളെ കൊന്നവന്‍ സുഖമായി ജയിലില്‍ കിടക്കുന്നില്ലേ – വേദനയും ദേഷ്യവും ഉള്ളിലൊതുക്കി സുമതി ചോദിച്ചു.
അവന്റെ മരണവാര്‍ത്ത അറിയാനാണ് ഞാന്‍ കാത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി ഒരുപാട് ഫോണ്‍ കോളുകള്‍ ഏതെല്ലാമോ നമ്പറുകളില്‍ നിന്ന് വന്നിരുന്നു.
ഞാന്‍ ഫോണ്‍ എടുത്തില്ല. വര്‍ക്കലയിലെ കുട്ടിയുടെ കാര്യം പറയാന്‍ വേണ്ടി വിളിച്ചവരാണ് എന്ന് പിന്നീടാണ് മനസ്സിലായത്.
എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ആഗ്രഹം ഗോവിന്ദച്ചാമി മരിച്ചു എന്ന വിവരം അറിയിക്കാന്‍ ആരെങ്കിലും വിളിച്ചതാകണേ എന്നായിരുന്നു – മറച്ചുവെക്കാതെ സുമതി പറഞ്ഞു.
മരണത്തില്‍ കുറഞ്ഞ ഒരു ശിക്ഷയും അവര്‍ അര്‍ഹിക്കുന്നില്ല.
അത് ഗോവിന്ദച്ചാമി ആയാലും ഇപ്പോള്‍ വര്‍ക്കലയില്‍ ആ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ആയാലും..
ഗോവിന്ദച്ചാമി ജയില്‍ ചാടിയപ്പോള്‍ ഏറെ ഭയന്നുവെന്നും ഇനിയും പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുമല്ലോ എന്നായിരുന്നു പേടിയെന്നും അവര്‍ പറഞ്ഞു.
ട്രെയിനുകളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായി പോകാന്‍ വേണ്ട സുരക്ഷ നിര്‍ബന്ധമായും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിശദമായ ഒരു അപേക്ഷ തന്നെ സമര്‍പ്പിക്കാനുള്ള ആലോചനയും സുമതിയുടെ മനസ്സിലുണ്ട്.
അത് നടക്കുമോ എന്നറിയില്ല, അങ്ങനെ കത്തയക്കാനും നിവേദനം കൊടുക്കാനുമൊക്കെ പറ്റുമോ എന്ന് പോലും അറിയില്ല. അന്വേഷിച്ചു നോക്കണം – മകള്‍ നഷ്ടപ്പെട്ട ഒരു അമ്മയുടെ വേദനകള്‍ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളായി മനസ്സില്‍ ഒതുക്കി സുമതി പറഞ്ഞു.
വര്‍ക്കലയിലെ കുട്ടിയുടെ കാര്യം കേട്ടപ്പോള്‍ കേരളം ഓര്‍ത്തത് സൗമ്യയെയാണ്, ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ മേടിച്ചു കൊടുക്കാനായി കോടതി കയറിയിറങ്ങിയ അമ്മ സുമതിയെയാണ്.
ഇനി ഗോവിന്ദച്ചാമിയെ കണ്ടാല്‍ ഒരുപക്ഷേ ഞാന്‍ തളര്‍ന്ന് വീണു മരിക്കും.
സൗമ്യ മരിച്ച ശേഷം ട്രെയിനില്‍ കയറുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയാണ്.
എന്റെ മോള്‍ ഇങ്ങനെ ട്രെയിനില്‍ ഇരുന്നു വന്നതല്ലേ എന്നാലോചിക്കുമ്പോള്‍ ഉള്ള് പിടയും, വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷന്‍ കാണുമ്പോള്‍, അവിടെ എത്തുമ്പോള്‍ ഇവിടെ വെച്ചല്ലേ അവന്‍ എന്റെ മകളെ തള്ളിയിട്ടത് എന്നോര്‍ത്ത് ഹൃദയം പിടയും…
കണ്ണീര്‍ തുടച്ചു കൊണ്ട് സുമതി പറഞ്ഞു നിര്‍ത്തി.






