വണ്ടര്‍ ഗേള്‍സ്! നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യന്‍ പെണ്‍പടയുടെ കന്നിക്കൊയ്ത്ത്; ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു വീഴ്ത്തി; ദീപ്തിയും ഷെഫാലിയും തിളങ്ങി; ഞെട്ടിച്ച് ഇന്ത്യയുടെ ഫീല്‍ഡിംഗ്
രണ്ട് ഓള്‍റൗണ്ടര്‍മാരാണ് കലാശപ്പോരില്‍ ഇന്ത്യയുടെ നെടുംതൂണായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ദീപ്തി ശര്‍മയും ഷെഫാലി വര്‍മയും. അര്‍ധസെഞ്ചറി നേടിയ ഇരുവരും ബോളിങ്ങില്‍ യഥാക്രമം അഞ്ചും രണ്ടും വിക്കറ്റ് വീഴ്ത്തി.

നവിമുംബൈ: ഒരിഞ്ചുപോലും കാല്കുത്താന് ഇടയില്ലാത്ത ഗാലറിയെ സാക്ഷിയാക്കി ഏകദിനത്തിലെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു വീഴ്ത്തിയാണ് ഇന്ത്യ ലോക ചാംപ്യന്മാരായത്. ഇന്ത്യ ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് ഓള്‍ഔട്ടായി. സെഞ്ചറിയുമായി ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് (101) ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പൊരുതിയെങ്കിലും പിന്തുണ നല്കാന് ആരുമുണ്ടായില്ല. 2005, 2017 ലോകകപ്പ് ഫൈനലുകളില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക്, മൂന്നാം ശ്രമത്തില്‍ സ്വപ്നസാഫല്യം.
രണ്ട് ഓള്‍റൗണ്ടര്‍മാരാണ് കലാശപ്പോരില്‍ ഇന്ത്യയുടെ നെടുംതൂണായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ദീപ്തി ശര്‍മയും ഷെഫാലി വര്‍മയും. അര്‍ധസെഞ്ചറി നേടിയ ഇരുവരും ബോളിങ്ങില്‍ യഥാക്രമം അഞ്ചും രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍, ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കു ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ലോറയും ടാസ്മിന്‍ ബ്രിട്ട്സും (23) ചേര്‍ന്ന് 51 റണ്‍സെടുത്തു. ടാസ്മിനെ റണ്ണൗട്ടാക്കി അമന്‍ജോത് കൗര്‍ തന്നെയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ഒരറ്റത്ത് ലോറ നിലയുറപ്പിച്ചെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ പിടിമുറുക്കി. തന്റെ അടുത്തടുത്ത ഓവറുകളില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയ ഷെഫാലി നല്കിയ ‘ഇംപാക്ട്’ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
30ാം ഓവറില്‍ സിനാലോ ജാഫ്തയെ (16) പുറത്താക്കിയാണ് ദീപ്തി വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നീട് പത്ത് ഓവറോളം വിക്കറ്റ് പോകാതെ ദക്ഷിണാഫ്രിക്ക പൊരുതി. 40ാം ഓവറില്‍ ആനെറി ഡെര്‍ക്സെനി (35) വീഴ്ത്തി വീണ്ടും ദീപ്തി കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടിനെ 42ാം ഓവറില്‍ ദീപ്തിയുടെ പന്തില്‍ അമന്‍ജോത് കൗറാണ് കയ്യിലൊതുക്കിയത്. പല തവണ കയ്യില്‍നിന്നു തെന്നിമാറിയ പന്ത് ഒടുവില്‍ അമന്‍ജോത് പിടിയിലാക്കുകയായിരുന്നു.
……..
Congratulations to #TeamIndia on winning their maiden ICC Women's Cricket World Cup
Take. A. Bow #WomenInBlue | #CWC25 | #Final | #INDvSA pic.twitter.com/rYIFjasxmc
— BCCI Women (@BCCIWomen) November 2, 2025
സെമി ഫൈനലിലും സെഞ്ചറിയടിച്ച ലോറയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചറിയായിരുന്നു ഇന്നത്തേത്. ലോറ ഔട്ടായതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. 45ാം ഓവറിലെ അവസാന പന്തില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്‍പതാം വിക്കറ്റും വീണു. ജയത്തിലേക്ക് പിന്നെ ഒരു വിക്കറ്റിന്റെ മാത്രം അകലം. 46ാം ഓവറിന്റെ മൂന്നാം പന്തില്‍ ദീപ്തി തന്നെ ആ കര്‍ത്തവ്യം നിര്‍വഹിച്ചു. നോന്‍കുലുലോകോ മ്ലാബയെ നദീന്‍ ഡി ക്ലെര്‍ക്കിനെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കൈകളില്‍ എത്തിച്ചപ്പോള്‍ ഇന്ത്യ കയ്യിലൊതുക്കിയത് ലോകകിരീടം കൂടിയാണ്.
ലോകകപ്പിലേക്ക് ‘വൈള്‍ഡ് കാര്‍ഡ് എന്‍ട്രി’ നടത്തിയ ഷെഫാലിയുടെയും (78 പന്തില്‍ 87), പരിചയസമ്പന്നയായ ദീപ്തി ശര്‍മയുടെയും (58 പന്തില്‍ 58) അര്‍ധസെഞ്ചറി, അവസാന ഓവറുകളില്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെ (24 പന്തില്‍ 34) ‘കാമിയോ’. കന്നിക്കിരീടത്തിലേക്കുള്ള ‘അടിത്തറ’ ബാറ്റര്‍മാര്‍ ചേര്‍ന്നാണ് ഒരുക്കിയത്. വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണിങ് വിക്കറ്റില്‍ സ്മൃതി മന്ഥനയും (58 പന്തില്‍ 45) ഷെഫാലി വര്‍മയും (78 പന്തില്‍ 87) ചേര്‍ന്ന സെഞ്ചറി കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ സ്മൃതിയും ഷെഫാലിയും ചേര്‍ന്ന് 104 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 64/0 എന്ന നിലയിലായിരുന്നു ഇന്ത്യ. 18ാം ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ മൂന്നക്കം കടന്നു. പിന്നാലെ വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്തയുടെ കയ്യില്‍ സ്മൃതിയെ എത്തിച്ച് ക്ലോയി ട്രയോണാണ് കൂട്ടുകെട്ട് പൊളിച്ചത്.

എട്ടു ഫോറാണ് സ്മൃതിയുടെ ബാറ്റില്‍നിന്നു പിറന്നത്. തൊട്ടടുത്ത പന്തില്‍ ഷെഫാലി വര്‍മ അര്‍ധസെഞ്ചറി പിന്നിട്ടു. 49 പന്തിലാണ് ഫൈനലില്‍ ഷെഫാലിയുടെ ഫിഫ്റ്റി. രണ്ടു സിക്സും ഏഴു ഫോറുമടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ‘ട്വന്റി20 ഇന്നിങ്സ്’. അതിവേഗം സെഞ്ചറിയിലേക്കു കുതിച്ച ഷെഫാലിയെ, 28ാം ഓവറില്‍ അയബോംഗ ഖാക്കയാണ് വീഴ്ത്തിയത്. രണ്ടാം വിക്കറ്റില്‍ ഷെഫാലി ജമീമ സഖ്യം 62 റണ്‍സ് എടുത്തു. തന്റെ തന്നെ തൊട്ടടുത്ത ഓവറില്‍ ജമീമയെയും ഖാക്ക പുറത്താക്കുകയായിരുന്നു.
പിന്നീട് കരുതലോടെ കളിച്ച ഹര്‍മന്‍പ്രീതും ദീപ്തിയും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയെങ്കിലും അധികനേരം നീണ്ടില്ല. 39ാം ഓവറില്‍ ഹര്‍മന്‍പ്രീതിന്റെ വിക്കറ്റ് നോന്‍കുലുലേകോ മ്ലാബ തെറിപ്പിച്ചു. ഇതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. 44ാം ഓവറില്‍ അമന്‍ജോത് കൗറിനെ റിട്ടേണ്‍ ക്യാച്ചിലൂടെ നദീന്‍ ഡി ക്ലെര്‍ക്കും പുറത്താക്കി. ഇതിനുശേഷമെത്തിയ റിച്ച ഘോഷ്, ദീപ്തിയുമായി ചേര്‍ന്നു നടത്തിയ ബാറ്റിങ്ങാണ് ഇന്ത്യന്‍ സ്കോര്‍ 300നു തൊട്ടടുത്തു വരെ എത്തിച്ചത്. ഒരു സിക്സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു ദീപ്തിയുടെ ഇന്നിങ്സ്. റിച്ച രണ്ടു സിക്സും മൂന്നു ഫോറുമടിച്ചു. 49ാം ഓവറില്‍ റിച്ച പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ഇന്നിങ്സിനെ അവസാന പന്തില്‍ ദീപ്തി റണ്ണൗട്ടായി. രാധ യാദവ് (3 പന്തില്‍ 3*) പുറത്താകാതെ നിന്നു.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനല്‍ വിജയിച്ച അതേ പ്ലേയിങ് ഇലവനുമായിട്ടാണ് കലാശപ്പോരിലും ഇന്ത്യ ഇറങ്ങുന്നത്. ഈ ലോകകപ്പില്‍ കളിച്ച 9 മത്സരങ്ങളില്‍ എട്ടു തവണയും ഹര്‍മന്‍പ്രീതിനു ടോസ് നഷ്ടപ്പെട്ടു. ബംഗ്ലദേശിനെതിരായ മത്സരത്തില്‍ മാത്രമാണ് ടോസ് ഭാഗ്യം ഒപ്പം നിന്നത്. എന്നാല്‍ ആ മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു.
മഴയെ തുടര്‍ന്നു രണ്ടു മണിക്കൂര്‍ വൈകിയാണ് ടോസ് ഇട്ടത്. എങ്കിലും ഓവറുകള്‍ ചുരുക്കിയിട്ടില്ല. രണ്ടരയ്ക്കു നിശ്ചയിച്ചിരുന്ന ടോസ്, ഔട്ടഫീല്‍ഡില്‍ നനവിനെ തുടര്‍ന്ന് മൂന്നു മണിക്ക് ഇടുമെന്ന് അറിയിച്ചിങ്കിലും വീണ്ടും മഴയെത്തിയതോടെ സാധിച്ചില്ല. പിന്നീടാണ് 4.32ന് ടോസ് ഇടുമെന്ന് അറിയിപ്പ് വന്നത്.






