‘കെട്ടിടങ്ങള്‍ തകര്‍ത്താല്‍ ആണവ പദ്ധതി ഇല്ലാതാക്കാനാകില്ല, പൂര്‍വാധികം ശക്തമായി പുനര്‍ നിര്‍മിക്കും’; വീണ്ടും പ്രകോപനവുമായി ഇറാനിയന്‍ പ്രസിഡന്റ്; ആക്രമണത്തിന് ഉത്തരവിടുമെന്ന് മുന്നറിയിപ്പ് നല്‍കി ട്രംപ്

ദുബായ്: ഇസ്രയേലുമായുള്ള യുദ്ധത്തില്‍ തകര്‍ന്ന ആണവ സംവിധാനങ്ങള്‍ പൂര്‍വാധികം ശക്തമായി പുനര്‍നിര്‍മിക്കുമെന്ന് ഇറന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ആണവായുധങ്ങള്‍ക്കായി ഇതുപയോഗിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, ടെഹ്‌റാന്‍ ആണവ പദ്ധതികള്‍ പുനരാരംഭിച്ചാല്‍ പുതിയ ആക്രമണത്തിന് ഉത്തരവിടുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ സന്ദര്‍ശിച്ചശേഷമാണ് ഇറാനിയന്‍ സ്‌റ്റേറ്റ് മീഡിയയ്ക്കു നല്‍കിയ പ്രതികരണത്തില്‍ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മിക്കുമെന്നതടക്കം പ്രഖ്യാപിച്ചത്. കെട്ടിടങ്ങള്‍ തകര്‍ത്തതുകൊണ്ടുമാത്രം ഇറാന്റെ ആണവ നിര്‍മിതികള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ കൂടുതല്‍ കരുത്തോടെ എല്ലാം പുനര്‍നിര്‍മിക്കുമെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കുനേരേ യുഎസ് ആക്രമണം നടത്തിയത്. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. എന്നാല്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് നിര്‍മിക്കുന്നതെന്ന് ആവര്‍ത്തിക്കുകയാണു പെസഷ്‌കിയാന്‍.
യുദ്ധത്തിനു പിന്നാലെ ആണവ കരാറുകളുടെ ലംഘനം ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ഉപരോധം ഇറാനെ അടിമുടി തകര്‍ത്തിട്ടുണ്ട്. ഉപരോധത്തോടെ വിദേശത്തുള്ള ഇറാനിയന്‍ ആസ്തികള്‍ വീണ്ടും മരവിപ്പിച്ചു. ടെഹ്‌റാനുമായുള്ള ആയുധ ഇടപാടുകള്‍ നിര്‍ത്തി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ വികസനത്തിന് സഹായിക്കുന്നവര്‍ക്ക് പിഴ ചുമത്തുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഇറാനിയന്‍ പ്രസിഡന്റ് കൂടുതല്‍ പ്രകോപനപരമായി പ്രസ്താവനയുമായി രംഗത്തുവന്നത്.
2015 ല്‍ ആരംഭിച്ച ഉപരോധമാണ് ഇറാനെതിരെ പുനരാരംഭിച്ചത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് സ്നാപ് ബാക്ക് പ്രഖ്യാപിച്ചിരിക്കയാണ്. 2015- ലാണ് ഇറാന്‍, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മ്മനി (പി 5+1) എന്നിവരുടെ ഇടയില്‍ ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്്ഷന്‍ (ജെസിപിഒഎ)അഥവാ ഇറാന്‍ ആണവകരാര്‍ ഒപ്പുവച്ചത്.
കരാര്‍ പ്രകാരം, ഇറാന്‍ തന്റെ ആണവ പരിപാടിയില്‍ നിയന്ത്രണം വരുത്തിയാല്‍ അവര്‍ക്ക് മേല്‍ ചുമത്തിയ അന്താരാഷ്ട്ര ഉപരോധങ്ങളും എടുത്തുകളയുക എന്ന നിലപാടായിരുന്നു. ഇറാന്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ഏതെങ്കിലും പങ്കാളി രാജ്യം ആരോപിച്ചാല്‍ ഈ കരാര്‍ പൊളിയും എന്നായിരുന്നു നിബന്ധന.
ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ ഇറാന്റെ റിയാലും തകര്‍ന്നടിഞ്ഞു. യുഎസ് ഡോളറിനെതിേര 1,123,000 എന്ന നിലയിലാണ് റിയാലിന്റെ സ്ഥിതി. ഇനി മുതല്‍ ഇറാന് ആയുധ വ്യാപാരങ്ങളോ യുറേനിയം സമ്പുഷ്ടീകരണമോ നിയമപരമായി സാധ്യമല്ല. ഇറാന്‍ പൗരന്‍മാര്‍ക്കുള്ള യാത്രാ വിലക്ക്, ആസ്തി മരവിപ്പിക്കല്‍, ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതിക്ക് ഉപയോഗിക്കുമെന്നു കരുതുന്ന എല്ലാ വസ്തുക്കളുടെയും വിതരണ നിയന്ത്രണം എന്നിവയെല്ലാം ഉപരോധത്തില്‍ ഉള്‍പ്പെടും.
Tehran will rebuild its nuclear facilities “with greater strength”, Iran’s President Masoud Pezeshkian told state media on Sunday, adding that the country does not seek a nuclear weapon.
U.S. President Donald Trump has warned that he would order fresh attacks on Iran’s nuclear sites should Tehran try to restart facilities that the United States bombed in June.






