മൂന്നുമാറ്റങ്ങളുമായി ഇറങ്ങി; ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ; തകര്‍ത്തടിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍; സഞ്ജുവിന്റെ സ്ഥാനം ഇനി ബെഞ്ചിലാകുമോ?

ഹൊബാര്‍ട്ട്: മൂന്നുമാറ്റങ്ങളുമായി മൂന്നാം മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം. മൂന്നു മാറ്റങ്ങളും ടീമിനെ വിജയത്തിലേക്കു നയിക്കുന്നതിനാണ് ഹൊബാര്‍ട്ടിലെ ബെല്ലെറിവ് ഓവല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യം ബോളിങ്ങില്‍ മൂന്നു വിക്കറ്റുമായി അര്‍ഷ്ദിപ് സിങ്ങും പിന്നീട് ബാറ്റിങ്ങില്‍ വാഷിങ്ടന്‍ സുന്ദറും (23 പന്തില്‍ 49*) സുന്ദറിന് ഉറച്ച പിന്തുണ നല്‍കിയ ജിതേഷ് ശര്‍മയും (13 പന്തില്‍ 22*). മൂന്നാം ട്വന്റി20 മത്സരത്തില്‍ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആറാം വിക്കറ്റില്‍ ഒന്നിച്ച വാഷിങ്ടന്‍ ജിതേഷ് സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇതോടെ പരമ്പരയില്‍ 1-1ന് ഇന്ത്യ ഒപ്പമെത്തി.
മറുപടി ബാറ്റിങ്ങില്‍, മികച്ച തുടക്കമാണ് ഓപ്പണിങ് ജോഡിയായ അഭിഷേക് ശര്‍മ ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയ്ക്കു നല്‍കിയത്. ഇരുവരും ചേര്‍ന്ന് 33 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. പതിവു പോലെ ബാറ്റര്‍മാരെ പ്രഹരിച്ച അഭിഷേക്, 2 സിക്‌സും 2 ഫോറുമാടിച്ചു. 16 പന്തില്‍ 25 റണ്‍സെടുത്ത അഭിഷേകിനെ നാലാം ഓവറില്‍ നാഥന്‍ എല്ലിസാണ് വീഴ്ത്തിയത്. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവും സ്‌കോറിങ് താഴാതെ നോക്കി. പവര്‍പ്ലേ അവസാനിക്കുന്നതിന് മുന്‍പ് ഗില്ലിന്റെ (12 പന്തില്‍ 15) വിക്കറ്റും ഇന്ത്യയ്ക്കു നഷ്ടമായി. അധികം വൈകാതെ സൂര്യകുമാര്‍ യാദവിനെയും (11 പന്തില്‍ 24). രണ്ടു സിക്‌സും ഒരു ഫോറുമാണ് സൂര്യകുമാര്‍ യാദവിന്റെ ബാറ്റില്‍നിന്നു പിറന്നത്.
പിന്നീട് ഒന്നിച്ച തിലക് വര്‍മ (26 പന്തില്‍ 29) അക്ഷര്‍ പട്ടേല്‍ (12 പന്തില്‍ 17) സഖ്യവും ലക്ഷ്യബോധ്യത്തോടെ ബാറ്റുവീശി. 12ാം ഓവറില്‍ അക്ഷറിനെ നാഥാന്‍ എല്ലിസും 15ാം തിലക് വര്‍മയെ സേവ്യര്‍ ബാര്‍ട്ടലെറ്റ് പുറത്താക്കുകയായിരുന്നു. തുടര്‍ന്നെത്തിയ വാഷിങ്ടനും ജിതേഷും അതിവേഗം സ്‌കോറിങ് ഉയര്‍ത്തിയതോടെ ഇന്ത്യ പെട്ടെന്നു ലക്ഷ്യത്തിലേക്ക് എത്തി. ഓസീസിനായി ടിം ഡേവിഡും മാര്‍ക്കസ് സ്റ്റോയിനിസും ബാറ്റു വീശിയ അതേ പാതയിലായിരുന്നു ഇരുവരുടെയും ബാറ്റിങ്. നാല് സിക്‌സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു വാഷിങ്ടന്റെ ഇന്നിങ്‌സ്. ജിതേഷ് ശര്‍മ, മൂന്നു ഫോറടിച്ചു. ഓസീസിനായി നാഥാന്‍ എല്ലിസ് മൂന്നു വിക്കറ്റും സേവ്യര്‍ ബാര്‍ട്ടലെറ്റ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
‘അടിച്ചു’കയറി ടിമ്മും സ്റ്റോയിനിസും
ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി, ആദ്യ രണ്ടു മത്സരങ്ങളില്‍ തന്നെ പുറത്തിരുത്തിയ തീരമാനം തെറ്റാണെന്ന് തെളിയിച്ച അര്‍ഷ്ദീപ് സിങ് നല്‍കിയ മിന്നും തുടക്കം ഇന്ത്യയ്ക്കു പക്ഷേ മുതലാക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഓസീസ്, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു.
അര്‍ധസെഞ്ചറി തികച്ച ടിം ഡേവിഡ് (38 പന്തില്‍ 74), മാര്‍ക്കസ് സ്റ്റോയിനിസ് (39 പന്തില്‍ 64) എന്നിവരുടെ ‘മിന്നല്‍പ്രഹരം’ ആണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി രണ്ടും ശിവം ദുബെ ഒരു വിക്കറ്റും വീഴ്ത്തി. പേസിനെ തുടണയ്ക്കുന്ന പിച്ചില്‍ ജസ്പ്രീത് ബുമ്രയ്ക്കു വിക്കറ്റൊന്നും വീഴ്ത്താനായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഇരട്ടപ്രഹരമാണ് ഇന്ത്യ നല്‍കിയത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ (4 പന്തില്‍ 6) അവര്‍ക്കു നഷ്ടമായി. പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയ അര്‍ഷ്ദീപ് സിങ്ങാണ്, ഹെഡിനെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ എത്തിച്ചത്. തന്റെ തൊട്ടടുത്ത ഓവറില്‍ ജോഷ് ഇംഗ്ലിസിനെ (7 പന്തില്‍ 1) അക്ഷറിന്റെ കൈകളിലും അര്‍ഷ്ദീപ് എത്തിച്ചു. ഇതോടെ 2.3 ഓവറില്‍ 2ന് 14 എന്ന നിലയിലാണ് ഓസീസ്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 2ന് 43 റണ്‍സെന്ന നിലയിലായിരുന്നു അവര്‍.
എന്നാല്‍ നാലാമനായി ക്രീസിലെത്തിയ ടിം ഡേവിഡ് കത്തിക്കയറിയതോടെ ഓസീസ് സ്‌കോര്‍ കുതിച്ചു. വെറും 23 പന്തിലാണ് ടിം ഡേവിഡ് അര്‍ധസെ?ഞ്ചറിയിലെത്തിയത്. ഇന്ത്യയ്‌ക്കെതിരെ ഒരു ഓസീസ് ബാറ്ററുടെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണിത്. 19 പന്തില്‍ അര്‍ധസെഞ്ചറി നേടിയ കാമറൂണ്‍ ഗ്രീന്‍ ആണ് ഒന്നാമത്. അഞ്ച് സിക്‌സും എട്ടു ഫോറുമാണ് ടിമ്മിന്റെ ബാറ്റില്‍നിന്നു പിറന്നത്. മൂന്നാം വിക്കറ്റില്‍ മാര്‍ഷും ടിമ്മും ചേര്‍ന്ന് 59 റണ്‍സെടുത്തെങ്കിലും ഇതില്‍ 5 റണ്‍സ് മാത്രമാണ് മാര്‍ഷിന്റെ സംഭാവന. 9ാം ഓവറില്‍ മാര്‍ഷിനെയും മിച്ചല്‍ ഓവനെയും (0) വരുണ്‍ ചക്രവര്‍ത്തി അടുത്ത പന്തുകളില്‍ പുറത്താക്കി.
പിന്നീട് ക്രീസിലെത്തിയ സ്റ്റോയിനിസും ടിമ്മിന്റെ അതേ ‘ഗിയറില്‍’ ബാറ്റു വീശിയതോടെ ഓസീസ് സ്‌കോര്‍ വീണ്ടും കുതിച്ചു. 32 പന്തിലാണ് സ്റ്റോയിനിസ് അര്‍ധസെഞ്ചറി നേടിയത്. 13ാം ഓവറില്‍ ടിമ്മിനെ വീഴ്ത്തി ശിവം ദുബെയാണ് കൂട്ടുകെട്ട് അവസാനിപ്പിച്ചത്. പിന്നീട് മാത്യു ഷോര്‍ട്ടിനെ (15 പന്തില്‍ 26*) കൂട്ടുപിടിച്ച് സ്റ്റോയിനിസ് ‘പ്രഹരം’ തുടര്‍ന്നു. രണ്ടു സിക്‌സും എട്ടു ഫോറുമാണ് സ്റ്റോയിനിസ് അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ അര്‍ഷ്ദീപാണ് സ്റ്റോയിനിസിനെ പുറത്താക്കിയത്.
സഞ്ജു പുറത്ത്
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റമുണ്ട്. സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ പുറത്തായപ്പോള്‍ ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് സിങ്, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ടീമിലേക്ക് എത്തി. ഓസീസ് ടീമിലും ഒരു മാറ്റമുണ്ട്. ജോഷ് ഹെയ്സല്‍വുഡിനു പകരം ഷോണ്‍ അബോട്ട് പ്ലേയിങ് ഇലവനിലെത്തി.
പ്ലേയിങ് ഇലവന്‍
ഇന്ത്യ: ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര
ഓസ്‌ട്രേലിയ: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്(വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു ഷോര്‍ട്ട്, ഷോണ്‍ അബോട്ട്, സേവ്യര്‍ ബാര്‍ട്ടലെറ്റ്, നഥാന്‍ എല്ലിസ്, മാത്യു കുഹ്നെമാന്‍






