പിഎം ശ്രീ: കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നു കേന്ദ്രം; വ്യക്തത ലഭിച്ചാല്‍ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം; സിപിഐയുടെ പിടിവാശിയില്‍ നഷ്ടമാകുന്നത് എസ്എസ്എയുടെ ഈ വര്‍ഷത്തെ തുക; സ്‌കോളര്‍ഷിപ്പുകള്‍ അടക്കം വൈകും

ന്യൂഡല്‍ഹി: പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിവില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. വ്യക്തത ലഭിച്ചശേഷം തുടര്‍ നടപടിയെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍, പി.എം. ശ്രീ പദ്ധതിയില്‍നിന്ന് പിന്‍മാറാന്‍ കേരളം തീരുമാനിച്ചാല്‍ സമഗ്ര ശിക്ഷാ അഭിയാന്റെ ഫണ്ട് തടയാന്‍ കേന്ദ്രത്തിന് കഴിയും.
പഞ്ചാബിനും സമാനമായി കേന്ദ്രം ഫണ്ട് തടഞ്ഞിരുന്നു. പിഎം ശ്രീ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം കരാര്‍ റദ്ദാക്കാനും പിന്‍വലിക്കാനും അധികാരമുള്ളത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ക്ക് മാത്രമാണ്. പിഎം ശ്രീയില്‍നിന്നു പിന്‍മാറുന്നുവെന്ന് പഞ്ചാബ് അറിയിച്ചതിന് പിന്നാലെ എസ്എസ്എയ്ക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞിരുന്നു. 515 കോടി രൂപ തടഞ്ഞതോടെ 2024 ജൂലൈ 26ന് പദ്ധതിയില്‍ ചേരാന്‍ പഞ്ചാബ് സന്നദ്ധത അറിയിക്കുകയായിരുന്നു.
മുന്നണിയോ മന്ത്രിസഭയോ ചര്‍ച്ചചെയ്താതെ കേന്ദ്ര ഫണ്ട് നേടിയെടുക്കാനുള്ള തന്ത്രം എന്നു പറഞ്ഞ് ഒപ്പിട്ട പി.എം.ശ്രീ കരാറാണ് ഊരാക്കുടുക്കാവുന്നത്. പി.എം.ശ്രീ കരാര്‍ താല്‍ക്കാലികമായി നിറുത്തിവെക്കാം എന്നല്ലാതെ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല.
സര്‍വ്വ അധികാരവും കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കുന്നതാണ് കരാര്‍. കരാര്‍ റദ്ദാക്കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമുള്ളതാണ്. ഏതുമാറ്റത്തിനും കേന്ദ്ര അംഗീകാരം വേണമെന്നും എം.ഒ.യു പറയുന്നു. സ്‌കൂളിന് പിഎം.ശ്രീ എന്ന പേരു നല്‍കിയാല്‍ അത് പീന്നീട് മാറ്റാനാകില്ല. എക്കാലവും പേര് അങ്ങനെ തന്നെ തുടരണം. അധ്യാപകരെ നിരന്തരം വിലയിരുത്താന്‍സംവിധാനം വരും. ഇതിന് പുറമെയുള്ള വിദഗ്ധരുടെ സേവനവും തേടും.
മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് നല്‍കും വരെ താല്‍ക്കാലികമായി പദ്ധതി നിറുത്തിവെക്കാം എന്നാല്‍ പിന്നീട് എന്തുചെയ്യും എന്നതാണ് സര്‍ക്കാരിന് മുന്നിലെ വലിയ ചോദ്യം. ഉപസമിതിക്ക് പരിശോധിക്കാമെന്നല്ലാതെ കാതലായ മാറ്റമൊന്നും പി.എം.ശ്രീയില്‍ വരുത്താനാവില്ലതാനും. കരാറിലെ വ്യവസ്ഥകള്‍ നിയമപരമായി ചോദ്യം ചെയ്യാന്‍ ഡല്‍ഹിയിലെ കോടതിയില്‍ പോകേണ്ടിവരും.
ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പാക്കും, മുഴുവന്‍സംസ്ഥാനത്തിനും ഇത് ബാധകമാണെന്നും എം.ഒ.യു പറയുന്നു. പിഎം ശ്രീ പദ്ധതി സ്‌കൂളുകളുടെ പ്രധാന ലക്ഷ്യം ഇതാണെന്നും എം.ഒ.യു അസന്നിഗ്ധമായി പറയുന്നുണ്ട്. അപ്പോള്‍ തല്‍ക്കാലം രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങളൊന്നും അത്രഎളുപ്പമാവില്ലെന്ന് ചുരുക്കം. സിപിഐയും ഇക്കാര്യം അംഗീകരിക്കേണ്ടവരും. അല്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുകയോ നിയമവഴി തേടുകയോവേണം.
അതേസമയം സിപിഐയുടെ പിടിവാശിയില്‍ കേരളത്തിനു നഷ്ടമാകുന്നത് പൊതുവിദ്യാഭ്യാസ രംഗത്തെ സ്‌കോളര്‍ഷിപ്പുകള്‍ക്കടക്കമുള്ള പണമാണ്. പുസ്തകം, യൂണിഫോം, ഗ്രാന്‍ഡുകള്‍ എന്നിവയ്ക്കും എസ്എസ്എ വഴിയാണ് പണം ചെലവാക്കുന്നത്. ഈ തുക മുടങ്ങുന്നതോടെ സാമ്പത്തികമായി ഞെരുങ്ങിയ സംസ്ഥാനത്തിന് മറ്റു വഴി കണ്ടെത്തേണ്ടിവരും. നേതാക്കളുടെ മക്കള്‍ സിബിഎസ്ഇ സിലബസില്‍ ദേശീയ വിദ്യാഭ്യാസ പദ്ധതിക്കു കീഴില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയ പിടിവാശിയുടെ പേരില്‍ കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് ലഭിക്കേണ്ട സഹായമാണ് സിപിഐ നേതാക്കള്‍ ഇല്ലാതാക്കുന്നതെന്ന വിമര്‍ശനം വ്യാപകമാണ്.





