പാക് സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ പാതയില്‍; മൈക്രോ സോഫ്റ്റിനു പിന്നാലെ വന്‍കിട കമ്പനികള്‍ കളമൊഴിയുന്നു; ആഭ്യന്തര സംഘര്‍ഷങ്ങള്‍ വെല്ലുവിളി; ടോട്ടല്‍ എനര്‍ജി മുതല്‍ ഫൈസര്‍വരെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

ഇസ്ലാമാബാദ്: ആഭ്യന്തര സംഘര്‍ഷങ്ങളും അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും വര്‍ധിച്ചതോടെ പാക്കിസ്താന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ പാതയിലാണ്. അന്തരീക്ഷം മോശമായതോടെ പാക്കിസ്താനില്‍ നിന്ന് വന്‍കിട കോര്‍പറേറ്റ് കമ്പനികളും പിന്‍മാറുന്ന തിരക്കിലാണ്. 25 വര്‍ഷമായി സാന്നിധ്യമുണ്ടായിരുന്ന മൈക്രോസോഫ്റ്റ് അടുത്തിടെയാണ് അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
ഷെല്‍ പെട്രോളിയം കമ്പനി, ടോട്ടല്‍ എനര്‍ജീസ്, ഫൈസര്‍, ടെലെനോര്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളാണ് അടുത്തിടെ പാക്കിസ്താന്‍ വിട്ടത്. മറ്റ് പല കമ്പനികളും പ്രവര്‍ത്തനം വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായി പിന്മാറാനൊരുങ്ങുകയോ ആണ്. സാമ്പത്തികരംഗം തകര്‍ന്നതും ബിസിനസ് അന്തരീക്ഷം മോശമായതും മാത്രമല്ല കമ്പനികളെ പാക്കിസ്ഥാന്‍ വിടാന്‍ പ്രേരിപ്പിക്കുന്നത്.
ദീര്‍ഘകാലടിസ്ഥാനത്തില്‍ പാക്കിസ്താനിലെ പ്രവര്‍ത്തനം മൂലം വലിയ നേട്ടം കാണുന്നില്ലെന്നാണ് പല കമ്പനികളും പറയുന്നത്. പാക്കിസ്താന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തര സംഘര്‍ഷങ്ങള്‍ പതിവായതും ആഗോള കമ്പനികളുടെ പിന്‍മാറ്റത്തിന് വഴിയൊരുക്കുന്നു.
പല ബ്രാന്‍ഡുകളും തങ്ങളുടെ പ്ലാന്റുകളും ബിസിനസുകളും പാക്കിസ്ഥാന്‍ കമ്പനികള്‍ക്ക് കുറഞ്ഞ തുകയ്ക്ക് കൈമാറുകയാണ്. ലോകത്തെ വന്‍കിട മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളിലൊന്നായ ടെലിനോര്‍ അടുത്തിടെയാണ് തങ്ങളുടെ കമ്പനി പാക്കിസ്താന്‍ ടെലികമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന് എ്ല്ലാം വിറ്റൊഴിഞ്ഞത്.
2005ലാണ് നോര്‍വീജിയന്‍ കമ്പനിയായ ടെലിനോര്‍ പാക്കിസ്താനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2017ല്‍ 80 മില്യണ്‍ ഡോളര്‍ മുടക്കി കമ്പനി പാക് മണ്ണിലെ ആസ്ഥാനമന്ദിരം പുതുക്കി പണിതിരുന്നു. 2022ലാണ് തങ്ങള്‍ പാക്കിസ്താന്‍ വിടുന്നതായി കമ്പനി പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന് എല്ലാം വിറ്റൊഴിവാകാനുള്ള ഇടപാടിന് ഒക്ടോബര്‍ ഒന്നിന് കോംബറ്റീഷന്‍ കമ്മീഷന്‍ ഓഫ് പാക്കിസ്ഥാന്‍ അനുമതി നല്കുകയും ചെയ്തു. കോവിഡ് വാക്സിന്‍ ഉള്‍പ്പെടെ വികസിപ്പിച്ച ഫൈസര്‍ പാക്കിസ്താനിലെ മാനുഫാക്ചറിംഗ് യൂണിറ്റ് ലക്കി കോര്‍ ഇന്‍ഡസ്ട്രീസിനാണ് വിറ്റത്.
ഇന്ത്യയുമായുള്ള ബന്ധം വഷളായ ശേഷം ചില അവശ്യ വസ്തുക്കള്‍ക്കായി പാക്കിസ്താന്‍ ആശ്രയിക്കുന്നത് അഫ്ഗാനിസ്താനെയാണ്. എന്നാല്‍ അഫ്ഗാനുമായും സംഘര്‍ഷം കനത്തതോടെ ചരക്കുഗതാഗതം താറുമാറായ അവസ്ഥയിലാണ്. തക്കാളിയുടെ വില പാക്കിസ്ഥാനില്‍ റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. ഇഞ്ചി ഉള്‍പ്പെടെയുളള വസ്തുക്കളുടെ വിലയും കൈവിട്ട നിലയിലാണ്.
അഫ്ഗാനുമായുള്ള ഭിന്നതയ്ക്ക് പാക് ഭരണകൂടം വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 40 ലക്ഷത്തോളം അഫ്ഗാനികള്‍ പാക്കിസ്ഥാനില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. ഇവരെ തിരിച്ചയയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ അതത്ര എളുപ്പമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.






