
ഇന്‍ഡോര്‍: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുനേരെ യുവാവിന്റെ ആക്രമണം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഫേയില്‍നിന്നു മടങ്ങുന്നതിനിടെയാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് രണ്ടു താരങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.
താരങ്ങളും മാനേജ്‌മെന്റും പോലീസില്‍ പരാതി നല്‍കിയതോടെയാണു വിവരം പുറത്തറിഞ്ഞത്. ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ടീമിന്റെ പക്കല്‍നിന്നു പരാതി ലഭിച്ചെന്നും രണ്ടു വനിതാ താരങ്ങള്‍ക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിതന്നെ കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവിനെ അറസ്റ്റ് ചെയ്‌തെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ഇന്‍ഡോര്‍ പോലീസ് പറഞ്ഞു.
ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്നും കര്‍ശനമായ നടപടിയെടുക്കണമെന്നും മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എംപിസിഎ) പറഞ്ഞു. വരും ദിവസങ്ങളില്‍ കളിക്കാരുടെ യാത്രയെക്കുറിച്ചു പദ്ധതി തയാറാക്കുമെന്നും ഇവര്‍ പറഞ്ഞു. ഐസിസി വനിതാ ലോകകപ്പില്‍ കളിക്കുന്ന ഓസ്‌ട്രേിലിയന്‍ ടീമില്‍ ഉള്‍പ്പെട്ടവരാണ് രണ്ടുപേരും. മറ്റു ടീം അംഗങ്ങള്‍ക്കൊപ്പം റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ഇവരുടെ താമസം.






