Breaking NewsIndiaLead NewsNEWSSportsTRENDING

മെസിയുടെ കളികാണാന്‍ ഇനിയും കാത്തിരിക്കണം; മത്സരത്തിന് ഫിഫയുടെ അനുമതിയില്ല; ഫിഫ പ്രതിനിധി വേദി സന്ദര്‍ശിക്കുന്നതിനു മുമ്പ് കളിയുടെ തീയതി തീരുമാനിച്ചതു വിനയായി; അടുത്ത വിന്‍ഡോയില്‍ ശ്രമിക്കുമെന്ന് മുഖ്യ സ്‌പോണ്‍സര്‍

കൊച്ചി: ഫുട്‌ബോളിന്റെ മിശിഹയുടെ കളി നേരിട്ടുകാണാന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കണം. കൊച്ചിയില്‍ നടക്കാനിരിക്കുന്ന കളി മാറ്റിവച്ചെന്നും ഫിഫയുടെ അനുമതി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ട്. നവംബറില്‍ അര്‍ജന്റീനന്‍ ടീമിന്റെ ഏക മത്സരം അങ്കോളയിലായിരിക്കുമെന്ന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനും സ്ഥിരീകരിച്ചു.
പിന്നാലെ മല്‍സരം നടത്താന്‍ ഫിഫ അനുമതി ലഭിച്ചില്ലെന്ന് മുഖ്യ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് എം.ഡി. ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി.

നവംബറില്‍ അര്‍ജന്റീന കളിക്കുന്നത് ഒരേയൊരു സൗഹൃദ മത്സരം. അത് നവംബര്‍ 14 ന് അഗോളയില്‍. ഇത് ശരിവച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ സ്ഥിരീകരണം. കൊച്ചിയില്‍ അര്‍ജന്റീനയുടെ എതിരാളി ആകേണ്ടിയിരുന്ന ഓസ്‌ട്രേലിയക്ക് നവംബറില്‍ ഉള്ളത് രണ്ട് മത്സരങ്ങള്‍. ആദ്യത്തേത് നംവംബര്‍ 14ന്. എതിരാളി വെനസ്വലേ. രണ്ടാം മത്സരം നവംബര്‍ 18ന്. എതിരാളി കൊളംബിയ. വേദി അമേരിക്കയും.

Signature-ad

രാജ്യാന്തര സൗഹൃദ മത്സര നടത്തിപ്പിനെക്കുറിച്ചോ, നിയമാവലിയെക്കുറിച്ചോ സ്‌പോണ്‍സര്‍ക്ക് ഒരുധാരണയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫിഫ അനുമതി ലഭിച്ചില്ലെന്ന സ്‌പോണ്‍സറുടെ സമ്മതമെന്നും ആരോപണമുണ്ട്. ഫിഫ പ്രതിനിധി മത്സര വേദി സന്ദര്‍ശിക്കുന്നതിന് മുമ്പേ സ്‌പോണ്‍സര്‍ മത്സരതീയതിയും, അര്‍ജന്റീന ടീമിനെയും പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ചില്‍ മല്‍സര സാധ്യത പരിഗണിക്കും എന്നാണ് ഇപ്പോള്‍ സ്‌പോണ്‍സര്‍ പറയുന്നത്. എന്നാല്‍ ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ അതിനുള്ള സാധ്യത വിരളമാണെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ പറയുന്നു. അതേസമയം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തികള്‍ തുടരുകയാണ്.

നവംബര്‍ വിന്‍ഡോയില്‍നിന്ന് മത്സരം മാറ്റിവയ്ക്കാനാണു ചര്‍ച്ചയ്ക്കുശേഷം തീരുമാനമായതെന്ന് ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. അടുത്ത തീയതി അടുത്ത ഇന്റര്‍നാഷണല്‍ വിന്‍ഡോയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മത്സരം മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. അടുത്ത ഷെഡ്യൂള്‍ തീരുമാനിക്കാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഫിഫ അധികൃതരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിന്റെ ആദ്യ പടിയെന്നോണം അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കൊച്ചി സ്‌റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. മെസിയുടെ മാസ്മരിക കളികള്‍ നേരിട്ടുകാണാന്‍ ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നും ഇതോടെ വ്യക്തമായി.

no-messi-in-kerala-next-month-as-argentina-match-in-kochi-delayed

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: