ഇന്ത്യയും ചൈനയും റഷ്യയെ കൈവിടുന്നോ? ട്രംപ് തെളിച്ച വഴിയെ പോയാൽ? എണ്ണ വില റോക്കറ്റ് വേഗതയിൽ കുതിക്കുന്നു

മുംബൈ: റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലൂക്കോയിലിനും അമേരിക്ക ഉപരോധം കൊണ്ടുവന്നതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുകയറി. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡിന് വ്യാഴാഴ്ചമാത്രം 5.29 ശതമാനമാണ് വില കൂടിയത്. ഇതോടെ വില വീപ്പയ്ക്ക് 65.90 ഡോളറിലേക്കെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില 5.71 ശതമാനം വർധനയോടെ 61.84 ഡോളറായും ഉയർന്നു.
റഷ്യൻ കമ്പനികൾക്ക് ഉപരോധം വന്ന സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യങ്ങളായ ചൈനയ്ക്കും ഇന്ത്യക്കും പുതിയ എണ്ണ സ്രോതസ്സുകൾ കണ്ടെത്തേണ്ടിവരും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതു തുടർന്നാൽ പാശ്ചാത്യരാജ്യങ്ങളുടെ ബാങ്കിങ് ശൃംഖലയിൽനിന്ന് പുറത്താകുമെന്നതാണ് പ്രതിസന്ധിയാകുക. ഈ സാഹചര്യത്തിൽ ഇന്ത്യൻ കമ്പനികൾ പുതിയ സ്രോതസ്സുകൾ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
യുക്രൈൻ യുദ്ധം എത്രയും വേഗം നിർത്താൻ റഷ്യയെ പ്രേരിപ്പിക്കുന്നതിനു ലക്ഷ്യമിട്ടാണ് ഉപരോധമെന്ന് അമേരിക്ക പറയുന്നു. റോസ്നെഫ്റ്റിനും ലൂക്കോയിലിനും പുറമേ ഇവയുടെ ഉപകമ്പനികൾക്കും ഇവയിൽനിന്ന് എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾക്കും അമേരിക്കൻ ഉപരോധം ബാധകമാണ്. രണ്ടു കമ്പനികൾക്കും കഴിഞ്ഞയാഴ്ച ഉപരോധം പ്രഖ്യാപിച്ചിരുന്നു.
2022-ൽ യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയശേഷം റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ കൂട്ടുകയായിരുന്നു. അന്താരാഷ്ട്ര വിലയിലും കുറഞ്ഞനിരക്കിലാണ് റഷ്യ ഇന്ത്യക്ക് എണ്ണ നൽകുന്നത്. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 30 മുതൽ 40 ശതമാനത്തിനടുത്ത് റഷ്യയിൽനിന്നാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില പിടിച്ചുനിർത്താൻ ഈ നീക്കം ഏറെ സഹായിക്കുകയും ചെയ്തു. ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കമ്പനികൾ ഗൾഫ് മേഖലയിൽ നിന്നടക്കം എണ്ണ വാങ്ങുന്നത് ഉയർത്തിയേക്കുമെന്നാണ് കരുതുന്നത്.






