പിഎം ശ്രീ പുകഞ്ഞുതുടങ്ങി… എൽഡിഎഫിൽ പൊട്ടിത്തെറി, സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസും വിദ്യാർഥി സംഘടനകളും, സർക്കാരിന്റെ നടപടി തികഞ്ഞ വഞ്ചനയും വിദ്യാർത്ഥി വിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയും- എഐഎസ്എഫ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതോടെ എൽഡിഎഫിനുള്ളിൽ തന്നെയുള്ള പൊട്ടിത്തെറിക്കു പുറമേ സംസ്ഥാന സർക്കാർ തീരുമാനത്തെ ആയുധമാക്കാനുറച്ച് കോൺഗ്രസും വിദ്യാഭ്യാസ സംഘടനകളും. കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന സംഘടനകൾ പ്രക്ഷോഭത്തിലേക്ക് കടക്കും. സംസ്ഥാന വ്യാപക സമരത്തിനാണ് കെഎസ്യു ഒരുങ്ങുന്നത്. കെഎസ്യുവിന് പുറമെ യൂത്ത് കോൺഗ്രസ്സും സമരത്തിലേക്കിറങ്ങും. പിഎം ശ്രീ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് നടത്താനിരിക്കുന്ന സമരങ്ങളുടെ പ്രഖ്യാപനം ഇന്നുണ്ടാകും.
അതേസമയം പാർട്ടിയുടെ എതിർപ്പ് തള്ളി പിഎം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെ കടുത്ത തീരുമാനങ്ങളിലേക്ക് സിപിഐയും കടക്കുന്നുവെന്ന് സൂചന. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്. വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും മുഖവിലയ്ക്കെടുക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സിപിഐയുടെ നിലപാട്. യാതൊരു മുന്നണി മര്യാദയും കാണിക്കാതെയാണ് സിപിഎം ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് ബിനോയ് വിശ്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതുപോലെ സിപിഎം ദേശീയ നേതൃത്തെ എതിർപ്പ് അറിയിക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ തീരുമാനത്തിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയെ എബിവിപി അഭിനന്ദിച്ചു. എബിവിപി നേതാക്കൾ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് അനുമോദിച്ചത്. രൂക്ഷ ഭാഷയിൽ വിമർശിച്ചാണ് എഐഎസ്എഫും സിപിഐ അധ്യാപക സംഘടന എകെഎസ്ടിയുവും രംഗത്തെത്തിയത്. സംസ്ഥാന സർക്കാരിന്റെ നടപടി തികഞ്ഞ വഞ്ചനയും വിദ്യാർത്ഥി വിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എഐഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ ഇതിന്റെ ഭാഗമാകുന്ന 34ാമത്തെ ഭരണസംവിധാനമായി കേരളം മാറി. പിന്നാലെ തടഞ്ഞു വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം അറിയിച്ചു. 1500 കോടി രൂപ ആദ്യ ഗഡുവായി ഉടൻ സംസ്ഥാനത്തിന് കൈമാറും.






