ഏഷ്യാ കപ്പ് ഐസിസിയുടേത് ഇന്ത്യക്ക് ഉടന്‍ കൈമാറിയില്ലെങ്കില്‍ വിവരമറിയും ; ശക്തമായ മുന്നറിയിപ്പ് നല്‍കി ബിസിസിഐ ; ദുബായില്‍ വന്ന് തന്നോട് വാങ്ങിക്കൊള്ളാന്‍ നഖ്‌വി

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് കിരീടം ഉടന്‍ തന്നെ ചാമ്പ്യന്മാരായ ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ എസിസി മേധാവി മൊഹ്സിന്‍ നഖ്വിക്ക് ഔദ്യോഗിക ഇമെയില്‍ അയച്ചു. പാകിസ്ഥാനെതിരായ ഫൈനലില്‍ വിജയിച്ച ശേഷം നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് ട്രോഫി കൈമാറേണ്ടതില്ലെന്ന് അദ്ദേഹം എസിസി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. ബിസിസിഐ നഖ്വിയില്‍ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്.
അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെങ്കില്‍ ഔദ്യോഗിക മെയില്‍ വഴി വിഷയം ഐസിസിക്ക് കൈമാറാനാണ് നീക്കം. ഫൈനലിന് ശേഷമുള്ള പോസ്റ്റ്-മാച്ച് അവതരണ ചടങ്ങില്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചതിനെത്തുടര്‍ന്ന് നിലവില്‍ ഏഷ്യാ കപ്പ് ദുബായിലെ എസിസി ഓഫീസിലാണുള്ളത്.
ഈ പ്രശ്‌നത്തില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകളില്‍ നിന്ന് ബിസിസിഐക്ക് പിന്തുണ ലഭിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യക്ക് കിരീടം കൈമാറാന്‍ അവര്‍ നഖ്വിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ‘ശ്രീലങ്കന്‍ ക്രിക്കറ്റും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടെ മറ്റ് അംഗ ബോര്‍ഡുകളുടെ പ്രതിനിധികളും ബിസിസിഐ സെക്രട്ടറിയും ബിസിസിഐയുടെ എസിസി പ്രതിനിധി രാജീവ് ശുക്ലയും കഴിഞ്ഞ ആഴ്ച എസിസി പ്രസിഡന്റിന് ട്രോഫി ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് കത്തയച്ചിരുന്നു. ‘എന്നാല്‍ ബിസിസിഐയില്‍ നിന്ന് ആരെങ്കിലും ദുബായില്‍ വന്ന് തന്നില്‍ നിന്ന് ട്രോഫി വാങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതിനാല്‍ ആ വിഷയത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. അദ്ദേഹത്തില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ബിസിസിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഈ വിഷയം മിക്കവാറും ഐസിസി യോഗത്തില്‍ തീരുമാനിക്കും.
പാകിസ്ഥാനെതിരായ ആവേശകരമായ മത്സരത്തില്‍ വിജയിച്ച ശേഷം, എസിസി മേധാവിയില്‍ നിന്ന് മെഡലുകളും ട്രോഫിയും സ്വീകരിക്കേണ്ടെന്ന് ഇന്ത്യന്‍ കളിക്കാര്‍ തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് നഖ്വി ഇന്ത്യന്‍ ടീമിന് പരമ്പരാഗതമായ സമ്മാനദാന ചടങ്ങ് നിഷേധിക്കുകയും ട്രോഫി മാറ്റാന്‍ എസിസി ഉദ്യോഗസ്ഥരോട് ഉത്തരവിടുകയും ചെയ്തു.
സെപ്തംബര്‍ 30-ന് നടന്ന എസിസി യോഗത്തില്‍ നഖ്വിയുടെ പെരുമാറ്റത്തെ ബിസിസിഐ അപലപിക്കുകയും ഏഷ്യാ കപ്പ് എസിസിയുടേതാണെന്ന് പറയുകയും ചെയ്തു. ഇന്ത്യക്ക് ട്രോഫി വേണമെങ്കില്‍, അവരുടെ ക്യാപ്റ്റന്‍ അത് വാങ്ങാന്‍ വ്യക്തിപരമായി ദുബായിലെ എസിസി ആസ്ഥാനത്ത് എത്തണമെന്ന് അദ്ദേഹം നിലപാടെടുത്തു.
ഫൈനലിന് ശേഷം ഉടന്‍ തന്നെ സമ്മാനിക്കേണ്ട ട്രോഫി വാങ്ങാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദുബായിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് വാദിച്ചുകൊണ്ട് ബിസിസിഐ ഈ വ്യവസ്ഥയെ ഉടന്‍ തള്ളിക്കളഞ്ഞു. ഈ തര്‍ക്കം ഇരു ക്രിക്കറ്റ് രാജ്യങ്ങള്‍ക്കുമിടയിലെ നിലവിലുള്ള പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയും ഇന്ത്യയുടെ ഏഷ്യാ കപ്പ് 2025 വിജയത്തില്‍ ഒരു നിഴല്‍ വീഴ്ത്തുകയും ചെയ്തിരിക്കുകയാണ്.






