ട്രംപിന്റെ കരാര്‍ ഇഴയുന്നു; കൊല്ലപ്പെട്ട ബന്ദികളുടെ കൈമാറ്റം വൈകിപ്പിച്ച് ഹമാസ്; രോഗികളെ ഒഴിപ്പിച്ച് ജോര്‍ദാനിയന്‍ ആശുപത്രി പിടിച്ചെടുത്തു സൈനിക താവളമാക്കി; സഹായം നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നു മുന്നറിയിപ്പ് നല്കി ഇസ്രയേല്‍; ഗാസ വീണ്ടും സംഘര്‍ഷത്തിലേക്ക്?
പാലസ്തീനികളായ ആളുകളെ തോക്കിന്മുനയില് പുറത്തേക്ക് ഒഴിപ്പിച്ചശേഷമാണ് കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. യുദ്ധത്തിനുമുമ്പ് ആശുപത്രിയുടെ നിലകള്‍ ഹമാസിന്റെ സൈനിക ബേസാക്കിയിരുന്നെന്ന് എതിരാളികളായ ദോഗ്മോഷ് ഗോത്രവും ഇസ്രയേലും ആരോപിച്ചു. തൊട്ടടുത്തുള്ള മെഡിക്കല്‍ സെന്ററിലേക്കു ടണലുകളും നിര്‍മിച്ചു.

ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട ബന്ദികള്‍ എവിടെയെന്ന് കണ്ടെത്താന്‍ കഴിയാതെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പാളുന്നു. ട്രംപിന്റെ കരാര്‍ അനുസരിച്ച് ഇസ്രയേല്‍- ഹമാസ് ധാരണ നിലവില്‍ വന്നാല്‍ 48 മണിക്കൂറിനുള്ളില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ബന്ദികളെ കൈമാറണം. എന്നാല്‍, 20 പേരെ കൈമാറിയത് ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ എവിടെയെന്നതു വ്യക്തമല്ല. ബന്ദികളെ കൈമാറാതെ ഹമാസ് അടിസ്ഥാനമുറപ്പിക്കാനും ജനങ്ങള്‍ക്കുമേല്‍ അധികാരം സ്ഥാപിക്കാനുമാണു ശ്രമിക്കുന്നതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ 10 മൃതശരീരങ്ങളാണു ഹമാസ് കൈമാറിയിട്ടുള്ളത്. ബാക്കിയുള്ളവരെ നല്കുന്നതു വൈകുന്നതിന് അനുസരിച്ച് കരാറിന്റെ നിലനില്പും പ്രതിസന്ധിയിലാകും. ഹമാസിനു വളരെയെളുപ്പത്തില്‍ മരിച്ച ബന്ദികളെ കണ്ടെത്താനും തിരിച്ചു നല്‍കാനും കഴിയും. ഇപ്പോള്‍ അവര്‍ ചെയ്യുന്നത് കരാറിലെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗീഡിയോണ് സാര്‍ പറഞ്ഞു. ശരീരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കുറച്ചു സമയം എടുക്കുമെന്നുമാണ് നിലവില്‍ ഹമാസിന്റെ നിലപാട്.
ബന്ദി കൈമാറ്റം വൈകിയാല്‍ ഗാസയിലേക്കുള്ള സഹായ വിതരണവും നിര്‍ത്തി വയ്ക്കേണ്ടിവരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടയ്ക്ക് ഒരു ശരീരം കണ്ടെത്തിയെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ ഇത് ഇസ്രയേലിയുടേതല്ലെന്നു തെളിഞ്ഞു. ആറുപേരുടെ ശരീരം എവിടെയുണ്ടെന്ന് അറിയാമെന്ന് ഇസ്രയേല്‍ അറിയിച്ചെന്നു അറബ് മധ്യസ്ഥര്‍ പറഞ്ഞു.
അതേസമയം ഇസ്രയേലിന്റെ പിന്മാറ്റം ലാക്കാക്കി ഗാസയില്‍ പിടിമുറുക്കാനുള്ള നീക്കവും സജീവമാണ്. ഗാസയിലെ ജോര്‍ദാനിയന്‍ ഫീല്‍ഡ് ഹോസ്പിറ്റല്‍ ഹമാസ് പിടിച്ചെടുത്തു. ഇവിടെനിന്ന് രോഗികള്‍ അടക്കമുള്ളവരെ ഒഴിപ്പിച്ചു. എതിരാളികളായ ഗോത്ര വിഭാഗങ്ങളുമായുള്ള യുദ്ധത്തിനു പിന്നാലെയാണു നടപടി.
പാലസ്തീനികളായ ആളുകളെ തോക്കിന്മുനയില് പുറത്തേക്ക് ഒഴിപ്പിച്ചശേഷമാണ് കെട്ടിടത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. യുദ്ധത്തിനുമുമ്പ് ആശുപത്രിയുടെ നിലകള്‍ ഹമാസിന്റെ സൈനിക ബേസാക്കിയിരുന്നെന്ന് എതിരാളികളായ ദോഗ്മോഷ് ഗോത്രവും ഇസ്രയേലും ആരോപിച്ചു. തൊട്ടടുത്തുള്ള മെഡിക്കല്‍ സെന്ററിലേക്കു ടണലുകളും നിര്‍മിച്ചു.
ഈ മേഖല പിടിച്ചെടുക്കാ ഇസ്രയേല്‍ നീക്കം തുടങ്ങിയതിനു പിന്നാലെ ഹമാസ് പലായനം ചെയ്തു. എന്നാല്‍, ഇവര്‍ പിന്‍വാങ്ങിയതിനു പിന്നാലെ ഹമാസ് ആദ്യം ചെയ്തതും ആശുപത്രി പിടിച്ചെടുക്കലാണ്. ഇക്കാര്യം ജോര്‍ദാന്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും ഗാസയില്‍ നടക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് അറിയില്ലെന്നാണ് ഐഡിഎഫ് പറഞ്ഞത്. യുദ്ധത്തിനിടെ ഇസ്രയേലിനെതിരേ സൈനിക ബേസ് ആയിട്ടാണ് ഹമാസ് ഇവിടം ഉപയോഗിച്ചത്. ഹമാസ് പിന്‍വാങ്ങിയതിനുശേഷം ഇവിടേക്കു മാധ്യമപ്രവര്‍ത്തകരെ അടക്കം എത്തിച്ചു ടണലുകളും ഹമാസിന്റെ സൈനിക സംവിധാനങ്ങളും കാട്ടിക്കൊടുത്തിരുന്നു.
ആശുപത്രികള്‍ സൈനിക കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ച് അന്വേഷണം ആവശ്യമാണെന്നു ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ സാം സഫീരി പറഞ്ഞു.
നേരത്തേ, ഡോണള്‍ഡ് ട്രംപ് മുന്നോട്ടു കൊണ്ടുവന്ന കരാറിന്റെ ഭാഗമായി ഹമാസ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചെങ്കിലും ഗാസയില്‍നിന്ന് ആയുധം വച്ചൊഴിയില്ലെന്നു മുതിര്‍ന്ന ഹമാസ് നേതാവ് വ്യക്തമാക്കിയിരുന്നു. ഗാസയിലെ സുരക്ഷ ഹമാസ് തന്നെ നോക്കുമെന്നാണ് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് നാസല്‍ റോയിട്ടേഴ്സിനോടു പ്രതികരിച്ചത്.
ഹമാസിന്റെ നിരായുധീകരണത്തിന് ഉറപ്പു നല്‍കിയിട്ടില്ലെന്നും കരാര്‍ നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടേറിയ ഭാഗം ഇതാണെന്നും നാസല്‍ പറഞ്ഞു. ഗാസയിലെ പുനര്‍ നിര്‍മാണത്തിനായി അഞ്ചുവര്‍ഷം വെടിനിര്‍ത്തലിനു തയാറാണ്. പലസ്തീന് ദേശത്തിനുള്ള എല്ലാ ഉറപ്പുകളും ലഭിക്കണം. പ്രതീക്ഷയുടെ ചക്രവാളമാണ് പലസ്തീന് എന്നും നാസല്‍ പറയുന്നു.
ഖത്തറിലെ ദോഹയിലാണ് വര്‍ഷങ്ങളായി ഹമാസ് നേതാക്കള്‍ ആഡംബര ജീവിതം നയിക്കുന്നത്. ഗാസയില്‍ നടക്കുന്ന പരസ്യമായ കൊലപാതകങ്ങളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു നാസല്‍. യുദ്ധ സമയത്ത് അങ്ങേയറ്റത്തെ നടപടികള്‍ എടുക്കേണ്ടിവരുമെന്നും ക്രിനിമലുകള്‍ക്കെതിരേ നടപടി തുടരുമെന്നുമാണ് നാസലിന്റെ വാദം.
നാസലിന്റെ വാദം ഹമാസ് നേരത്തേതന്നെ ഉന്നയിച്ചിട്ടുള്ളതാണ്. ഗാസയിലെ യുദ്ധം പൂര്‍ണമായി നിര്‍ത്തുന്നതിന്റെ ഭാഗമായുള്ള കരാറില്‍ ഹമാസിന്റെ നിരായുധീകരണവും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കു സ്വതന്ത്രമായി ജീവിക്കാനോ മറ്റു രാജ്യങ്ങളിലേക്കു പോകാനോ ഉള്ള അവസരമൊരുക്കും. ഗാസ ഭാവിയില്‍ എങ്ങനെയാണു ഭരിക്കേണ്ടതെന്നും ഹമാസ് എന്തു ചെയ്യണമെന്നുമുള്ള ചര്‍ച്ചകള്‍ ഇനി നടക്കാനിരിക്കേയാണ് അട്ടിമറി സ്വഭാവമുള്ള വിശദീകരണം പുറത്തുവരുന്നത്.
കരാര്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്നും അതുവരെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍തന്നെ എല്ലാ ബന്ദികളെയും വിട്ടയയ്ക്കുമെന്നാണു ഹമാസ് അറിയിച്ചത്. അതു നടന്നിട്ടില്ല. മരിച്ചവരെ ഇനിയും വിട്ടുകിട്ടാനുണ്ട്. ഹമാസ് ആയുധം താഴെ വയ്ക്കണം. ‘എങ്കില്‍, പക്ഷേ’ എന്നീ വാക്കുകള്‍ക്ക് ഇവിടെ പ്രസക്തിയില്ല. അവര്‍ക്ക് 20 ഇന പദ്ധതി നടപ്പാക്കാന്‍ ബാധ്യതയുണ്ട്. സമയം അവസാനിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥന് വ്യക്തമാക്കി.






