പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കാരും; കടുത്ത ഭാഷയില്‍ അപലപിച്ച് ഐസിസി; പാകിസ്താനുമായുള്ള ടി20 മത്സരത്തില്‍നിന്ന് പിന്‍മാറി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ന്യൂഡല്‍ഹി: പാകിസ്താന്‍ ആക്രമണത്തില്‍ മൂന്ന അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കാര്‍ കൊല്ലപ്പെട്ടതില്‍ കടുത്ത നിലപാടുമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. താലിബാനുമായുള്ള സംഘര്‍ഷത്തില്‍ വ്യോമാക്രമണത്തിനിടെയാണ് മൂന്നു വളര്‍ന്നുവരുന്ന താരങ്ങള്‍ കൊല്ലപ്പെട്ടതെന്നും ആക്രമണങ്ങള്‍ കായിക മേഖലയ്ക്കുണ്ടാക്കുന്ന നഷ്ടം വലുതാണെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കബീര്‍ ആഘ, സിബ്ഗാതുല്ലാജ്, ഹാറൂണ്‍ എന്നിവരാണു കൊല്ലപ്പെട്ടത്. പാക്തിക പ്രവിശ്യയിലുണ്ടായ ആക്രമണത്തിലാണ് ഇവരുടെ ദാരുണാന്ത്യം.
ഇക്കാര്യത്തില്‍ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പാകിസ്താനെതിരേ രൂക്ഷമായ ഭാഷയില്‍ ഐസിസി വിമര്‍ശനം പുറത്തുവന്നത്. മൂന്നുപേരും സൗഹൃദ ക്രിക്കറ്റ് മത്സരം കഴിഞ്ഞു വീട്ടിലേക്ക് എത്തിയതിനു പിന്നാലെയാണ് മൂന്നു ചെറുപ്പക്കാരും കൊല്ലപ്പെട്ടതെന്നും നിരവധി സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടമായെന്നും പ്രസ്താവനയില്‍ പറയുന്നു.
‘ഐസിസി ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇഷ്ടപ്പെട്ട കായിക വിനോദം മാത്രം ആഗ്രഹിച്ചിരുന്ന മൂന്നു മിടുക്കരായ പ്രതിഭകളുടെ കുടുംബങ്ങളെയും സമൂഹത്തെയും ക്രിക്കറ്റ് ലോകത്തെയും കവര്‍ന്നെടുത്ത ഈ അക്രമത്തെ ഐസിസി ശക്തമായി അപലപിക്കുന്നു. ഐസിസി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവരുടെ ദുഖത്തില്‍ പങ്കുചേരുന്നു’
പാകിസ്താനില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് മത്സരത്തില്‍നിന്ന് അഫ്ഗാന്‍ പിന്‍മാറിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു.
ICC takes firm stance after three Afghan cricketers killed in Pakistan airstrike: ‘Act of violence has robbed families’






