‘‘അയാൾ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ പരോളോ കിട്ടരുത്; വിധിയിൽ തൃപ്തിയെന്ന് സുധാകരൻറെ മക്കൾ

പാലക്കാട്:പ്രതീക്ഷിച്ചിരുന്ന വിധി തന്നെയാണ് ലഭിച്ചതെന്നും പ്രതി ചെന്താമരയെ ഇനിയൊരിക്കലും പുറത്തുവിടരുതെന്ന് കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും. ‘‘അയാൾ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ പരോളോ കിട്ടരുത്. ഭയത്തിലാണ് കഴിയുന്നത്. ഒരിക്കലും അയാളെ പുറത്തുവിടരുത്. അടുത്ത കേസിൽ അയാൾക്ക് വധശിക്ഷ ലഭിക്കട്ടെ. കോടതിയോട് നന്ദി. പ്രതീക്ഷിച്ച വിധി തന്നെയാണ്. സഹായിച്ച എല്ലാവർക്കും നന്ദി’’ – അതുല്യയും അഖിലയും പറഞ്ഞു. വിധിയിൽ തൃപ്തി ഉണ്ടെന്ന് പാലക്കാട് എസ്പി അജിത് കുമാർ ഐപിഎസും പറഞ്ഞു.
ചെന്താമരയും ഭാര്യയും തമ്മിൽ തെറ്റിപ്പിരിഞ്ഞതിനു പിന്നിൽ സജിതയാണെന്ന് ആരോപിച്ചായിരുന്നു അന്ന് സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ൽ സജിതയെ കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ കഴിയവെ 2025ൽ സജിതയുടെ ഭർത്താവ് സുധാകരൻ, ഭർതൃമാതാവ് ലക്ഷ്മി എന്നിവരെയും ചെന്താമര കൊലപ്പെടുത്തി. സജിത കൊലക്കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ചിട്ടും കുറ്റബോധമില്ലാതെയാണ് പ്രതി ചെന്താമര കോടതിയ വരാന്തയിൽ ഇരുന്നത്. പിഴത്തുക സജിതയുടെ മക്കൾക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
ചെന്താമര അന്ധവിശ്വാസത്തിന് അടിമയാണെന്നാണ് അയാളുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കുറച്ച് പൈസ കയ്യിൽ കിട്ടിയാൽ പോലും പൂജയ്ക്കും മന്ത്രവാദത്തിനുമെല്ലാം ഉപയോഗിക്കും. ഏതെങ്കിലും ജോത്സ്യർ എന്തെങ്കിലും ചെയ്യണമെന്നോ അമ്പലങ്ങളിൽ പോകണമെന്നോ പറഞ്ഞാൽ ഭാര്യയുടെയും മറ്റും സ്വർണം വിറ്റിട്ട് വരെ ചെന്താമര അത് ചെയ്യാറുണ്ട്. ഒരിക്കൽ ജോത്സ്യനെ കണ്ടപ്പോഴാണ് വീടിന്റെ എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞത്. പിന്നാലെയാണ് ചെന്താമര സജിതയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.






