ഒരു കത്ത് കൊടുത്ത് മര്യാദരഹിതമായ വാര്‍ത്തയുണ്ടാക്കുന്നു ; ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ തന്നോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ; മന്ത്രി വി.എന്‍. വാസവന്‍

തിരുവനന്തപുരം: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടന്ന അഷ്ടമിരോഹിണി വളളസദ്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്നോട് ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് മന്ത്രി വി.എന്‍. വാസവന്‍. അവിടെ ഒരു ആചാരലംഘനവുമുണ്ടായിട്ടില്ലെന്നും ആസൂത്രിതമായ രീതിയില്‍ ഒരു കത്ത് കൊടുത്ത് മര്യാദരഹിതമായ വാര്‍ത്തയുണ്ടാക്കി എന്നതാണ് വസ്തുതയെന്നും വി.എന്‍. വാസവന്‍ പറഞ്ഞു. പളളിയോടം കമ്മിറ്റി പ്രസിഡന്റാണ് ആദ്യം ഭക്ഷണം വിളമ്പിത്തന്നതെന്നും പറഞ്ഞു.
വള്ളസദ്യ ആചാരമനുസരിച്ച് ദേവനു നേദിക്കുന്നതിനു മുന്‍പ് മന്ത്രിക്കു വിളമ്പിയെന്ന് നേരത്തേ പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ ഇത് ആസൂത്രിതമായി സൃഷ്ടിച്ച വിവാദമാണെന്ന് മന്ത്രി പറഞ്ഞു. ആചാരലംഘനമുണ്ടായി എന്ന ആരോപണം അടിസ്ഥാനരഹിതവും വാസ്തവിരുദ്ധവുമാണെന്ന് മന്ത്രി വി എന്‍ വാസവന്‍. ആചാരത്തിന്റെ ഭാഗമായി ഭക്ഷണം കഴിക്കണമെന്ന് തന്നോട് ആവശ്യപ്പെടുകയായിരുന്നു വെന്നും അന്ന് ആര്‍ക്കും പരാതിയുണ്ടായിരുന്നില്ലെന്നും മര്യാദാരഹിതമായ രീതിയില്‍ വാര്‍ത്തയുണ്ടാക്കി ആസൂത്രിതമായി സൃഷ്ടിച്ച വിവാദമാണിതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങ് പൂര്‍ത്തീകരിക്കണമെങ്കില്‍ അവരുടെ കൂടെ ഊട്ടുപുരയില്‍ കയറി ഭക്ഷണവും കൂടി കഴിക്കണമെന്ന് പറഞ്ഞു. പളളിയോടം കമ്മിറ്റിയുടെ പ്രസിഡന്റും ഭാരവാഹികളും ചേര്‍ന്നാണ് ഊട്ടുപുരയിലേക്ക് കൊണ്ടുപോയത്. മുന്‍ എംഎല്‍എമാരുള്‍പ്പെടെയുളള ജനപ്രതിനിധികളും ഉണ്ടായിരുന്നു. ഞങ്ങളെ അവിടെ പിടിച്ചിരുത്തി അപ്പോഴേക്ക് മന്ത്രി പി പ്രസാദും അവിടെയെത്തി. പളളിയോടം കമ്മിറ്റിയുടെ പ്രസിഡന്റാണ് ആദ്യം ഭക്ഷണം വിളമ്പി തന്നത്. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന് പറഞ്ഞു. പ്രസാദും ഭക്ഷണം വിളമ്പി. എല്ലാം കഴിഞ്ഞ് വരുന്നതുവരെ ആരും പരാതിയോ പരിഭവമോ ഒന്നും ഭക്ഷണം വിളമ്പിയതിനെക്കുറിച്ച് പറഞ്ഞില്ല. ഒക്കെ കഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ട് ഇങ്ങനെ ഒരു സംഭവമുണ്ടായി എന്ന് പറഞ്ഞ് കത്ത് വന്നു എന്ന് പറഞ്ഞാല്‍ അതിന്റെ പിന്നില്‍ എന്താണ്? പളളിയോടം കമ്മിറ്റി പ്രസിഡന്റും ഭാരവാഹികളുമാണ് കൊണ്ടുപോയി ഭക്ഷണം തന്നത്. അതില്‍ എവിടെയാണ് ആചാരലംഘനമെന്നും വി എന്‍ വാസവന്‍ ചോദിച്ചു.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം നടന്നതായി ചൂണ്ടിക്കാണിച്ച് ദേവസ്വം ബോര്‍ഡിന് തന്ത്രിയാണ് കത്തയച്ചത്. ആചാരലംഘനം ഉണ്ടായതിനാല്‍ പരിഹാരക്രിയകള്‍ നടത്തണമെന്നും തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് കത്തില്‍ ചൂണ്ടിക്കാട്ടി. ഇതുശരിവെക്കുന്നതായിരുന്നു കത്ത്. അന്വേഷണത്തില്‍ ആചാരലംഘനം നടന്നതായി വ്യക്തമായെന്നും ശുദ്ധിക്രിയകള്‍ നടത്തണമെന്നും കത്തില്‍ തന്ത്രി ആവശ്യപ്പെടുന്നു.
മന്ത്രി വി എന്‍ വാസവനായിരുന്നു വള്ളസദ്യ ഉദ്ഘാടനം ചെയ്തത്. ആചാരലംഘനം നടന്നിട്ടില്ലെന്ന് ആറന്മുള പള്ളിയോട സേനാസംഘം ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിക്കും മറ്റ് വിശിഷ്ട വ്യക്തികള്‍ക്കും തിരക്കുണ്ടായിരുന്നതിനാലാണ് ആദ്യം സദ്യ വിളമ്പിയതെന്നായിരുന്നു പള്ളിയോട സേനാസംഘം നല്‍കിയിരുന്ന വിശദീകരണം.






