Breaking NewsLead NewsNEWSWorld

അതിർത്തി കടന്നു വെടിവെപ്പ് നടത്തിയ 15 താലിബാൻകാരെ കൊലപ്പെടുത്തി, പോസ്റ്റുകളും ടാങ്കും തകർത്തു, ആറ് പാക് അർധസൈനികരും കൊല്ലപ്പെട്ടു- പാക്കിസ്ഥാൻ, കൊലപ്പെടുത്തിയത് സാധാരണക്കാരെയെന്ന് അഫ്​ഗാനിസ്ഥാൻ

കാബൂൾ: പാക്കിസ്ഥാൻ- അഫ്ഗാനിസ്താൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ രൂക്ഷം. ഇരുവിഭാ​ഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 15 അഫ്ഗാൻ പൗരന്മാരും ആറ് പാക് അർധസൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പാക്കിസ്ഥാന്റെ ആറ് അർധസൈനികർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തപ്പോൾ സാധാരണക്കാരായ 15 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെടുകയും എൺപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ ഉദ്യോഗസ്ഥരും വ്യക്തമാക്കി.

അതേസമയം ചൊവ്വാഴ്ച രാത്രി അഫ്ഗാൻ സൈന്യവും പ്രാദേശിക തീവ്രവാദികളും നടത്തിയ അതിർത്തി കടന്നുള്ള വെടിവെപ്പിന് തങ്ങളുടെ സൈന്യം തിരിച്ചടിച്ചതായി പാക്കിസ്ഥാൻ അവകാശപ്പെട്ടു. ഖുറം പ്രദേശത്ത് നടന്ന വെടിവെപ്പിൽ നിരവധി താലിബാൻകാരെ കൊലപ്പെടുത്തുകയും അവരുടെ പോസ്റ്റുകളും ടാങ്കും തകർക്കുകയും ചെയ്തതായും പാക്കിസ്ഥാൻ വ്യക്തമാക്കി.

Signature-ad

കഴിഞ്ഞ ഒക്ടോബർ ഏഴിന് അഫ്ഗാനിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായി, അഫ്ഗാൻ അതിർത്തിയിൽ പാക് സൈനികർക്കുനേരെ ആക്രമണം നടത്തിയിരുന്നു. 58 പാക് സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അവകാശപ്പെട്ടപ്പോൾ, മരണസംഖ്യ 23 ആണെന്ന് പാക്കിസ്ഥാൻ പറഞ്ഞു. പ്രത്യാക്രമണത്തിൽ ഇരുന്നൂറിലധികം താലിബാൻകാരെയും സൈനികരെയും വധിക്കാൻ കഴിഞ്ഞതായും പാക്കിസ്ഥാൻ കൂട്ടിച്ചേർത്തു. പിന്നാലെ 12-ന് അഫ്ഗാനും പാക്കിസ്ഥാനുമിടയിലുള്ള അതിർത്തി ക്രോസിങ്ങുകൾ അടച്ചു. തുടർന്ന് ഖത്തറും സൗദി അറേബ്യയും ഇടപെട്ട് ഇരുവിഭാഗവും തമ്മിലുള്ള പോരാട്ടം നിർത്തിവെച്ചിരുന്നു. ഇന്നലെ വീണ്ടും ഏറ്റുമുട്ടൽ ശക്തമാവുകയായിരുന്നു.

Back to top button
error: