അനൂപ് ആന്റണിവഴി അബിന്‍ വര്‍ക്കിയെ വലവീശി ബിജെപി ; വന്നാല്‍ ഉയര്‍ന്ന പദവികള്‍ കാത്തിരിക്കുന്നു ; കഴിവ് ഉള്ളവര്‍ക്ക് കേന്ദ്ര മന്ത്രിയോ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ തനിക്ക് അതൃപ്തിയില്ലെന്നും സംസ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യമെന്നും വ്യക്തമാക്കിയ അബിന്‍വര്‍ക്കിക്ക് വലയെറിഞ്ഞ് ബിജെപി. അബിന്‍വര്‍ക്കിയെ പോലെയുള്ളവര്‍ ബിജെപിയില്‍ വന്നാല്‍ വലിയ പദവികളാണ് കാത്തിരിക്കുന്നതെന്നും കഴിവുള്ളവര്‍ക്ക് ബിജെപിയില്‍ സ്ഥാനമുണ്ടെന്നും അനൂപ് ആന്റണി.
അബിന്‍ വര്‍ക്കിയെ കോണ്‍ഗ്രസ് പരിഗണിക്കണമായിരുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞു. അബിന്‍ വര്‍ക്കി കഴിവുള്ള നേതാവാണ്. കഴിവ് ഉള്ളവര്‍ക്ക് ബിജെപിയില്‍ കേന്ദ്ര മന്ത്രിയോ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ഒക്കെ ആകാനാകും. കോണ്‍ഗ്രസില്‍ നിന്നും ഏത് കഴിവുള്ളവര്‍ വന്നാലും ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യുമെന്നും അനൂപ് ആന്റണി പറഞ്ഞു.
കഴിവ് മാത്രമാണ് ബിജെപിക്ക് മാനദണ്ഡം. കഴിവുള്ള ചെറുപ്പക്കാരെ അംഗീകരിക്കുന്ന പ്രസ്ഥാനമാണ് ബിജെപി. ഏത് വിഭാഗമോ സമുദായമോ ആയാലും കഴിവുണ്ടെങ്കില്‍ ദേശീയ സെക്രട്ടറിയോ കേന്ദ്രമന്ത്രിയോ വരെയും ആയേക്കാം. അബിന്‍ വര്‍ക്കിക്ക് ബിജെപിയിലേക്ക് വരാന്‍ താല്പര്യമുണ്ടെങ്കില് സ്വാഗതം ചെയ്യും. എല്ലാ സമുദായത്തിലുള്ളവര്‍ക്കും ബിജെപിയില്‍ പരിഗണനയുണ്ടാകും. താനും അനില്‍ ആന്റണിയും എല്ലാം അതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ താന്‍ പാര്‍ട്ടിയിലെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി നേതാക്കള്‍ പല ഘടകങ്ങള്‍ പരിശോധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനെ തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ തുടരാന്‍ അവസരം നല്‍കണമെന്ന് നേതാക്കളോട് അഭ്യര്ത്ഥിക്കുകയാ ണെന്നും പാര്‍ട്ടി പറഞ്ഞതെല്ലാം താന്‍ ചെയ്ട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.






