Breaking NewsKeralaLead NewsNEWSNewsthen Specialpolitics

അഴിക്കോട് സാറിന്റെ വാക്കുകൾ കടംകൊള്ളുന്നു ഇവിടെ… “മനുഷ്യൻ അധ:പതിച്ചാൽ മൃഗമാകും, മൃഗം അധ:പതിച്ചാൽ…

കേരളത്തിൽ നടമാടുന്നത് പോലീസ് രാജാണോയെന്ന് തോന്നിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഷാഫി പറമ്പിൽ എംപിക്ക് പോലീസിൽ നിന്നും മൃഗീയമായ ആക്രമണമാണ് നേരിടേണ്ടിവന്നത്. അക്രമത്തിൽ പരുക്കേറ്റ ഷാഫി പറമ്പിൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമ്പോൾ ഈ അക്രമത്തിന് നേതൃത്വം കൊടുത്ത പോലീസിനെ ന്യായീകരിക്കുന്ന സിപിഎമ്മിനെ ആണ് നാം കണ്ടത്. ഒരു ജനപ്രതിനിധിയുടെ അവസ്ഥ ഇതാണെങ്കിൽ ഇന്നാട്ടിലെ സാധാരണക്കാരുടെ ജീവിതം എത്രത്തോളം ദു:സഹം ആയിരിക്കും. പോലീസ് അതിക്രമത്തെ ന്യായീകരിക്കാൻ എത്തുന്ന സിപിഎംകാരിൽ മുഖമില്ലാത്ത സൈബർ അണികൾ മുതൽ പാർട്ടി സെക്രട്ടറി വരെയുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജയെ സിപിഎമ്മിന്റെ തന്നെ കോട്ട എന്ന് അവർ അവകാശപ്പെടുന്ന വടകരയിൽ എത്തി ഷാഫി പറമ്പിൽ തോൽപ്പിച്ചതിനു ശേഷം ഷാഫിയോട് സിപിഎമ്മിന് അടങ്ങാത്ത ദേഷ്യവും വൈരാഗ്യവും ഉണ്ട്. ഈ പോലീസ് അതിക്രമത്തെ ന്യായീകരിക്കാൻ അവരെക്കൊണ്ട് പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും അതുതന്നെയാണ്. അല്ലെങ്കിലും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ പ്രവർത്തകർക്ക് അടി കിട്ടുമ്പോൾ മാത്രമാണ് പോലീസ് അക്രമണങ്ങൾ പ്രശ്നം പിടിച്ചതാകുന്നത്. സിപിഎം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസ് എതിർപക്ഷത്തെ അതിക്രൂരമായി അടിച്ചമർത്തുകയാണെങ്കിൽ അതിനെ ന്യായീകരിക്കാനും ഇതേ കൂട്ടർ മുൻപന്തിൽ ഉണ്ടാകും. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി അതിക്രൂരമായി അക്രമിക്കപ്പെട്ട് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമ്പോൾ ഈ വിധത്തിൽ അക്രമത്തെ ന്യായീകരിക്കാനും അക്രമത്തിനിരയായ ജനപ്രതിനിധിയെ പരിഹസിക്കാനും ഒരുപക്ഷേ സിപിഎമ്മിന് മാത്രമേ കഴിയുള്ളൂ. സിപിഎമ്മിന്റെ ഈ നെറികെട്ട സമീപനം കാണുമ്പോൾ ”മനുഷ്യൻ അധപതിച്ചാൽ മൃഗമാകും മൃഗം അധപതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകും” എന്ന സുകുമാർ അഴീക്കോടിന്റെ വാക്കുകളെ ഓർത്തുപോകാത്ത മലയാളി ഉണ്ടാകില്ല.

Signature-ad

സംഘർഷത്തിന്റെ ഭാഗമായി ഒരു കേന്ദ്രത്തിലേക്ക് നമ്മൾ എത്തിച്ചേർന്നാൽ ആ സന്ദർഭത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടാകും. അതിനെ നേരിടാനുള്ള തന്റേടവും ഊർജ്ജവും വേണം. ഇത് ആദ്യമായി സംഭവിക്കുന്ന പ്രശ്നം പോലെയാണ് അവതരിപ്പിക്കുന്നത് എന്നു പറഞ്ഞുകൊണ്ട് പോലീസ് അതിക്രമത്തെ ന്യായീകരിച്ചത് പോരാളി ഷാജി അല്ല, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ്. ഡൽഹിയിൽ അമിത് ഷായുടെ പോലീസിൽ നിന്ന് സിപിഎം നേതാക്കൾക്ക് ആക്രമണങ്ങൾ നേരിടേണ്ടി വരുമ്പോഴും ഇതേ ന്യായീകരണം തന്നെയാണോ പാർട്ടി സെക്രട്ടറി പറയാറുള്ളത് ? തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ ക്രൂരമായി പോലീസ് ആക്രമിക്കുമ്പോൾ അതിനെ ഈ വിധം ന്യായീകരിക്കാനും വെള്ളപൂശാനും മനസാക്ഷിയുള്ള ഒരു മനുഷ്യനും കഴിയുകയില്ല.

ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടൽ ഉണ്ടെന്നും ഐസിയുവിൽ നിരീക്ഷണത്തിലാണ് എന്നും രേഖപ്പെടുത്തിയിട്ടുള്ള മെഡിക്കൽ ബുള്ളറ്റിൽ ഇന്നലെ സോഷ്യൽ മീഡിയകളിലൂടെ മലയാളികൾ വായിച്ചതാണ്. ആ സമയത്തും ഷാഫി പറമ്പിലിനെ രാഷ്ട്രീയമായി ആക്രമിക്കുക എന്നതായിരുന്നു ഈ വിഷയത്തിൽ സിപിഎം സ്വീകരിച്ച നിലപാട്. പോലീസിനെ ന്യായീകരിക്കുക എന്നതിനൊപ്പം തന്നെ ഷാഫിയെ വ്യക്തിപരമായി ആക്രമിക്കാനും ഈ സന്ദർഭം സിപിഎം ഉപയോഗിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പേരാമ്പ്രയിൽ കണ്ടത് ഷാഫിയുടെ ഷോയാണ് എന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഒരു യുവജന നേതാവിന് ഇത്രത്തോളം തരംതാഴാൻ കഴിയുമോ എന്നാണ് കേരളം ചിന്തിച്ചത്. തനിക്ക് സമകാലികനായ ഒരു രാഷ്ട്രീയ നേതാവ് പോലീസ് അക്രമത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ വെറും നെറികെട്ട രാഷ്ട്രീയം സംസാരിക്കാനാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ശ്രമിക്കുന്നത്. എങ്ങനെയാണ് ഇത്രത്തോളം ഇടുങ്ങിയ, മനുഷ്യത്വ വിരുദ്ധമായ രാഷ്ട്രീയം പറയാൻ ഇവർക്കൊക്കെ കഴിയുന്നത്!

എതിർകക്ഷിയിലെ ഒരു നേതാവിന് പോലീസ് മർദ്ദനം ഏൽക്കുമ്പോൾ അതിൽ ആനന്ദം കണ്ടെത്താൻ ആർക്കെങ്കിലും ഒക്കെ കഴിയുന്നുണ്ടെങ്കിൽ തീർച്ചയായും അത് ചികിത്സിക്കേണ്ട രോഗമാണ്. സ്വന്തം പാർട്ടിയിലെ ആളുകൾക്ക് പോലീസ് മർദ്ദനമേൽക്കുമ്പോൾ അത് അനീതിയും എതിർ പാർട്ടിയിലെ നേതാവിന് നേരെ ആകുമ്പോൾ അത് ആഘോഷിക്കാനുള്ള അവസരവും ആകുന്നുണ്ടെങ്കിൽ അതിനെ വിളിക്കേണ്ടത് പുതിയ കാലത്തിന്റെ രാഷ്ട്രീയം എന്നല്ല കപടതയുടെയും അവസരവാദത്തിന്റെയും രാഷ്ട്രീയം എന്നാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി ക്രൂരമായ പോലീസ് അതിക്രമത്തിൽ പരുക്കേറ്റു ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിൽ കഴിയുമ്പോൾ ആ അവസരത്തിൽ അയാളെ പരിഹസിക്കാനും ആക്രമിക്കാനും പോലീസിനെ ന്യായീകരിക്കാനും തോന്നുന്ന രാഷ്ട്രീയം കേരളം ഭയക്കേണ്ട രാഷ്ട്രീയമാണ്. പോലീസ് ഷാഫി പറമ്പിൽ എംപിയെ ആക്രമിക്കുന്ന ദൃശ്യങ്ങളും, ചോരയിൽ കുളിച്ച് നിൽക്കുന്ന എംപിയുടെ ചിത്രങ്ങളും മാധ്യമങ്ങൾ ഉൾപ്പെടെ പുറത്ത് വിട്ടിട്ടും ഈ വിഷയത്തിൽ നെറികെട്ട രാഷ്ട്രീയം പറയാൻ എങ്ങനെയാണ് ഇവർക്ക് തോന്നുന്നത്?

ഷാഫി പറമ്പിൽ എംപിയെ ഗോകുലം ഗോപാലൻ ഇന്നലെ ആശുപത്രിയിൽ എത്തി കണ്ടിരുന്നു. ‘അയാൾ എന്റെ എംപിയാണ്, സമൂഹത്തിനുവേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരാളാണ്. ആ നിലയിൽ ഒരു മനുഷ്യ സ്നേഹം എന്ന രീതിയിലാണ് ആശുപത്രിയിൽ കാണാൻ എത്തിയത്’ എന്ന് ഗോകുലം ഗോപാലന്റെ വാക്കുകൾ തന്നെയാണ് ഈ വിഷയത്തിൽ ഓരോ മലയാളിക്കും പറയാൻ തോന്നിയിട്ടുണ്ടാവുക. ഷാഫി പറമ്പിൽ എംപി എന്നത് കേരളത്തിലെ ഏറ്റവും ജനകീയനായ യുവ നേതാവാണ്, പൊതുജനങ്ങളുടെ പ്രശ്നത്തിൽ ഇടപെടുകയും അവരെ കേൾക്കുകയും ചെയ്യുന്ന ജനപ്രതിനിധിയാണ്. അങ്ങനെ ഒരു നേതാവ് പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ഒരു സാധാരണ മനുഷ്യനു സങ്കടം തോന്നും. അല്ലാതെ ഇങ്ങനെ ക്രൂരമായി അക്രമത്തെ ന്യായീകരിക്കാനും ഷാഫിയെ വാക്കുകൾ കൊണ്ട് ആക്രമിക്കാനും തോന്നുന്നത് സിപിഎമ്മിന് മാത്രമാണ്. പോലീസ് ആക്രമണങ്ങളിൽ പരുക്കേറ്റ എത്രയോ മനുഷ്യർക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് സിപിഎമ്മിനാണ് ഇന്ന് പോലീസ് ആക്രമണങ്ങൾ സ്വാഭാവികമായി കാര്യമായി തോന്നുന്നത്. പശ്ചിമബംഗാൾ മുതൽ ഡൽഹിയിൽ വരെ നടമാടുന്ന ഇതിനു സമാനമായ പോലീസ് അതിക്രമങ്ങളെ പറ്റി സിപിഎം മറക്കാതിരിക്കുന്നത് നല്ലതാണ്. അവിടെ നിങ്ങളുടെ പ്രവർത്തകർക്ക് ഇതുപോലെ പരുക്കേൽക്കുമ്പോൾ നിങ്ങളുടെ ഈ നെറികെട്ട ന്യായീകരണങ്ങൾ തന്നെ നിങ്ങൾക്ക് തിരിച്ചടിയാകും.

ഇത്രമാത്രം മലീമസമായ ഒരു രാഷ്ട്രീയമല്ല കേരളത്തിന് ആവശ്യം. ഏത് രാഷ്ട്രീയ പാർട്ടിയോ ആയിക്കോട്ടെ, ഒരു മനുഷ്യൻ ആക്രമിക്കപ്പെടുമ്പോൾ അതിനെ ന്യായീകരിക്കാനോ, ആഘോഷിക്കാനോ തോന്നുന്ന രാഷ്ട്രീയം കേരളത്തിൽ പച്ച പിടിക്കാൻ പാടില്ല. പോലീസ് അക്രമണങ്ങളെ വെള്ളപൂശുന്ന സിപിഎമ്മിന്റെ നിലപാടുകൾ കാലവും കേരളവും മറക്കില്ലെന്ന് ഓർമ്മ സിപിഎമ്മിന്റെ നേതാക്കൾക്ക് ഉണ്ടാകണം. വടകരയിൽ കെ കെ ശൈലജയെ തോൽപ്പിച്ചതാണ് അയാളോട് നിങ്ങൾക്കുള്ള ഈ വെറുപ്പിന്റെ കാരണം എങ്കിൽ നിങ്ങളുടെ ഈ വെറുപ്പിന്റെ രാഷ്ട്രീയം വടകരയിൽ മാത്രമല്ല കേരളത്തിൽ ഉടനീളം നിങ്ങളുടെ തോൽവിക്ക് കാരണമാകും. ഷാഫിക്ക് പരുക്കേറ്റത് മുതൽ തലയുള്ളതും ഇല്ലാത്തതുമായ നിങ്ങളുടെ പ്രൊഫൈലുകൾ ഫേസ്ബുക്കിൽ നടത്തുന്ന ആഘോഷങ്ങൾ കേരളം കാണുന്നുണ്ട്, കാഫിർ സ്ക്രീൻഷോട്ടിന്റെ പേരിൽ നിങ്ങൾ ഉണ്ടാക്കിയ വെറുപ്പിന്റെ രാഷ്ട്രീയത്തിന് മറുപടി തന്നത് പോലെ ഈ ആഘോഷങ്ങൾക്കും ഇതെല്ലാം കാണുന്ന പൊതുജനം മറുപടി നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: