കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി സൗജന്യം ; ഫാസ്റ്റ് പാസഞ്ചറിന് പിന്നാലെ സൂപ്പര്‍ഫാസ്റ്റിലും യാത്ര ചെയ്യാനാകും ; ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാകും

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി സൗജന്യയാത്ര. നിയമസഭയില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റേതാണ് പ്രഖ്യാപനം. സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ ബസുകളിലും യാത്ര സൗജന്യമാണ്.
റേഡിയേഷനും കീമോയ്ക്കും വേണ്ടി കേരളത്തില്‍ ഏത് ആശുപത്രിയിലേക്കും യാത്രചെയ്യുന്ന കാന്‍സര്‍ രോഗികള്‍ക്ക് സമ്പൂര്‍ണ സൗജന്യ യാത്ര കെഎസ്ആര്‍ടിസി ഉറപ്പു നല്‍കുന്നുവെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ഈ സൗകര്യം ലഭിച്ചിരുന്നു.
സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സാ ആവശ്യത്തിന് പോകുന്നവര്‍ക്ക് ഈ സൗകര്യം ലഭിക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രഖ്യാപനമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. യാത്ര തുടങ്ങുന്ന ഇടം മുതല്‍ ആശുപത്രിവരെ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.
സൂപ്പര്‍ ഫാസ്റ്റ് ബസുകളിലും സൗകര്യം ലഭ്യമാകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി നഷ്ടം കുറച്ചുകൊണ്ടുവരുന്നു. പുതിയ ബസുകള്‍ വാങ്ങിയെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചെന്ന് മന്ത്രി പറഞ്ഞു.






