ഷൈന്‍ ടീച്ചറുടെ പരാതിയില്‍ മിന്നല്‍ വേഗം; ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പരാതിയില്‍ മെല്ലെപ്പോക്ക്; സൈബര്‍ ആക്രമണ പരാതികളില്‍ പോലീസ് ഇരട്ടത്താപ്പ്; നടപടികള്‍ മൊഴിയെടുപ്പില്‍ അവസാനിച്ചു

കൊച്ചി: കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ നൊടിയിടയില്‍ കേസെടുത്ത പോലീസിന് സമാന പരാതിയില്‍ ആവേശമില്ല. ഷൈനിന്റെ പരാതിയില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഭാര്യ സമാന സ്വഭാവത്തിലുള്ള പരാതി നല്‍കിയതാണ് പോലീസ് അവഗണിച്ചത്. പരാതി ലഭിച്ച് രണ്ടാം ദിവസം മൊഴിയെടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.
സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചരണത്തിലും, സൈബര്‍ ആക്രമണത്തിലും പരാതി ലഭിച്ച തൊട്ടടുത്ത ദിവസമാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ ഷൈനിന്റെ പറവൂരിലെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഷൈനിന്റെ മറ്റൊരു പരാതിയില്‍ കേസെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് കെ.എം. ഷാജഹാനെ തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ ഇതേ ശുഷ്‌കാന്തി സമാനമായ മറ്റൊരു പരാതിയില്‍ പൊലീസ് കാണിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഷൈനിന്റെ പരാതിയിലെടുത്ത ആദ്യ കേസിലെ ഒന്നാംപ്രതി ഗോപാലകൃഷ്ണന്റെ ഭാര്യ ഷെര്‍ലിയാണ് ആ പരാതിക്കാരി. മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ ഷെര്‍ലി പരാതി നല്‍കിയത് സെപ്റ്റംബര്‍ 21ന്. ഭിന്നശേഷിക്കാരിയായ തന്നെയും ബന്ധുക്കളെയും മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു പരാതി. സെപ്റ്റംബര്‍ 23ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതോടെ തുടര്‍ നടപടികള്‍ അവസാനിച്ചു.
മൊഴിയെടുത്ത് ഇന്നത്തേക്ക് പത്ത് ദിവസമായിട്ടും ഇതുവരെ കേസെടുത്തിട്ടില്ല. ഗോപാലകൃഷ്ണനാണ് തനിക്കെതിരായ അപവാദപ്രചരണത്തിന് തുടക്കമിട്ടതെന്ന് കെ.ജെ. ഷൈന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഗോപാലകൃഷ്ണനും കുടുംബത്തിനും എതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. ഇത്രയൊക്കെയായിട്ടും എന്തുകൊണ്ട് കേസെടുക്കാന്‍ വൈകുന്നു എന്നതില്‍ നിലപാട് വ്യക്തമാക്കേണ്ടത് പൊലീസാണ്.
സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ അപവാദ പ്രചാരണത്തില്‍ അപകീര്‍ത്തികരമായ കമന്റ് ഇട്ടവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. അഞ്ചുപേരുടെ മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. കേസിലെ പ്രതികളുടെ പോസ്റ്റുകളില്‍ അശ്ലീല കമന്റുകള്‍ ഇട്ടവരുടെ ഫോണാണ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്. ഇത്തരമൊരു നടപടി ഷെര്‍ലിയുടെ പരാതിയില്‍ പോലീസ് സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നാണു ചോദ്യം.
cyber-attack-complaint-kerala






