പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ തേടി വന്‍ മാഫിയ; ലൈംഗിക അടിമകളാക്കും, പിന്നാലെ ലഹരിയും; കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം; ഇരകളെ കണ്ടെത്തുന്നത് ഡേറ്റിംഗ് ആപ്ലിക്കേഷന്‍ വഴി

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ വന്‍ മാഫിയ രംഗത്ത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണിവര്‍ ഇരകളെ തേടുന്നതും അകപ്പെടുത്തുന്നതും. അടിമകളായി കഴിഞ്ഞാല്‍ ലഹരിവില്‍പ്പനയ്ക്കുള്ള കാരിയര്‍ ആയും ഇവരെ ഉപയോഗിക്കുന്നുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനമെങ്കിലും ഇവരുടെ നെറ്റ്വര്‍ക്ക് സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്നു.
ഗേ ഡേറ്റിങ് ആപ്ലിക്കേഷനായ ഗ്രൈന്‍ഡര്‍ ഡേറ്റിങ് വഴിയാണ് ചൂഷണം. ജിആര്‍ എന്ന ചുരുക്കപ്പേരിലാണ് ഈ ആപ് ചെറുപ്പക്കാരില്‍ അറിയപ്പെടുന്നത്. ആപില്‍ കയറുന്നവരുമായി ആദ്യം പരിചയം സ്ഥാപിക്കും. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കും. വഴങ്ങിയില്ലെങ്കില്‍ പിന്നാലെ പണം വാഗ്ദാനം ചെയ്യും. യാഥാര്‍ഥ്യം അറിയാന്‍ കോഴിക്കോട്ടെ ഒരു പൊതുപ്രവര്ത്തകന് മറ്റൊരു പേരില്‍ ആപില്‍ കയറിക്കൂടി, ഉടന്‍ വിളിയെത്തി.
വലയിലായെന്ന് കണ്ടാല്‍ ലഹരിക്ക് അടിമയാക്കും. പിന്നെ ലഹരി ശൃംഖലയിലെ കണ്ണിയാക്കും. ഇങ്ങനെ ലഹരിക്കടിമയായവരെയും അന്വേഷണത്തില്‍ കണ്ടുമുട്ടിയെങ്കിലും കൂടുതല്‍ പ്രതികരണത്തിന് തയാറായില്ല. കോഡ് ഭാഷയിലാണ് ഗ്രൂപ്പിലെ ആശയവിനിയമം. ബോട്ടം എന്നാല്‍ ലൈംഗികബന്ധത്തിന് വിധേയരാകുന്നയാള്‍ എന്നര്‍ഥം. ടോപ് എന്നാല്‍ ലൈംഗികമായി ഉപയോഗിക്കുന്ന ആളും. വേഴ്സ് എന്നാല്‍ രണ്ടിനും പറ്റും എന്നാണ് ഉദ്ദേശിക്കുന്നത്. സൈഡ് എന്നാല്‍ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധമൊഴികെ ബാക്കിയെല്ലാറ്റിനും തയാര്‍ എന്നാണര്‍ഥം.
പുതിയ കാലത്ത് ഡേറ്റിംഗ് ആപ്പുകളെ നിയന്തിക്കാന്‍ പരിമിതിയുണ്ടെങ്കിലും അതിന്റെ മറവിലുള്ള ചൂഷണങ്ങള്‍ ഇല്ലാതാക്കണമെന്നു സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടി ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
നേരത്തേ, എല്‍ജിബിടിക്യു ആയവരെ ചൂഷണം ചെയ്യുന്ന വലിയ നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നു കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ ചിലരെ പിടികൂടുകയും ചെയ്തു. സ്വവര്‍ഗ രതിക്കാരായ ആളുകളെ ഡേറ്റിംഗ് ആപ്പിലൂടെ കണ്ടെത്തുകയും പ്രണയം നടിക്കുകയും ചെയ്ത ശേഷം ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന നാലംഗ സംഘമാണ് പിടിയിലായത്. ഇതിനും ഗ്രൈന്‍ഡര്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്.
ഇരയായവരില്‍ ഒരാള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതികള്‍ വലയിലായത്. സ്വര്‍ണമാലയും മോതിരവും തട്ടിപ്പുകാര്‍ കൈക്കലാക്കിയെന്നായിരുന്നു പരാതി. 18നും 24നും വയസിനിടയില്‍ പ്രായമുള്ളവരായിരുന്നു അറസ്റ്റിലായതെന്നു വെഞ്ഞാറമൂട് പോലീസിന്‍െ എഫ്ഐആറില്‍ വ്യക്തമായിരുന്നു. സുധീര്‍, മുഹമ്മദ് സല്മാന്, ആഷിഖ്, സജിത്ത് എന്നിവരായിരുന്നു നേതൃത്വം നല്‍കിയത്.






