‘ശബരിമലയില്‍നിന്ന് തന്നത് ചെമ്പ് പാളി’; ബംഗളുരുവില്‍ കൊണ്ടുപോയത് സമ്മതിച്ച് ഉണ്ണിക്കൃഷ്ണന്‍ പോറ്റി; തിരികെ തരുമ്പോള്‍ ഇത്ര കിലോ സ്വര്‍ണം വേണമെന്ന് പറഞ്ഞിരുന്നില്ലെന്നും വിചിത്ര വാദം; തള്ളിപ്പറഞ്ഞ് സ്‌പോണ്‍സര്‍മാര്‍; നടന്‍ ജയറാമിന്റെ വീഡിയോയും പുറത്ത്; ഇന്റലിജന്‍സും അന്വേഷണത്തിന്
ശബരിമലയുടെ പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വര്‍ണ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നിര്‍മിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. നിര്‍മാണത്തിന് ശേഷം ചെന്നൈയില്‍വെച്ച് പൂജ നടന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. നടന്‍ ജയറാമും ഗായകന്‍ വീരമണിയും ചടങ്ങില്‍ പങ്കെടുത്തു.

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിര്‍ണായക പ്രതികരണവുമായി ആരോപണവിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്ത്. ശബരിമലയില്‍ നിന്ന് തനിക്ക് കൈമാറിയത് ചെമ്പ് പാളിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത് സ്വര്‍ണംപൊതിഞ്ഞ പാളിയാണെന്ന വാദം അദ്ദേഹം പൂര്‍ണ്ണമായും തള്ളി. ചെമ്പുപാളി തന്നിട്ട്, അതിനെ സ്വര്‍ണപ്പാളിയെന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പോറ്റി പറഞ്ഞു.
പാളികള്‍ ബെംഗളൂരുവിലേക്ക് കൊണ്ടുപോയെന്ന കാര്യം ഉണ്ണികൃഷ്ണന്‍ പോറ്റി സ്ഥിരീകരിച്ചു. ഇതിന് അദ്ദേഹം നല്‍കിയ വിശദീകരണം വിചിത്രമാണ്: ‘ശബരിമലയില്‍ നിന്നിറങ്ങുന്നവര്‍ നേരെ വീട്ടില്‍ പോയിട്ടാണ് മറ്റിടങ്ങളിലേക്ക് പോകുന്നത്. അതുകൊണ്ടാണ് പാളികള്‍ ബെംഗളൂരുവിലേക്ക് കൊണ്ടു വന്നത്.’ അധികാരികള്‍ തന്നിട്ടാണ് പാളികള്‍ കൊണ്ടുപോയതെന്നും ഇതിന് തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണം പൂശുന്നതിനായി പാളികള്‍ 45 ദിവസം കൈവശം വെച്ചതിനും അദ്ദേഹം വിശദീകരണം നല്‍കി. സെപ്റ്റംബര്‍ 19-നകം തിരികെ ഏല്‍പ്പിക്കാനായിരുന്നു ദേവസ്വം നിര്‍ദ്ദേശം. ഉടന്‍തന്നെ ചെന്നൈയില്‍ സ്വര്‍ണം പൂശി എത്തിക്കണമെന്ന് ദേവസ്വം പറയാതിരുന്നതിനാലാണ് പാളികള്‍ 45 ദിവസം കൈവശം വെച്ചത്.
തിരികെ തരുമ്പോള്‍ ഇത്ര കിലോ സ്വര്‍ണ്ണം വേണമെന്ന് ദേവസ്വം പറഞ്ഞിരുന്നില്ല. ചെമ്പുപാളിയായതുകൊണ്ട് അത്രമാത്രം പ്രാധാന്യം നല്‍കിയില്ലെന്നും അദ്ദേഹം ന്യായീകരിച്ചു. ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളിയില്‍ സ്വര്‍ണ്ണം പൂശുന്നതിന് 15 ലക്ഷം രൂപ ചെലവ് വന്നതായി ഉണ്ണികൃഷ്ണന്‍ പോറ്റി അറിയിച്ചു. ഇത് സ്വര്‍ണ്ണനാണയമായാണ് നല്‍കിയത്. പാളികളില്‍ 394.49 ഗ്രാം സ്വര്‍ണ്ണമാണ് പൂശിയതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌പോണ്‍സര്‍മാരും ദേവസ്വം വിജിലന്‍സും പോറ്റിക്കെതിരെ മൊഴി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഈ പുതിയ വിശദീകരണങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും.
അതേസമയം, ശബരിമലയുടെ പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വര്‍ണ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നിര്‍മിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. നിര്‍മാണത്തിന് ശേഷം ചെന്നൈയില്‍വെച്ച് പൂജ നടന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. നടന്‍ ജയറാമും ഗായകന്‍ വീരമണിയും ചടങ്ങില്‍ പങ്കെടുത്തു.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ധനികനായ വ്യവസായിയും അയ്യപ്പഭക്തനുമായ ആളില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് വാതില്‍ നിര്‍മിച്ചിരിക്കുന്നത്. 2019 ഏപ്രില്‍-ജൂലൈ മാസങ്ങള്‍ക്ക് ഇടയിലായിരുന്നു വാതിന്റെ നിര്‍മാണം എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയില്‍ സമര്‍പ്പിക്കാന്‍ എന്ന് വ്യവസായിയെ വിശ്വസിപ്പിച്ച ശേഷം വാതില്‍ നിര്‍മിക്കുകയായിരുന്നു. ആന്ധ്രയില്‍ തന്നെയായിരുന്നു വാതിലിന്റെ നിര്‍മാണം. ഇത് പിന്നീട് ചെന്നൈയില്‍ എത്തിച്ച ശേഷമാണ് സ്വര്‍ണം പൂശിയത്.
തുടര്‍ന്ന് ചെന്നൈയില്‍ തന്നെ വലിയ ചടങ്ങുകള്‍ നടന്നു. ഇതിന്റെ ഭാഗമായാണ് അയ്യപ്പഭക്തന്‍ കൂടിയായ നടന്‍ ജയറാം പങ്കെടുക്കുന്നത്. ശബരിമലയിലേക്കുള്ള നടവാതിലില്‍ തൊട്ടു തൊഴാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി ജയറാം ഒരു വീഡിയോയില്‍ പറയുന്നുണ്ട്. ഇതിന്റെ പകര്‍പ്പും റിപ്പോര്‍ട്ടറിന് ലഭിച്ചു. ഈ വാതില്‍ ശബരിമലയില്‍ എത്തിയോ എന്നതില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അടക്കം പ്രതികരണം വരേണ്ടതുണ്ട്.
‘അയ്യപ്പന്റെ നടവാതില്‍ സ്വര്‍ണത്തില്‍ പൊതിഞ്ഞ് ശബരിമലയിലേക്ക് യാത്രയാകുന്നതിന് മുന്‍പ് പൂജ ചെയ്യാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മണിക്കൂറുകള്‍ക്കുള്ളില്‍ ശബരിമലയിലേക്ക് പുറപ്പെടും. നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ ശബരിമലയില്‍ സ്ഥാപിക്കും. കോടാനുകോടി ഭക്തജനങ്ങള്‍ തൊട്ട് തൊഴാറുള്ള അയ്യപ്പന്റെ മുന്‍പിലുള്ള ഈ കവാടം ആദ്യമായി തൊട്ട് തൊഴാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരുപാട് ഒരുപാട് സന്തോഷം. മറക്കാന്‍ പറ്റാത്ത ദിവസം. സ്വാമിയേ ശരണമയ്യപ്പാ’ എന്നാണ് ജയറാം വീഡിയോയില്‍ പറയുന്നത്. വാതിലിന്റെ പൂജാ ചടങ്ങുകള്‍ക്ക് ശേഷം ജയറാം പകര്‍ത്തിയ വീഡിയോയാണിത്.
ഇതേ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി താന്‍ ജോലി ചെയ്യുന്ന ബെംഗളൂരുവിലെ ശ്രീറാംപുരിലെ അയ്യപ്പ ക്ഷേത്രത്തിലും എത്തിച്ചിട്ടുണ്ട്. ഇക്കാര്യം ക്ഷേത്ര ഭാരവാഹി വിശ്വംഭരന്‍ നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി, രമേശന്‍ റാവു, ഒരു സ്വാമി എന്നിവര്‍ ചേര്‍ന്നാണ് വാതില്‍ എത്തിച്ചതെന്ന് വിശ്വംഭരന്‍ പറഞ്ഞിരുന്നു. ശബരിമലയിലെ പ്രധാന വാതില്‍ എന്ന് പറഞ്ഞാണ് കൊണ്ടുവന്നത്.
ഭഗവാനോടുള്ള വിശ്വാസം കൊണ്ടാണ് ഇവിടെ പൂജ ചെയ്യാന്‍ അനുമതി നല്‍കിയത്. ഭക്തരെ കാണിച്ചുകൊണ്ടായിരുന്നു പൂജ നടന്നത്. തുടര്‍ന്ന് വാതില്‍ ഇവിടെ നിന്ന് കൊണ്ടുപോയി. ശബരിമലയിലേക്ക് കൊണ്ടുപോകുന്നു എന്നായിരുന്നു പറഞ്ഞത്. ഇതിന് ശേഷം ആന്ധ്രയില്‍ നിന്ന് ഒരാള്‍ വന്നിരുന്നു. അയാളുടെ ജ്യേഷ്ഠനാണ് വാതില്‍ നിര്‍മിച്ചത് എന്നായിരുന്നു പറഞ്ഞത്. അത് എവിടെ എന്നും ചോദിച്ചു. ഇവിടെ കാണിച്ച ശേഷം കൊണ്ടുപോയി എന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും വിശ്വംഭരന്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. 2020-25 കാലയളവില്‍ ഉണ്ണികൃഷ്ണന്‍ നടത്തിയ ഇടപാടുകളാണ് അന്വേഷിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടയില്‍ പോറ്റി മുപ്പത് കോടതിയിലധികം രൂപയുടെ ഭൂമി ഇടപാടുകള്‍ നടത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന സൂചന. ബെംഗളൂരു, തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് കൂടുതല്‍ ഇടപാടുകള്‍. ഇത് സംബന്ധിച്ച് മണ്ണന്തല സ്റ്റേഷനിലും നെയ്യാറ്റിന്‍കര കോടതിയിലും കേസുകളുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സും ഒരുങ്ങുന്നുണ്ട്.






