Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

കരാര്‍ ഹമാസ് അംഗീകരിക്കുമെന്ന് പ്രതീക്ഷ; സമയം എത്ര നല്‍കാമെന്ന് ട്രംപ് തീരുമാനിക്കും: നിലപാട് വ്യക്തമാക്കി വൈറ്റ് ഹൗസ്; ഇസ്രയേല്‍ അംഗീകരിച്ചിട്ടും നിലപാട് വ്യക്തമാക്കാതെ ഹമാസ്; അറബ് രാജ്യങ്ങളും അമേരിക്കയ്ക്ക് ഒപ്പം

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഗാസ വെടിനിര്‍ത്തലിനുള്ള 20 ഇന കരാര്‍ അംഗീകരിക്കാന്‍ ഹമാസിനു ട്രംപ് സമയം തീരുമാനിക്കുമെന്നു വൈറ്റ് ഹൗസ്. കരാറിന് ഇസ്രയേല്‍ പിന്തുണ നല്‍കിയതിനു പിന്നാലെയാണ് ഹമാസിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നത്. എന്നാല്‍, എന്നുമുതല്‍ കരാര്‍ അംഗീകരിക്കാനുള്ള സമയം ആരംഭിക്കുമെന്നു വ്യക്തമല്ല.

ഹമാസിനു പരമാവധി നാലു ദിവസം അനുവദിക്കുമെന്നാണു ട്രംപ് ചൊവ്വാഴ്ച പറഞ്ഞത്. ഇതിലൊന്നു ഹമാസ് തീവ്രവാദികള്‍ ആയുധമൊഴിയണമെന്നാണ്. ഇക്കാര്യം നേരത്തേ ഹമാസ് തള്ളിയതാണ്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഹമാസ് കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

ഹമാസ് കരാറില്‍നിന്നു പിന്‍വാങ്ങുകയാണെങ്കില്‍ എന്തു ചെയ്യുമെന്ന ചോദ്യത്തോടു പ്രതികരിക്കുന്നതിനിടെയാണു െൈവറ്റ് ഹൗസ് വക്താവ് കരോളിന്‍ ലെവിറ്റ് ട്രംപിന്റെ നിലപാടു വ്യക്തമാക്കിയത്. ‘ഹമാസിനുമുന്നില്‍ വരയ്‌ക്കേണ്ട ചുവന്ന വരയെക്കുറിച്ച് ട്രംപും വൈറ്റ് ഹൗസും തീരുമാനിക്കും. അദ്ദേഹത്തിന് അതിനു കഴിയുമെന്നതില്‍ തര്‍ക്കമില്ല. 20 പോയിന്റ് കരാറിനുവേണ്ടി പ്രസിഡന്റും അദ്ദേഹത്തിന്റെ ടീമും കഠിനാധ്വാനം ചെയ്തു. ഇത് ലോകമെമ്പാടും അംഗീകരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന പദ്ധതിയാണിത്. ഇതുമായി മുന്നോട്ടു പോകാന്‍ കഴിയുമെന്നാണു കരുതുന്നതെന്നും’ അവര്‍ പറഞ്ഞു.

ഉടനടി വെടിനിര്‍ത്തല്‍, ഹമാസ് അധികാരമൊഴിയല്‍, ആയുധം വച്ചു കീഴടങ്ങല്‍, മറ്റു രാജ്യങ്ങളില്‍ അഭയം തേടേണ്ടവര്‍ക്കു സുരക്ഷിതമായ യാത്ര, പലസ്തീന്‍ രാജ്യം എന്നിങ്ങനെയുള്ളവ ഉള്‍പ്പെടുന്നതാണു കരാര്‍. പലസ്തീന്‍ രാജ്യം നിലവില്‍ വരുന്നതുവരെ സംയുക്ത ഭരണകൂടമാകും ഗാസ ഭരിക്കുക. ഇതില്‍ പലതും മുമ്പുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിലും വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍, അന്നു ഹമാസ് നിര്‍ദേശങ്ങള്‍ തള്ളിയിരുന്നു.

സമ്പത്തുകൊണ്ടും തന്ത്രപരമായ സ്ഥാനം കൊണ്ടും പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള രാജ്യമായ യുഎഇ അടക്കം കരാറിനോട് അനുകൂലമായാണു പ്രതികരിച്ചത്. ട്രംപിന്റെ പദ്ധതി അംഗീകരിക്കുന്നതോടെ എല്ലാവര്‍ക്കും കൃത്യമായ ഗുണമുണ്ടാകുമെന്നും യുഎഇ വിലയിരുത്തുന്നു. തന്റെ 20 പോയിന്റുകള്‍ ഉള്‍പ്പെടുന്ന നിലപാടുകള്‍ അംഗീകരിക്കാന്‍ ട്രംപ് ഏറെക്കുറേ എല്ലാ അറബ് നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ വിട്ടയയ്ക്കാനും ഇതാണു മാര്‍ഗമെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. നീക്കത്തെ സൗദിയും സ്വാഗതം ചെയ്തിട്ടുണ്ട്. ഗാസയില്‍നിന്നു നിര്‍ബന്ധിത ഒഴിപ്പിക്കല്‍, വെസ്റ്റ് ബാങ്ക് ഏറ്റെടുക്കല്‍ ഇല്ലാതാക്കല്‍ എന്നീ നിലപാടുകളാണ് അറബ് രാജ്യങ്ങളെ ട്രംപിനോട് അടുപ്പിക്കുന്നത്. ദ്വിരാഷ്ട്ര വാദത്തിനോടും സൗദിക്ക് മമതയുണ്ട്.

 

ട്രംപിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

1. ഗാസയെ തീവ്രവാദ മുക്തമാക്കും. അയല്‍ക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ ടെറര്‍-ഫ്രീ സോണ്‍ ആക്കി മാറ്റും.

2. ജനങ്ങള്‍ക്കു ഗുണകരമാകുന്ന വിധത്തില്‍ ഗാസയെ പുനര്‍നിര്‍മിക്കും.

3. ഇസ്രയേലും ഹമാസും നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ യുദ്ധം ഉടനടി നിര്‍ത്തും. ഐഡിഎഫ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തുന്നതിനൊപ്പം ഗാസ മുനമ്പില്‍നിന്ന് ക്രമേണ പിന്‍വാങ്ങും.

4. ഇസ്രയേല്‍ കരാര്‍ അംഗീകരിച്ചു 48 മണിക്കൂറിനുള്ളില്‍ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ബന്ദികളെ തിരികെയെത്തിക്കണം.

5. ബന്ദികള്‍ തിരിച്ചെത്തിയാല്‍ ഇസ്രയേല്‍ സുരക്ഷാ തടങ്കലില്‍വച്ചിരിക്കുന്നവും ജീവപര്യന്തം ശിക്ഷ വിധിച്ചവരും യുദ്ധമാരംഭിച്ചശേഷം അറസ്റ്റിലുമായ ആയിരത്തോളം ഗാസക്കാരെയും വിട്ടയയ്ക്കും. ഇസ്രയേലിന്റെ തടങ്കലില്‍ മരിച്ചവരുടെ ശരീരവും വിട്ടുനല്‍കണം.

6. ഇരുഭാഗത്തുമുള്ള തടവുകാര്‍ മോചിതരായാല്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിനു തയാറാകുന്ന ഹമാസ് അംഗങ്ങള്‍ക്കു സഹായങ്ങള്‍ നല്‍കും. ഗാസ മുനമ്പ് വിടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കു അവരെ സ്വീകരിക്കാന്‍ തയാറുള്ള രാജ്യങ്ങളിലേക്കു സുരക്ഷിതമായി എത്താന്‍ സഹായിക്കും.

7. ഈ വര്‍ഷം ജനുവരിയില്‍ നടപ്പാക്കിയ ഇടക്കാല വെടിനിര്‍ത്തല്‍ കരാറില്‍ കുറയാത്ത സഹായങ്ങള്‍ ഗാസയില്‍ എത്തിക്കും. 600 ട്രക്ക് പ്രതിദിന ഭക്ഷ്യവസ്തുക്കള്‍, നിര്‍ണായകമായ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കും. മാലിന്യങ്ങള്‍ നീക്കാനുള്ള വാഹനങ്ങളും എത്തിക്കും.

8. ഇസ്രയേലിന്റെയു ഹമാസിന്റെയും ഇടപെടലില്ലാതെയായിരിക്കും സഹായങ്ങള്‍ നല്‍കുക. ഐക്യരാഷ്ട്ര സഭ, റെഡ് ക്രസന്റ് എന്നിവയ്ക്കു പുറമേ, ഇരു വിഭാഗങ്ങളുമായും ബന്ധമില്ലാത്ത സംഘടനകളും നേതൃത്വം വഹിക്കും.

9. ഗാസയിലെ ഭരണം ഇടക്കാല സാങ്കേതിക വിദഗ്ധരായ ആളുകള്‍ക്കു കൈമാറും. ഗാസയിലെ ദൈനംദിന കാര്യങ്ങളാകും ഇവരുടെ ചുമതല. ഇതോടൊപ്പം അമേരിക്കയുടെ നേതൃത്വത്തില്‍ അറബ്- യൂറോപ്യന്‍ രാജ്യങ്ങളുടെ സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റി മേല്‍നോട്ടം വഹിക്കും. പലസ്തീന്‍ അതോറിട്ടി പരിഷ്‌കാര നടപടികള്‍ രൂപീകരിക്കുന്നതുവരെ ഇവര്‍ ഗാസയുടെ പുനര്‍നിര്‍മാണത്തിനു ചുക്കാന്‍ പിടിക്കും.

(കരാറിന്റെ ഈ ഭാഗത്തെക്കുറിച്ച് ഇസ്രയേലിന് എതിര്‍പ്പുണ്ട്. പാലസ്തീന്‍ അതോറിട്ടിയെ ഗാസയുടെ ഭരണാധികാരികളാക്കി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. വെവസ്റ്റ്ബാങ്കിനെയും ഗാസയെയും ഒന്നിച്ച് ഒരു ഭരണത്തിന്റെ കീഴിലാക്കുകയാണ് അറബ് രാജ്യങ്ങളുടെ ലക്ഷ്യം. പാലസ്തീന്‍ അതോറിട്ടിയുടെ ഭരണത്തെക്കുറിച്ചു കൃത്യമായ തീയതി പ്രഖ്യാപിക്കാത്തത് അവര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭാഗത്തുനിന്നാണ് ഇത്തരമൊരു നിര്‍ദേശം ആദ്യം ഉയര്‍ന്നത്)

10. ഇന്നത്തെ ആധുനിക പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വികസനത്തിനു ചുക്കാന്‍ പിടിച്ച വിദഗ്ധരെ ഉള്‍പ്പെടുത്തി സാമ്പത്തിക പദ്ധതി രൂപീകരിക്കും. നിക്ഷേപം എത്തിക്കാനും തൊഴിലുകള്‍ സൃഷ്ടിക്കാനുമുള്ള സംവിധാനമൊരുക്കും.

11. സമീപസ്ഥ രാജ്യങ്ങളുമായി താരിഫില്‍ ഇളവുള്ള സാമ്പത്തിക മേഖലയാക്കി ഗാസയെ മാറ്റും.

12. ആരെയും ഗാസയില്‍നിന്നു നിര്‍ബന്ധിതമായി നീക്കില്ല. അവിടെനിന്ന് പോയവര്‍ക്കു മടങ്ങിവരാന്‍ അവസരമൊരുക്കും. ഗാസക്കാരെ അവിടെത്തന്നെ തുടരാനുള്ള പ്രോത്സാഹനം നല്‍കും. അവര്‍ക്കു മികച്ച ഭാവി കെട്ടിപ്പടുക്കാനുള്ള അവസരവും നല്‍കും.

13. സര്‍ക്കാരില്‍ ഹമാസിനു യാതൊരു പങ്കും ഉണ്ടാകില്ല. നിലവിലെ അംഗങ്ങളെ പിരിച്ചുവിടുന്നതിനൊപ്പം അവര്‍ ഭാവിയില്‍ ആക്രമണോത്സുകമായ സൈനിക സംവിധാനം കെട്ടിപ്പടുക്കാനും പാടില്ല. ടണലുകളും നിര്‍മിക്കരുത്. ഗാസയിലെ പുതിയ നേതൃത്വം അയല്‍ക്കാരുമായി സമാധാനപരമായ സഹവര്‍ത്തിത്വം പാലിക്കണം.

14. ഹമാസും മറ്റു ഗാസയിലെ അനുകൂലികളും അവരുടെ വാക്കുകള്‍ പാലിക്കുന്നുണ്ട് എന്നുറപ്പാക്കാന്‍ മേഖലയിലെ പങ്കാളികള്‍ ചേര്‍ന്നു സുരക്ഷയൊരുക്കും. ഇസ്രയേലിനോ അവരുടെതന്നെ ജനങ്ങള്‍ക്കോ ഗാസ ഭീഷണിയാകാതിരിക്കാനാണ് ഇത്തരമൊരു നിര്‍ദേശം.

15. അറബ് രാജ്യങ്ങള്‍, മറ്റ് രാജ്യങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് അമേരിക്ക താത്കാലിക സൈനിക സംവിധാനം രൂപീകരിക്കും. ഇവരെ അടിയന്തരമായി ഗാസയില്‍ വിന്യസിക്കും. മുനമ്പിന്റെ സുരക്ഷ ഇവരുടെ ചുമതലയായിരിക്കും. ഈ സ്‌റ്റെബിലൈസേഷന്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പാലസ്തീന്‍ പോലീസ് ഫോഴ്‌സിനെ കെട്ടിപ്പടുക്കും. രാജ്യാന്തര സുരക്ഷാ ബോഡിയെന്ന നിലയില്‍ ദീര്‍ഘകാല പ്രവര്‍ത്തനവും ഇതിന്റെ ഭാഗമായി ഉണ്ടാകും.

16. ഇസ്രയേല്‍ ഒരിക്കലും ഗാസയില്‍ കൈയേറ്റം നടത്തില്ല. ഐഡിഎഫ് കൈവശം വച്ചിരിക്കുന്ന സ്ഥലം ക്രമേണ കൈമാറും. സുരക്ഷാ സേന പകരം എത്തുന്നതിനും മുനമ്പില്‍ സ്ഥിരത കൈവരുന്നതിനും അനുസരിച്ചായിരിക്കും ഐഡിഎഫിന്റെ പിന്‍മാറ്റം.

17. ഹമാസ് നിര്‍ദേശങ്ങള്‍ വൈകിപ്പിക്കുകയോ തള്ളുകയോ ചെയ്താല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഹമാസ് മുക്ത മേഖലകളില്‍ നടപ്പാക്കും. ഇവിടങ്ങളില്‍നിന്ന് ഐഡിഎഫ് പിന്‍മാറി ഇന്റര്‍നാഷണല്‍ സ്‌റ്റെബിലൈസേഷന്‍ സൈന്യത്തിനു കൈമാറും.

(ഹമാസ് നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ഇതാകും നടപ്പാക്കാന്‍ സാധ്യതയുള്ളതെന്നു വിലയിരുത്തുന്നു)

18. ഇസ്രയേല്‍ ഭാവിയില്‍ ഖത്തറിനെ ഉന്നം വയ്ക്കില്ല. ഗാസ സംഘര്‍ഷത്തില്‍ ഏറ്റവും നിര്‍ണായക പങ്കു വഹിക്കുന്നതു ഖത്തറാണെന്നു അമേരിക്കയും രാജ്യാന്തര സമൂഹവും കരുതുന്നു.

19. ജനങ്ങളെ തീവ്രവാദ ചിന്തയില്‍നിന്നു പിന്‍മാറ്റുന്നതിനുള്ള നടപടികള്‍ തുടങ്ങും. ഇസ്രയേലിലും ഗാസയിലുമുള്ളവര്‍ക്കിടയില്‍ മതങ്ങളുടെ സഹവര്‍ത്തിത്വത്തിനായുള്ള സംഭാഷണങ്ങള്‍ ഉണ്ടാകും.

20. ഗാസയുടെ പുനര്‍നിര്‍മാണം മുന്നോട്ടു പോകുകയും പാലസ്തീന്‍ അതോറിട്ടിയുടെ പുനര്‍ക്രമീകരണം പൂര്‍ത്തിയാകുകയും ചെയ്താല്‍ പലസ്തീന്‍ രാജ്യത്തിലേക്കുള്ള നടപടികള്‍ തുടങ്ങും. പലസ്തീനിയന്‍ ജനങ്ങളുടെ ഏറ്റവും വലിയ ആഗ്രമാണിതെന്നു തിരിച്ചറിയുന്നു.

 

trump-will-determine-how-long-give-hamas-accept-gaza-plan-white-house-says

Back to top button
error: