Breaking NewsIndiaLead NewsNEWS

ലഡാക്കിനുത്തരം പി.ഒ.കെയില്‍? ചര്‍ച്ചകള്‍ പരാജയം: പാക്ക് അധീന കശ്മീരില്‍ വന്‍പ്രക്ഷോഭം; സര്‍ക്കാരിനെതിരേ ജനം തെരുവില്‍, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷരീഫ് സര്‍ക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരില്‍ വന്‍ പ്രക്ഷോഭം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് അവാമി ആക്ഷന്‍ കമ്മിറ്റി (എഎസി) നേതൃത്വം നല്‍കുന്നത്. പ്രതിഷേധങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ വന്‍തോതില്‍ സുരക്ഷാ സേനയെ വിന്യസിച്ചു. ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.

പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനയും ചൂണ്ടിക്കാട്ടിയാണ് അവാമി ആക്ഷന്‍ കമ്മിറ്റി ആയിരക്കണക്കിന് ആളുകളെ അണിനിരത്തി പ്രക്ഷോഭം നടത്തുന്നത്. പാക്കിസ്ഥാനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ഥികള്‍ക്കായി പാക്ക് അധിനിവേശ കശ്മീരിലെ നിയമസഭയില്‍ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകള്‍ നിര്‍ത്തലാക്കണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നു. ഇത് പ്രാദേശിക ഭരണത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് അവരുടെ വാദം. സബ്‌സിഡി നിരക്കിലുള്ള ധാന്യം, ന്യായമായ വൈദ്യുതി നിരക്ക്, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുക എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടത്.

Signature-ad

ക്യാംപയിന്‍ ഒരു സ്ഥാപനത്തിനും എതിരല്ലെന്നും 70 വര്‍ഷത്തിലധികമായി ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങള്‍ക്ക് വേണ്ടിയാണെന്നും എഎസി നേതാവ് ഷൗക്കത്ത് നവാസ് മിര്‍ പറഞ്ഞു. ഒന്നുകില്‍ അവകാശങ്ങള്‍ നല്‍കണമെന്നും അല്ലെങ്കില്‍ ജനങ്ങളുടെ രോഷം നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികമായി സുരക്ഷാ സേനയെ വിന്യസിച്ചാണ് സര്‍ക്കാര്‍ പ്രക്ഷോഭത്തെ നേരിട്ടത്. പ്രധാന പാതകളില്‍ ചിലത് അടച്ചു. സ്ഥാപനങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. പ്രാദേശിക സുരക്ഷാ സേനയ്ക്ക് പിന്തുണ നല്‍കാന്‍ ഇസ്ലാമാബാദില്‍നിന്ന് 1,000 പൊലീസ് ഉദ്യോഗസ്ഥരെ കൂടി അയച്ചിട്ടുണ്ട്.

അതേസമയം, ലഡാക്ക് പ്രക്ഷോഭത്തിന് പിന്നാലെ അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ. വാങ്ചുക്കിന് പാക്കിസ്ഥാന്‍ ബന്ധമില്ലെന്നും ലഡാക്കിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ സുരക്ഷാ സേനയാണെന്നും ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ് ലേണിംഗിന്റെ സഹസ്ഥാപക കൂടിയായ അവര്‍ ആരോപിച്ചു.

പാക്കിസ്ഥാന്‍ ബന്ധം, സാമ്പത്തിക ക്രമേക്കേടുകള്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് വാങ്ചുക്കിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഇതെല്ലാം തെറ്റാണെന്ന് ഗീതാഞ്ജലി പിടിഐയോട് പറഞ്ഞു. വാങ്ചുക്കിന്റെ വിദേശ സന്ദര്‍ശനങ്ങള്‍ പ്രശസ്ത സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും ക്ഷണപ്രകാരമാണെന്നും കാലാവസ്ഥ പ്രശ്‌നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ളതാണെന്നും അവര്‍ വ്യക്തമാക്കി.

‘കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഞങ്ങള്‍ പങ്കെടുത്തു. ഹിമാലത്തിന്റെ മുകളിലെ ഹിമാനികള്‍ പാക്കിസ്ഥാനിലേക്കോ ഇന്ത്യയിലേക്കോ ഒഴുകുന്നുണ്ടോ എന്ന് കാണുന്നില്ല’, ഗീതാഞ്ജലി ആങ്‌മോ പറഞ്ഞു.

 

Back to top button
error: