‘വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ അനിച്ചേട്ടന്റെ ഭൗതിക ശരീരത്തിനു മുന്നില്‍വന്ന് കരയാന്‍ ഉളുപ്പില്ലാത്തവരും അവിടെയുണ്ടായിരുന്നു’; തിരുമല അനിലിന്റെ ആത്മഹത്യയില്‍ പോസ്റ്റുമായി ബിജെപി കൗണ്‍സിലര്‍; നേതൃത്വം ഇടപെട്ടതോടെ മുക്കി; ബിജെപിയെ വലച്ച് സഹകരണ സംഘം ക്രമക്കേട്

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിനെതിരെ ഫെയ്സ്ബുക്ക് കുറിപ്പിട്ട് വലിയവിള ഡിവിഷന്‍ കൗണ്‍സിലറുടെ ഭര്‍ത്താവ്. നേതൃത്വത്തിന്റെ ശാസനയെത്തിയതോടെ കുറിപ്പ് മുക്കിയ ഇയാള്‍ പിന്നീട് തിരുത്തലുമായും രംഗത്തുവന്നു. വലിയവിള കൗണ്‍സിലര്‍ പി എസ് ദേവിമയുടെ ഭര്‍ത്താവ് സുനില്‍കുമാറാണ് നേതൃത്വത്തിനെതിരെ കുറിപ്പിട്ടത്.
‘വായ്പയെടുത്ത് വര്‍ഷങ്ങളോളം തിരിച്ചടയ്ക്കാതിരുന്നിട്ട് അനി ചേട്ടന്റെ ഭൗതികശരീരത്തിന് മുന്നില്‍ വന്നുനിന്ന് കരയാന്‍ ഉളുപ്പില്ലാത്തവരും അവിടെയുണ്ടായിരുന്നു’എന്നാണ് സുനില്‍കുമാര്‍ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്.
‘കാശിനുവേണ്ടി മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ടവരെ പാര്‍ടിയും സംഘവും തിരിച്ചറിയണം. സംഘം എന്നുദ്ദേശിച്ചത് കേരളത്തിലെ സംഘത്തിനെയാണ്’ എന്നും കുറിച്ചിരുന്നു. കേരളത്തിലെ സംഘത്തേക്കാള്‍ ഭേദമാണ് വടക്കരായ സംഘികളെന്നും ആദ്യത്തെ പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.
എന്നാലിത് ചൊവ്വാഴ്ച പിന്‍വലിച്ചു. തന്റെ വാചകങ്ങളെ വളച്ചൊടിച്ച് മുതലെടുപ്പ് നടത്തുകയാണെന്നും മരണവാര്‍ത്ത അറിഞ്ഞപ്പോഴുള്ള വികാരത്തിലാണ് കുറിപ്പിട്ടതെന്നുമായി വിശദീകരണം. മണിക്കൂറുകള്‍ക്കുശേഷം ഈ കുറിപ്പും സമൂഹമാധ്യമത്തില്‍നിന്ന് നീക്കി. വായ്പയെടുത്തവരുടെ രാഷ്ട്രീയം താന്‍ പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായി ഇട്ട പോസ്റ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വീണ്ടുമൊരു കുറിപ്പിട്ട് തടിതപ്പി.
തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണച്ചുമതല കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമീഷണര്‍ സ്റ്റ്യുവര്‍ട്ട് കീലര്‍ക്ക്. പൂജപ്പുര പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ചുമതല എസിപിക്കു കൈമാറിയത്. ഫയല്‍ ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്നും പ്രത്യേക സംഘം രൂപീകരിക്കുമെന്നും എസിപി പറഞ്ഞു.
സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും. അനില്‍ പ്രസിഡന്റായിരുന്ന തിരുവനന്തപുരം ജില്ലാ ഫാം ടൂര്‍ സഹകരണ സംഘത്തിലെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. സഹപ്രവര്‍ത്തകരായ ചിലരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അനില്‍ ആത്മഹത്യ ചെയ്യുമെന്ന് നേരത്തേ പറഞ്ഞിരുന്നതായി അവര്‍ മൊഴി നല്‍കി. നമ്മുടെ ആള്‍ക്കാര്‍ വഞ്ചിച്ചുവെന്ന് എഴുതിവെച്ചാണ് അനില്‍ ആത്മഹത്യചെയ്തത്.






