Breaking NewsKeralaLead NewsNEWS

ഭൂട്ടാന്‍ വണ്ടിതട്ടിപ്പ് വാര്‍ത്താ സമ്മേളനത്തിനിടയ്‌ക്കൊരു ഫോണ്‍കോള്‍; എല്ലാം പൂട്ടിക്കെട്ടി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സ്ഥലംവിട്ടു; തട്ടിപ്പ് നടന്മാര്‍ക്ക് അറിയാമെങ്കില്‍ കേസ് വരും; ആ ഫോണ്‍ സമ്മര്‍ദ്ദം എത്തിയത് നടന്‍ വഴി?

കൊച്ചി: കേരളത്തിലെ 5 ജില്ലകളിലായി നടത്തിയ റെയ്ഡിനു പിന്നാലെ 36 വാഹനങ്ങള്‍ പിടികൂടിയ ശേഷം കസ്റ്റംസ് അന്വേഷണം പുതിയ തലത്തിലേക്ക്. തട്ടിപ്പിനെ കുറിച്ച് നടന്മാര്‍ക്ക് അറിയാമായിരുന്നു എന്നാണ് കണ്ടെത്തലെങ്കില്‍ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ നേരിടേണ്ടി വരും. ഇടനിലക്കാരുടെ തട്ടിപ്പാണ് നടന്നതെങ്കില്‍ നടന്മാര്‍ക്ക് രക്ഷപ്പെടാം. പക്ഷേ ഇടനിലക്കാരുടെ വിശദാംശങ്ങള്‍ നല്‍കേണ്ടി വരും. പൃഥ്വിരാജും ഇത്തരമൊരു വാഹനം സ്വന്തമാക്കിയതായി കസ്റ്റംസിന് വിവരമുണ്ടെങ്കിലും കൊച്ചിയിലോ തിരുവനന്തപുരത്തോ ഇത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഈ വാഹനവും അതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാന്‍ പൃഥ്വിരാജിന് നോട്ടീസ് നല്‍കും. ഉന്നതരുടെ പേരടക്കം വാര്‍ത്താ സമ്മേളനം വിളിച്ച് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ ടി.ടിജു പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം നടന്നത്. ഇതു കൊണ്ടു തന്നെ വസ്തുതകള്‍ കൃത്യമായി പുറത്തെത്തി.

അതിനിടെ, ഈ വിവരം പുറത്തു വിട്ട വാര്‍ത്താ സമ്മേളനത്തില്‍ നാടകീയതകളും ഉണ്ടായി. വാര്‍ത്താ സമ്മേളനം മുക്കാല്‍ഭാഗം പൂര്‍ത്തിയായ സമയം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ ടി.ടിജുവിന് ഒരു ഫോണ്‍ കോള്‍ വന്നു. ഏതാനും മിനിറ്റ് ഫോണിലൂടെ സംസാരിച്ച ശേഷം വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അതിന് മുമ്പ് റെയ്ഡുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ നില്‍ക്കുന്നവരാണ് കൂടുതലായും ഭൂട്ടാനില്‍ നിന്നുള്ള വാഹനങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. നടന്മാര്‍ക്ക് പുറമെ വ്യവസായികള്‍ അടക്കമുള്ളവും വാഹന ഷോറൂം ഉടമകളും കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുണ്ട്. ടിജുവിന് മേല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കാന്‍ ചില സമ്മര്‍ദ്ദം ഉണ്ടായി എന്ന് സൂചനകളുണ്ട്. മലയാള സിനിമയിലെ പ്രമുഖ നടനും മറ്റൊരു വ്യവസായിയുമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. നടന്മാര്‍ക്ക് ഒന്നും അറിയില്ലെന്ന് വരുത്താന്‍ അണിയറയില്‍ കഥകളും പുരോഗമിക്കുന്നുണ്ട്.

Signature-ad

പൃഥ്വിരാജിന്റെ തേവരയിലെ വീട്ടില്‍ പരിശോധനയ്ക്കെത്തിയെങ്കിലും ഇവിടെ വാഹനവും ആളുകളും ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് കസ്റ്റംസ് സംഘം മടങ്ങി. പനമ്പിള്ളി നഗറിലെ ദുല്‍ഖര്‍ സല്‍മാന്റെ വീടിനോടു ചേര്‍ന്നുള്ള ഗാരേജില്‍നിന്ന് രണ്ടു വാഹനങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കസ്റ്റംസ് പിടിച്ചെടുത്തു. ദുല്‍ഖറിന്റെ ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡറും ലാന്‍ഡ് ക്രൂയിസറുമാണ് പിടിച്ചെടുത്തത്. ഇതില്‍ ഒരെണ്ണം കസ്റ്റംസ് ഓഫീസിലേക്ക് എത്തിച്ചു. രണ്ടാമത്തേതിനു ഫിറ്റ്‌നസ് ഇല്ലാത്തതിനാല്‍ ദുല്‍ഖറിന്റെ ഗാരേജില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. അമിത് ചക്കാലയ്ക്കലിന്റെ എട്ടു വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതില്‍ മൂന്നെണ്ണം ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. അമിത് ചക്കാലയ്ക്കലില്‍നിന്ന് ഇന്നലെ വൈകുന്നേരം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഫിറ്റ്‌നസ്, ഇന്‍ഷ്വറന്‍സ് എന്നിവയൊന്നുമില്ലാതെയാണു വാഹനങ്ങള്‍ ഓടുന്നത്. പുറത്തുനിന്ന് വാഹനങ്ങള്‍ എത്തിച്ചാല്‍ ഒരുമാസത്തിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്നാണു നിയമം. എന്നാല്‍ എട്ടു മാസമായിട്ടും വാഹനം രജിസ്റ്റര്‍ ചെയ്യാതെ വിദേശനമ്പറുകളില്‍ കേരളത്തില്‍ ഓടുന്നുണ്ട്.

ദുല്‍ഖറിന്റെ വാഹനങ്ങള്‍ കൂടി സൂക്ഷിക്കുന്നു എന്ന് അറിഞ്ഞതിനാലാണ് പനമ്പിള്ളി നഗറില്‍ മമ്മൂട്ടി മുമ്പ് താമസിച്ചിരുന്ന വീട്ടിലെ ഗരേജിലും റെയ്ഡ് നടത്തിയത് എന്നാണ് കസ്റ്റംസ് വ്യക്തമാക്കിയിട്ടുള്ളത്. ദുല്‍ഖറുമായി ബന്ധപ്പെട്ട മറ്റു രണ്ടു വാഹനങ്ങള്‍ കൂടി പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു. ദുല്‍ഖറും തന്റെ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കേണ്ടി വരും. അതിനിടെ, അമിത് ചക്കാലയ്ക്കലിന്റെ വീട്ടില്‍ നിന്ന് പിടികൂടിയ ഒരു ടൊയോട്ട ലാന്‍ഡ് ക്രൂയിസറും ഒരു ലെക്സസും കസ്റ്റംസിന്റെ കൊച്ചി ഓഫിസിന്റെ കസ്റ്റഡിയിലുണ്ട്. അമിത്തിനോട് ഇന്നു തന്നെ രേഖകളുമായി ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. താന്‍ 5 വര്‍ഷം മുമ്പ് ഗോവ സ്വദേശിയില്‍നിന്നു വാങ്ങിയതാണ് ലാന്‍ഡ് ക്രൂയിസറെന്നും ലെക്സസ് ഒരു സുഹൃത്തിന്റെ വാഹനമാണെന്നുമാണ് അമിത് ചക്കാലയ്ക്കല്‍ പറയുന്നത്.

ഭൂട്ടാന്‍ കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് നടക്കുന്ന വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് ബ്യൂറോയും റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും നടത്തിയ അന്വേഷണത്തിനിടെ ഒരു ഇടനിലക്കാരനെ പിടികൂടിയതാണ് നിലവിലെ റെയ്ഡ് അടക്കമുള്ള കാര്യങ്ങളിലേക്ക് നയിച്ചത്. ഉത്തരേന്ത്യക്കാരനായ ഈ വ്യക്തിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുന്നൂറോളം വാഹനങ്ങള്‍ കേരളത്തിലേക്ക് മാത്രം കടത്തിയതായി അന്വേഷണ ഏജന്‍സികള്‍ മനസ്സിലാക്കിയത്. വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയും ഭൂട്ടാനില്‍നിന്ന് അത് അനധികൃതമായി ഇന്ത്യയിലെത്തിക്കുകയും തുടര്‍ന്ന് ചില ആര്‍ടിഒ ഓഫിസ് ജീവനക്കാരുടെ കൂടി സഹായത്തോടെ അവയ്ക്ക് രേഖകള്‍ ഉണ്ടാക്കി വില്‍പന നടത്തുകയുമാണ് സംഘം ചെയ്യുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ ഉള്ളതിനാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിന് എത്തും.

 

 

Back to top button
error: