ശബരിമലയില്‍ ആചാരലംഘനത്തിന് നേതൃത്വം നല്‍കിയയാളാണ് മുഖ്യമന്ത്രി ; പമ്പയില്‍ കാലുകുത്തിയാല്‍ പാപഭാരം കൊണ്ടു അദ്ദേഹം വിയര്‍ക്കുമെന്ന് കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി തന്നെ ഇപ്പോള്‍ അയ്യപ്പസംഗമത്തിന് ചുക്കാന്‍ പിടിക്കുകയാണെന്നും പമ്പയില്‍ കാലുകുത്തുമ്പോള്‍ മുഖ്യമന്ത്രി പാപഭാരം കൊണ്ടുവിയര്‍ത്ത് പോകുമെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വിശ്വാസ സംരക്ഷണമെന്ന പേരില്‍ നടത്തുന്ന പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും പറഞ്ഞു.
അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് വേണുഗോപാല്‍ പറഞ്ഞു. അയ്യപ്പ സംഗമം ജനങ്ങളെ വിഡ്ഢികളാക്കി നടത്തുന്ന പ്രഹസനമെന്നും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിലാണ് കെ.സി. വേണുഗോപാല്‍ ഇക്കാര്യം പറഞ്ഞത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. പമ്പാതീരത്ത് നടക്കുന്ന പരിപാടിയിലേക്ക് 3000 പേര്‍ക്കാണ് പ്രവേശനം. മുഖ്യമന്ത്രിയാണ് പരിപാടിയുടെ ഉദ്ഘാടകന്‍. അതേസമയം ഒമ്പത് വര്‍ഷവും ഇല്ലാത്ത പരിപാടി പത്താം വര്‍ഷം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.






