Breaking NewsKeralaLead NewsLIFENEWSNewsthen SpecialReligion

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവനെ നിയമിച്ചതിനു പിന്നാലെ തന്ത്രിമാരുടെ ബഹിഷ്‌കരണമെന്ന് പരാതി; തൃശൂര്‍ സ്വദേശി ബുക്ക് ചെയ്ത കളഭം മുടങ്ങി; ജാതി ചിന്തകളില്‍ വിശ്വസിക്കുന്നില്ലെന്ന് തരണെല്ലൂര്‍ കുടുംബാംഗം

കൊച്ചി: ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിനെ കൂടല്‍മാണിക്യം ക്ഷേത്ര കഴകക്കാരനായി നിയമിച്ചതില്‍ തന്ത്രിമാരുടെ എതിര്‍പ്പ് തുടരുന്നു. ക്ഷേത്രബഹിഷ്‌കരണ സമരം മൂലം ഇന്നലെ കളഭം ചടങ്ങിയെന്ന് ആരോപണം. 18,000 രൂപ ചെലവുള്ള ഈ വഴിപാട് ആഴ്ചകള്‍ക്ക് മുമ്പ് ബുക്ക് ചെയ്തിരുന്നത് തൃശൂര്‍ സ്വദേശിയായ ഡോക്ടറാണ്. വഴിപാട് മറ്റൊരു ദിവസത്തേക്ക് മാറ്റി. 21നും കളഭം വഴിപാട് ബുക്കിംഗുണ്ട്. അന്നും ബഹിഷ്‌കരണം തുടരാനാണ് സാധ്യതയെന്നും പറയുന്നു.

ആറ് തന്ത്രിമാരാണ് ക്ഷേത്രത്തിലുള്ളത്. ഇതില്‍ പടിഞ്ഞാറേ തരണനല്ലൂര്‍ തന്ത്രികുടുംബം, പരമ്പരാഗതമായി നിശ്ചയിച്ച ചടങ്ങുകള്‍ക്ക് മാത്രമേ പങ്കെടുക്കാറുള്ളൂ. മറ്റ് അഞ്ച് തന്ത്രിമാരുടെയും ബഹിഷ്‌കരണത്തെ തുടര്‍ന്ന്, കന്നി തീയതിയിലെ പൂജാ കര്‍മ്മങ്ങള്‍ക്ക് പടിഞ്ഞാറേ തരണനല്ലൂര്‍ അനിപ്രകാശിനെ ദേവസ്വം വിളിച്ചുവരുത്തിയിരുന്നു. മുന്‍നിശ്ചയിച്ച ചടങ്ങുണ്ടായതിനാല്‍ അദ്ദേഹത്തിന് ഇന്നലെ വരാനായില്ല. തന്ത്രിമാരുടെ സൗകര്യം നോക്കി തീയതി നിശ്ചയിച്ചാണ് കളഭം, കലശം വഴിപാടുകള്‍ രസീതാക്കുക.

Signature-ad

അഞ്ചു തന്ത്രികുടുംബങ്ങളാണ് അനുരാഗിനെ എതിര്‍ക്കുന്നതെന്നും ഇവരുടെ കടുംപിടിത്തത്തില്‍ വിയോജിപ്പുണ്ടെന്നും പടിഞ്ഞാറേ തരണനല്ലൂര്‍ കുടുംബാംഗമായ അനിപ്രകാശ് പറഞ്ഞു. അനുരാഗിന്റെ നിയമനം ക്ഷേത്രചൈതന്യത്തെ ബാധിക്കുമെന്നും പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചവേണമെന്നും ആവശ്യപ്പെട്ട് ദേവസ്വത്തിന് തന്ത്രിമാര്‍ നല്‍കിയ കത്തില്‍ ഈ കുടുംബത്തിലെ പത്മനാഭന്‍ നമ്പൂതിരിപ്പാട് ഒപ്പുവച്ചിട്ടില്ല. ദേവസ്വം ഭരണസമിതിയംഗം കൂടിയായ നെടുമ്പിള്ളി മനയിലെ ഗോവിന്ദന്‍ നമ്പൂതിരിക്ക് പകരം ഒപ്പിട്ടത് തന്ത്രിപ്പട്ടികയില്‍ ഇല്ലാത്ത സതീശന്‍ നമ്പൂതിരിയാണ്. ജാതിചിന്തകളില്‍ വിശ്വസിക്കുന്നില്ലെന്ന് തരണനല്ലൂര്‍ അനിപ്രകാശ് വ്യക്തമാക്കി.

Back to top button
error: