ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചതിന് നടപടി ; കാരണം കാണിക്കലിന് മറുപടി നോക്കേണ്ടെന്ന് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം ; പീച്ചി എസ്എച്ച്ഒ പി.എം. രതീഷിനെ സസ്‌പെന്റ് ചെയ്തു

തൃശ്ശൂര്‍: ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ കടവന്ത്ര എസ്എച്ച്ഒ പി എം രതീഷിനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് മര്‍ദനത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ദക്ഷിണമേഖല ഐജിയാണ് എസ് ശ്യാംസുന്ദറാണ് രതീഷിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
സംഭവത്തില്‍ രതീഷിന് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. എന്നാല്‍ അതുവരെ കാത്തിരിക്കേണ്ടതില്ലെന്ന ആഭ്യന്തരവകുപ്പി ന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കടന്നത്. 2023 മെയിലാണ് ഹോട്ടല്‍ ഉടമയായ കെ പി ഔസേപ്പിനും മകനും ജീവനക്കാര്‍ക്കും പീച്ചി സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റത്. രതീഷ് ഈ സമയത്ത് പീച്ചി എസ്‌ഐ ആയിരുന്നു. ബിരിയാണിയെ ചൊല്ലി പാലക്കാട് സ്വദേശിയുമായുണ്ടായ തര്‍ക്കത്തിനു പിന്നാലെയായിരുന്നു മര്‍ദ്ദനം.
പരാതി പറയാനെത്തിയ ഹോട്ടല്‍ മാനേജറേയും ഡ്രൈവറേയും അന്നത്തെ പീച്ചി സ്റ്റേഷന്‍ എസ് ഐ ആയിരുന്ന രതീഷ് മുഖത്തടിച്ചെന്നായിരുന്നു പരാതി. പിന്നാലെ വിവരം അറിഞ്ഞെത്തിയ ഔസേപ്പിനേയും മകനേയും രതീഷ് ഭീഷണിപ്പെടുത്തി. പരാതിക്കാരനായ ദിനേശിന്റെ സഹോദരീപുത്രന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും വധശ്രമവും പോക്‌സോ കേസും ചുമത്തുമെന്നായിരുന്നു ഭീഷണി.
പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് രതീഷ് പറഞ്ഞതായി ഔസേപ്പ് ആരോപിച്ചിരുന്നു. പൊലീസ് നിര്‍ദേശ പ്രകാരം അഞ്ച് ലക്ഷം രൂപ നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. ഇതില്‍ മൂന്ന് ലക്ഷം പൊലീസിനും രണ്ട് ലക്ഷമാണ് തനിക്ക് ലഭിക്കുക എന്നാണ് പാലക്കാട് സ്വദേശിയായ പരാതിക്കാരന്‍ പറഞ്ഞതെന്നും ഔസേപ്പ് പറഞ്ഞിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ക്കായി ഔസേപ്പ് ശ്രമം നടത്തിയിരുന്നെങ്കിലും പൊലീസ് നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ ഇദ്ദേഹം വിവരാവകാശ നിയമപ്രകാരം നിയമപോരാട്ടം നടത്തിയാണ് ദൃശ്യങ്ങള്‍ എടുത്തത്.






