Breaking NewsLead NewsNewsthen Specialpolitics

രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും നേരിടുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും കൊണ്ടുവരാൻ ശ്രമിക്കുന്നതിലെ ഉദ്ദേശശുദ്ധി എന്താണ്?

ബീഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ എസ്ഐആർ അഥവാ തീവ്ര പരിഷ്കരണം സൃഷ്ടിച്ച വിവാദങ്ങളും പ്രശ്നങ്ങളും ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ ബീഹാറിലെ ആയിരക്കണക്കിന് വോട്ടർമാരാണ് തങ്ങളെ അകാരണമായി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയെന്ന പരാതിയുമായി ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനെ കണ്ടത്. ബീഹാറിൽ തീവ്ര പരിഷ്കരണത്തിനു ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 65 ലക്ഷം മനുഷ്യരാണ് ഒഴിവാക്കപ്പെട്ടത്. ഈ നടപടി സുപ്രീംകോടതി വരെ ചോദ്യം ചെയ്യപ്പെട്ടു. മരണപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയ മനുഷ്യർ ജീവനോടെ സുപ്രീം കോടതിയിൽ ഹാജരായ നാടകീയ കാഴ്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ മരണപ്പെട്ടു എന്ന് അടയാളപ്പെടുത്തിയ മനുഷ്യർക്കൊപ്പം ചായ കുടിക്കുന്ന രാഹുലിന്റെ ചിത്രവും ഏറെ ചർച്ചയായിരുന്നു.

ഇത്തരത്തിൽ രാജവ്യാപകമായി വിമർശനങ്ങൾ നേരിട്ട, തിരഞ്ഞെടുപ്പ് കമ്മീഷൻ വഴിവിട്ട് ഭരണകൂടത്തെ സഹായിക്കാൻ വേണ്ടിയാണ് നടപ്പിലാക്കിയത് എന്ന് പ്രതിപക്ഷം ആരോപിക്കുന്ന തീവ്ര പരിഷ്കരണം രാജ്യം മുഴുവൻ നടപ്പിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നു എന്നുള്ള വാർത്തകളാണ് ഈ ദിവസങ്ങളിൽ പുറത്തുവരുന്നത്. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടർ ഓഫീസർമാരുമായി നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എപ്പോൾ സാധിക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യത്തോട് സെപ്റ്റംബറോടെ അടിസ്ഥാന കാര്യങ്ങൾ പൂർത്തിയാകും എന്നും ഒക്ടോബറിൽ നടപടികൾ ആരംഭിക്കാൻ കഴിയുമെന്നും ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും ഉറപ്പുനൽകി എന്നാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. ബീഹാറിലെ എസ്ഐആറിനെ ചൊല്ലി രാജ്യത്ത് ഇപ്പോഴും പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കാൻ മുതിരുന്നത്. ഇതിലൂടെ എന്ത് സന്ദേശമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തിനു നൽകുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല.

Signature-ad

ബീഹാറിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള രേഖയായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആധാർ കാർഡ് പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ജൂലൈ പത്തിന് ആധാർ കാർഡ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ബീഹാറിൽ ഇത് നടപ്പിലാകുന്നില്ല എന്ന് ആർജെഡി ഉൾപ്പെടെയുള്ള പാർട്ടികൾ സുപ്രീംകോടതിയെ അറിയിക്കുകയുണ്ടായി. ആധാർ കാർഡ് രേഖയായി സ്വീകരിച്ച ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്നും നോട്ടീസ് നൽകുന്നതായും ഹർജിക്കാർ പരാതിപ്പെട്ടു. ഇതിന് തുടർന്ന് ഏതാനും ദിവസങ്ങൾക്കു മുന്നേ വീണ്ടും ഈ വിഷയത്തിൽ സുപ്രീംകോടതി ഇടപെടുകയും പന്ത്രണ്ടാമത്തെ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദേശിക്കുകയുണ്ടായി. ഇത്തരത്തിൽ ബീഹാറിൽ നടപ്പിലാക്കിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പിലാക്കിയ രീതിയിലും, ഉപയോഗിച്ച മാനദണ്ഡങ്ങളിലും വലിയ വിവാദങ്ങളും നിയമക്കുരുക്കുകളും സൃഷ്ടിച്ചിരുന്നു.

കൃത്യമായ പരിശോധനകൾ ഇല്ലാതെ പൗരന്മാരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റുന്നു എന്നതാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. കനത്ത മഴയിലും പ്രളയത്തിലും ബീഹാർ മുങ്ങി നിൽക്കുമ്പോൾ ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ തീവ്ര വോട്ടർ പട്ടിക പരിഷ്കരണങ്ങളുമായി മുന്നോട്ടുപോയത്. ഇതെല്ലാം കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ എസ് ഐ ആറിലൂടെ മറ്റു പല താൽപര്യങ്ങളുമാണ് നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുകയായിരുന്നു. രാജ്യവ്യാപകമായി തന്നെ വലിയ പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും നേരിടുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഏതു സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല.

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പ്രകാരം രാജ്യവ്യാപകമായി ഒക്ടോബർ മുതൽ നടപ്പിലാക്കപ്പെടും എന്നു പറയപ്പെടുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പ്രാദേശികമായി അംഗീകരിക്കപ്പെട്ടതും എളുപ്പത്തിൽ ലഭ്യമായതുമായ സർട്ടിഫിക്കറ്റുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും, ഇവ സംസ്ഥാനങ്ങൾ അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെടും. അതായത് ഒരുദാഹരണം പറഞ്ഞാൽ ഗോത്രവർഗ്ഗക്കാർ കൂടുതലുള്ള വടക്ക് കിഴക്കൻ പ്രദേശങ്ങൾ, അതുപോലെ തീര മേഖലകൾ എന്നിവിടങ്ങളിൽ തിരിച്ചറിയൽ താമസത്തിനും പ്രത്യേക രേഖകൾ സാധാരണമാണ്. പല സംസ്ഥാനങ്ങളിലും തദ്ദേശസ്ഥാപനങ്ങളും സ്വയംഭരണ കൗൺസിലുകളും നൽകുന്ന സർട്ടിഫിക്കറ്റുകൾക്കും അംഗീകാരം ഉണ്ട്. ഇത്തരത്തിലുള്ള പ്രാദേശിക വ്യത്യാസങ്ങളെ കണക്കിലെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന കമ്മീഷനുകൾ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് വാർത്തകൾ.

വോട്ടു പട്ടികയിൽ നിന്ന് മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, വിദേശികൾ, വ്യാജ എൻട്രികൾ എന്നിവരെ ഒഴിവാക്കുന്നതിനോടൊപ്പം അർഹരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തി വോട്ടർ പട്ടിക പരിഷ്കരിക്കുകയാണ് ലക്ഷ്യം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. എന്നാൽ ഈ വിഷയത്തിൽ പ്രതിപക്ഷത്തിന് പറയാനുള്ളത് മറ്റൊരു കഥയാണ്. ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മരണപ്പെട്ടു എന്ന് കാണിച്ചുകൊണ്ട് വോട്ടർപട്ടയിൽ നിന്നും ഒഴിവാക്കിയ സ്ത്രീയെ കോടതിയിൽ ഹാജരാക്കി ശേഷം യോഗേന്ദ്ര യാദവ് മാധ്യമങ്ങളോട് പറഞ്ഞത് 65 ലക്ഷം പേര് വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കി എന്നും, ലോകത്ത് എവിടെയും ഇതുപോലൊരു ഒഴിവാക്കൽ നടന്നിട്ടില്ല എന്നുമാണ്. അതുകൊണ്ടുതന്നെ ദേശീയ വ്യാപകമായി തിരഞ്ഞെടുപ്പ് കമ്മീഷൻ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താൻ മുതിരുമ്പോൾ ബീഹാറിലെ ഉദാഹരണം ചൂണ്ടിക്കാട്ടി പ്രതിപക്ഷം വലിയ പ്രതിഷേധങ്ങൾക്ക് തന്നെ നേതൃത്വം നൽകുമെന്നാണ് കരുതേണ്ടത്.

ഒരു ഭാഗത്ത് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷൻ കള്ളക്കളി നടത്തുന്നു എന്ന് ആരോപിച്ച് വലിയ ക്യാമ്പയിൻ നടത്തുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഇത്തരം ഒരു നടപടി ഉണ്ടായിട്ടുള്ളത്. ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടർമാരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടുണ്ടായിരുന്നില്ല, ഏതാനും ആഴ്ചകൾക്ക് മുമ്പ് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും, അതിൽ ഏതു മാനദണ്ഡ പ്രകാരമാണ് ഒഴിവാക്കിയതെന്ന് അടയാളപ്പെടുത്തണമെന്നും ഉത്തരവിട്ടിരുന്നു. ഇത്തരത്തിൽ സുപ്രീംകോടതി നിന്ന് ഉൾപ്പെടെ പല തിരിച്ചടികളും നേരിട്ട എസ് ഐ ആർ രാജവ്യാപകമായി നടപ്പിലാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നത്. രാഷ്ട്രീയപരമായി ഈ തീരുമാനം ഇന്ത്യയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കും എന്ന് നിസംശയം പറയാം.

രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ട് കൊള്ള വിവാദത്തിൽ ഒരു അന്വേഷണം പോലും പ്രഖ്യാപിക്കാത്തത് തിരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലാക്കുന്നു എന്ന് മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ പോലും വിമർശിക്കുന്ന സാഹചര്യത്തിലാണ് വ്യാജ വ്യാപകമായി പ്രതിഷേധം നേരിട്ട തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എല്ലാ സംസ്ഥാനത്തും കേന്ദ്ര ഭരണ പ്രദേശത്തും നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയിടുന്നത്. ഈ നടപടി വീണ്ടും പൊതുജനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മേലുള്ള വിശ്വാസത്തെ ഇല്ലാതെയാകില്ലേ എന്നുള്ള ചോദ്യങ്ങളും പലഭാഗത്തുനിന്നും ഉയർന്നു വരുന്നുണ്ട്. രാജവ്യാപകമായി എസ്ഐആർ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കാൻ ശ്രമിക്കുന്നതിനെ പ്രതിപക്ഷ കക്ഷികൾ എങ്ങനെ നേരിടും എന്നത് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും.

Back to top button
error: