Breaking NewsIndiaLead NewsNEWS

”നേപ്പാളില്‍ എന്താണ് നടക്കുന്നതെന്ന് കണ്ടില്ലേ? നമ്മുടെ ഭരണഘടനയില്‍ നമുക്ക് അഭിമാനമുണ്ട്”

ന്യൂഡല്‍ഹി: നമ്മുടെ അയല്‍രാജ്യമായ നേപ്പാളില്‍ എന്താണ് നടക്കുന്നതെന്ന് കണ്ടില്ലേയെന്ന് സുപ്രീംകോടതി. പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെയും മറ്റ് കക്ഷികളുടെയും വാദങ്ങള്‍ കേള്‍ക്കുന്നതിനിടെയാണ്, നേപ്പാളിലെ പ്രക്ഷോഭം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഈ ചോദ്യമുന്നയിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ ചീഫ് ജസ്റ്റിസ് പ്രകീര്‍ത്തിക്കുകയും ചെയ്തു.

നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ എന്നതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സിലാണ് സുപ്രീംകോടതിയില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത്. കേസില്‍ 9-ാം ദിവസത്തെ വാദം കേള്‍ക്കലിനിടെയാണ് ചീഫ് ജസ്റ്റിസ് നേപ്പാളിലെ പ്രക്ഷോഭം പരാമര്‍ശിച്ചത്.

Signature-ad

‘നമ്മുടെ ഭരണഘടനയില്‍ നമുക്ക് അഭിമാനമുണ്ട്… നമ്മുടെ അയല്‍ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ…. നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടു.’ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് വിക്രം നാഥും ചീഫ് ജസ്റ്റിസ് ഗവായിയുടെ പരാമര്‍ശങ്ങളെ പിന്തുണച്ചു.

ബംഗ്ലാദേശിലും സമാനമായ പ്രക്ഷോഭം കഴിഞ്ഞ വര്‍ഷം അരങ്ങേറിയിരുന്നതായി ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. നേപ്പാളിലെ പ്രക്ഷോഭത്തെ ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ സ്ഥിരതയ്ക്ക് കാരണം ഭരണഘടനാ ചട്ടക്കൂടും മികച്ച ജനാധിപത്യ സംവിധാനവുമാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

1970 മുതല്‍ ഗവര്‍ണര്‍മാര്‍ അംഗീകരിച്ച 17,000 ബില്ലുകളില്‍ 20 എണ്ണം മാത്രമേ തടഞ്ഞുവച്ചിട്ടുള്ളൂവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. കേസില്‍ വാദം കേള്‍ക്കല്‍ ഇന്നും തുടരും. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവയ്ക്കുമെന്ന് സുപ്രീം കോടതി സൂചന നല്‍കി.

 

Back to top button
error: