കിടുവ പിടച്ച കടുവ! എക്സൈസ് ഓഫീസ് റെയ്ഡില്‍ കണ്ടെത്തിയത് അളവില്‍ കൂടുതല്‍ മദ്യം; പോലീസ് കേസെടുത്തു

കോഴിക്കോട്: എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ വിജിലന്‍സ് റെയ്ഡില്‍ അളവില്‍ കൂടുതല്‍ മദ്യം കണ്ടെത്തിയതിന് നടക്കാവ് പോലീസ് കേസെടുത്തു. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ മിന്നല്‍പ്പരിശോധന നടത്തിയപ്പോഴാണ് അളവില്‍ കൂടുതല്‍ മദ്യം രേഖകളില്ലാതെ സൂക്ഷിച്ചതായി കോഴിക്കോട് ഉത്തരമേഖലാ വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി കണ്ടെത്തിയത്. ഓപ്പറേഷന്‍ സേഫ് സിപ്പ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍പ്പരിശോധനയുടെ ഭാഗമായിട്ടാണ് ഇവിടെയും പരിശോധന നടന്നത്. സെപ്റ്റംബര്‍ രണ്ടിന് രാത്രി 7.30-നായിരുന്നു സര്‍ക്കിള്‍ ഓഫീസില്‍ വിജിലന്‍സ് സംഘമെത്തിയത്.
ജില്ലയിലെ മറ്റ് എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും ഇതേ ദിവസം പരിശോധയുണ്ടായി. വടകര, പേരാമ്പ്ര, കൊടുവള്ളി, താമരശ്ശേരി എന്നീ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും പരിശോധനയുണ്ടായി. പേരാമ്പ്ര സര്‍ക്കിള്‍ ഓഫീസിലെ ഒരു എക്സൈസ് ഉദ്യോഗസ്ഥന് 10,000 രൂപ ഗൂഗിള്‍ പേയായി കള്ളുഷാപ്പില്‍നിന്ന് അയച്ചുകൊടുത്തതായി കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതില്‍ വിശദപരിശോധന തുടരുകയാണ്. കോഴിക്കോട് സര്‍ക്കിള്‍ ഓഫീസില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച 14 കുപ്പി മദ്യമാണ് കണ്ടെടുത്തത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലെ കാബിന് മുന്നിലെ മേശപ്പുറത്തായിരുന്നു സ്റ്റിക്കര്‍ പതിച്ച 14 കുപ്പി മദ്യം ഉണ്ടായിരുന്നത്. അതേസമയം, തണ്ണീര്‍പന്തല്‍ എന്ന സ്ഥലത്തുനിന്ന് അഞ്ചുലിറ്റര്‍ വിദേശമദ്യം കൈവശംവെച്ചതിന് ബൈജു എന്നയാളുടെ പേരില്‍ അബ്കാരി കേസെടുത്തെന്നും ഇയാളെയും തൊണ്ടിസാധനങ്ങളുമായും ഓഫീസിലേക്ക് വരുമ്പോള്‍ വേങ്ങേരി റോഡില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടതാണ് 500 മില്ലിലിറ്ററുള്ള 14 കുപ്പികളിലായുള്ള വിദേശമദ്യമെന്നുമാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥരോട് പറഞ്ഞത്.
സര്‍ക്കിള്‍ ഓഫീസില്‍നിന്ന് വിവിധ ബ്രാന്‍ഡുകളിലുള്ള മദ്യമാണ് കണ്ടെത്തിയതെന്ന് നടക്കാവ് പോലീസ് വ്യക്തമാക്കി. ഇവയൊന്നും തന്നെ ഓഫീസ് രേഖകളില്‍ ചേര്‍ത്തിട്ടില്ലെന്നാണ് വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് വിവിധ എക്സൈസ് ഓഫീസുകളിലേക്ക് ചില ബാറുകാരും കള്ളുഷാപ്പുകാരും മദ്യം നല്‍കിയിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയുണ്ടായത്.






