എല്ലാ പഴുതുകളും അടച്ചിട്ടും വോട്ടു ചോര്‍ച്ചയില്‍ ഞെട്ടി പ്രതിപക്ഷം; എഎപി, ശിവസേന, ഡിഎംകെ എംപിമാര്‍ കാലുമാറിയെന്ന് സംശയം; ബിജെപി ക്യാമ്പില്‍ ആഘോഷം

ന്യൂഡല്‍ഹി: എല്ലാ പഴുതുകളും അടച്ചിട്ടും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ന്നതിന്റെ ഞെട്ടലില്‍ പ്രതിപക്ഷം. എഎപി, ശിവസേന, ഡിഎംകെ എംപിമാരിലേക്കാണ് സംശയം ചെന്നെത്തുന്നത്. എന്‍ഡിഎ വിജയം ധാര്‍മ്മികവും രാഷ്ട്രീയവുമായ പരാജയമാണെന്നും പ്രത്യയശാസ്ത്ര പോരാട്ടം തുടരുമെന്നുമാണ് പ്രതിപക്ഷം പറയുന്നത്
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു പ്രതിപക്ഷം.ഫലം വന്നപ്പോള്‍ തകിടം മറിഞ്ഞു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി സുദര്ശന് റെഡ്ഡിക്ക് 300 ഉം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണന് 452 ഉം വോട്ട്. പ്രതിപക്ഷത്ത് 24 എണ്ണത്തിന്റെ കുറവ് പ്രതീക്ഷിച്ചിരുന്നു.
വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ 11 വോട്ടുകള്‍ക്ക് പുറമെ എന്‍ഡിഎയ്ക്ക് 13 വോട്ടുകള്‍ കൂടി ലഭിച്ചു. വോട്ട് ചോര്‍ച്ച ഉണ്ടായത് എഎപി, ശിവസേന ഉദ്ധവ് താക്കറെ എംപിമാര്‍ക്കിടയില്‍ നിന്നാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശിവസേന എംപിമാരില്‍ ഒരു വിഭാഗം ഏക്നാഥ് ഷിന്‍ഡെ വിഭാഗവുമായി കൈകോര്‍ക്കാന്‍ ആഗ്രഹിക്കുന്നു. എഎപി എംപിമാരില്‍ ചിലര്‍ ബിജെപിയോട് മൃദുസമീപനമാണ് തുടരുന്നത്. 15 വോട്ടുകള്‍ മനപ്പൂര്‍വം സാധുവാക്കി എന്ന് വ്യക്തമാണെന്നാണ് നേതാക്കള്‍ പറയുന്നത്.
2022 ലെ തിരഞ്ഞെടുപ്പില്‍ 26% വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ 40% ലഭിച്ചു എന്നും എന്‍ഡിഎ വിജയം ധാര്‍മ്മികവും രാഷ്ട്രീയവുമായ പരാജയമാണെന്നും പ്രതിപക്ഷം വാദിക്കുന്നു. റെഡ്ഡിക്ക് വോട്ട് ചെയ്യാന്‍ താല്പര്യമില്ലാത്ത ബിആര്‍എസിനെയും ബിജെഡിയെയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ വിജയം കണ്ടു എന്നും പ്രതിപക്ഷം അവകാശപ്പെടുന്നുണ്ട്. VP election result: Congress to probe cross-voting; MPs from AAP, Shiv Sena (UBT), DMK under lens






