Breaking NewsCrimeKeralaLead NewsNEWSNewsthen Special

അനാശാസ്യ കേന്ദ്രങ്ങളില്‍ ലൈംഗിക തേടി എത്തുന്നവര്‍ക്ക് എതിരേ പ്രേരണാ കുറ്റം നിലനില്‍ക്കും; ലൈംഗിക തൊഴിലാളിയെ ഉത്പന്നം എന്നു കാണാനാകില്ലെന്നും ഹൈക്കോടതി

കൊച്ചി: ലൈംഗിക ആവശ്യത്തിനായി അനാശാസ്യ കേന്ദ്രത്തില്‍ എത്തി പണം നല്‍കുന്നയാളുടെ പേരില്‍ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കുമെന്ന് കേരള ഹൈക്കോടതി. അനാശാസ്യ കേന്ദ്രത്തിലെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഒരാളെ ‘ഉപഭോക്താവ്’ എന്ന് വിളിക്കാന്‍ കഴിയില്ല. ലൈംഗികത്തൊഴിലാളിയെ ഒരു ‘ഉല്‍പ്പന്നം’ ആയി കാണാനാവില്ല. ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

മിക്ക കേസുകളിലും, മനുഷ്യക്കടത്തിലൂടെയാണ് ലൈംഗികത്തൊഴിലാളികളെ വ്യാപാരത്തിലേക്ക് ആകര്‍ഷിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സുഖംതേടുന്നവര്‍ നല്‍കുന്ന പണത്തിലേറെയും പോകുന്നത് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരുടെ കൈകളിലേക്കാണ്. ഇത്തരം കേന്ദ്രങ്ങളില്‍ ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്ന ഒരാള്‍ക്ക് പണം നല്‍കി വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നതിനാല്‍ 1956 ലെ ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം കേസെടുക്കാമെന്ന് കേരള ഹൈക്കോടതി വിധിച്ചു.

Signature-ad

തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് 2021-ല്‍ അനാശാസ്യപ്രവര്‍ത്തന നിരോധന നിയമപ്രകാരമെടുത്ത കേസിലാണ് വിധി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം പ്രതി നല്‍കിയ ഹര്‍ജി പരിഗണിക്കയായിരുന്നു കോടതി. ‘അനാശാസ്യകേന്ദ്രത്തിലെത്തി ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്നയാളെ ഉപഭോക്താവായി കാണാനാകില്ല. ഉപഭോക്താവായി കാണണമെങ്കില്‍ എന്തെങ്കിലും സാധനമോ സേവനമോ വാങ്ങണം. ലൈംഗികത്തൊഴിലാളി ഒരു ഉത്പന്നമല്ല അതിനാല്‍ അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗികബന്ധത്തിനായി പണം നല്‍കിയയാളുടെപേരില്‍ അനാശാസ്യപ്രവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പ് 5(1) ഡി പ്രകാരമുള്ള പ്രേരണക്കുറ്റം നിലനില്‍ക്കും’- കോടതി പറഞ്ഞു.

അനാശാസ്യ കേന്ദ്രത്തില്‍ ഒരു ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്ന ഒരാള്‍ യഥാര്‍ത്ഥത്തില്‍ ആ ലൈംഗികത്തൊഴിലാളിയെ പണം നല്‍കി വേശ്യാവൃത്തി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. അതിനാല്‍ നിയമത്തിലെ സെക്ഷന്‍ 5(1)(d) പ്രകാരമുള്ള കുറ്റകൃത്യത്തിന് അയാള്‍ക്കെതിരെ കേസ് നിലനില്‍ക്കും. പ്രേരകനെ ഒരു ഉപഭോക്താവായി വിശേഷിപ്പിച്ചാല്‍, അത് മനുഷ്യക്കടത്ത് തടയാനും വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരായ വ്യക്തികളെ ശിക്ഷിക്കാതിരിക്കാനും ഉദ്ദേശിച്ചുള്ള നിയമത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമായിരിക്കും,’ ഉത്തരവില്‍ പറയുന്നു.
നിയമത്തിലെ 3, 4 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഹര്‍ജിക്കാരനെതിരായ നടപടികള്‍ റദ്ദാക്കിയും നിയമത്തിലെ 5(1)(d), 7 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ തുടരാന്‍ അനുവദിച്ചും ഹൈക്കോടതി ബെഞ്ച് ഹര്‍ജി ഭാഗികമായി അനുവദിച്ചു.

2021 മാര്‍ച്ചില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുടപ്പനക്കുന്നിലെ ഒരു വീട്ടില്‍ ഹര്‍ജിക്കാരനും ഒരു സ്ത്രീയും നഗ്‌നയായി കിടക്കുന്നതായി കണ്ടെത്തി. കേസിലെ ആദ്യ രണ്ട് പ്രതികള്‍ മൂന്ന് സ്ത്രീകളെ വിലയ്ക്ക് വാങ്ങി വേശ്യാവൃത്തിക്കായി താല്‍പ്പര്യമുള്ളവരെ ക്ഷണിച്ചതായി കണ്ടെത്തി. 1956 ലെ ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ടിലെ സെക്ഷന്‍ 3 (വേശ്യാലയം നടത്തിയതിന് ശിക്ഷ), 4 (മറ്റൊരാളുടെ വേശ്യാവൃത്തിയുടെ വരുമാനം കൊണ്ട് ഭാഗികമായി/പൂര്‍ണ്ണമായി ജീവിച്ചതിന് ശിക്ഷ), 5(1)(d) (ഒരാളെ വേശ്യാവൃത്തി ചെയ്യാന്‍ പ്രേരിപ്പിക്കല്‍), 7 (പൊതുസ്ഥലങ്ങളിലോ സമീപത്തോ ഉള്ള വേശ്യാവൃത്തിക്കുള്ള ശിക്ഷ) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയ ഈ കേസില്‍ മൂന്നാം പ്രതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി വിധി. വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നതല്ല താന്‍ ഒരു ഉപഭോക്താവ് മാത്രമാണെന്നും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നതിന് കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. soliciting-in-a-brothel-can-lead-to-prosecution-says-kerala-hc

Back to top button
error: