Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

കര്‍ശന നടപടിയെന്നു ഡിജിപി; മുഖ്യമന്ത്രി ഇടപെട്ടു; മൗനം പാലിച്ചെന്ന വിമര്‍ശനത്തില്‍ കഴമ്പില്ല; മധു ബാബുവിന് എതിരായും നടപടി ഉടനെന്നും വിശദീകരണം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ലഭിച്ച പരാതികളെല്ലാം പരിശോധിക്കും. കുന്നംകുളത്ത് കര്‍ശന നടപടി സ്വീകരിക്കാന്‍ ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുബാബുവിനെതിരായ പരാതിയിലും കര്‍ശന നടപടി വരുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അതിക്രമം സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നപ്പോള്‍ നടപടിക്ക് മുഖ്യമന്ത്രി ഇടപെട്ടെന്നും മൗനം പാലിച്ചെന്ന വിമര്‍ശനത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കുന്നംകുളത്ത് അച്ചടക്ക നടപടി വൈകിയിട്ടില്ലെന്നും ഡിജിപി പറഞ്ഞു. അതേസമയം ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറാന്‍ പൊലീസ് തയ്യാറാകണമെന്നും പരസ്പര ബഹുമാനം ഉണ്ടാകണെന്നും റവാഡ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പരാതികളെല്ലാം ഗൗരവമായെടുത്തിട്ടുണ്ട്. ജനങ്ങളെ സഹായിക്കാനാണ് പൊലീസുള്ളതെന്നും ആശങ്ക വേണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

കേസിനു മറുവശംകൂടിയുണ്ടെന്ന് സിപിഎം

Signature-ad

അതേസമയം, കുന്നംകുളം മര്‍ദനത്തില്‍ നടപടിയെടുത്തതിനെ സ്വാഗതം ചെയ്യുന്നെന്നു വ്യക്തമാക്കി സിപിഎം തൃശൂര്‍ ഘടകവും രംഗത്തുവന്നു. നിയമം പാലിക്കേണ്ടവര്‍ നിയമം കൈയ്യിലെടുക്കുന്നതിനെ എക്കാലവും എതിര്‍ത്ത പാരമ്പര്യമാണ് സിപിഐ എമ്മിന്റേത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ രണ്ടുവര്‍ഷം മുമ്പുണ്ടായ ലോക്കപ്പ് മര്‍ദനത്തെയും അതേ നിലയില്‍ തന്നെയാണ് കാണുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും പൊലീസും നടപടി സ്വീകരിച്ചത് സ്വാഗതം ചെയ്യുന്നു. നിയമം പാലിക്കേണ്ടവരും ജനങ്ങള്‍ നിയമം ലംഘിച്ചാല്‍ നടപടിയെടുക്കേണ്ടവരുമാണ് പൊലീസ്. സേനയിലുള്ളവരുടെ വൈകാരിക നിലപാടുകളും സമീപനങ്ങളും അന്വേഷണത്തില്‍ പ്രതിഫലിക്കാന്‍ പാടില്ലെന്ന നിലപാട് ഉയര്‍ത്തി പിടിക്കുന്നതു കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യത്യസ്തമാകുന്നത്.

കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍ കേരള പൊലീസ് തെളിയിച്ചിട്ടുണ്ട്. ഒമ്പത് വര്‍ഷമായി രാജ്യത്തെ മികച്ച ക്രമസമാധാന പാലനമുള്ള സംസ്ഥാനമായി കേരളം മാറിയത് പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റേയും ഇടപെടലിലൂടെത്തന്നെയാണ്. പൊലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ വലതു രാഷ്ടീയ ശക്തികള്‍ നിരന്തരം ശ്രമിക്കുകയാണ്. തങ്ങളുടെ ഭരണ കാലത്ത് നിരപരാധികളെ ക്രൂരമര്‍ദനത്തിന് വിധേയമാക്കിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. അന്ന് പ്രതിപക്ഷത്തെ എംഎല്‍എമാരെ കള്ളക്കേസുകളില്‍ കുടുക്കുകയും സിപിഐ എം പ്രവര്‍ത്തകരെ ഭീകര മര്‍ദനത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. ഒരു ഉദ്യോഗസ്ഥനെതിരെ പോലും അന്ന് നടപടിയെടുത്തിട്ടില്ല.

കുന്നംകുളം സ്റ്റേഷനിലെ സംഭവത്തിന് ഒരു മറുവശം കൂടിയുണ്ട്. നിരപരാധിയായ യൂത്ത് കോണ്‍ഗ്രസുകാരനെ പൊലീസ് തല്ലി എന്നതാണ് പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത. അപരാധിയാണെങ്കിലും തല്ലാന്‍ പാടില്ല എന്ന തത്വാധിഷ്ഠിത നിലപാട് അംഗീകരിച്ചു കൊണ്ടുതന്നെ സത്യം സത്യമായി പറയേണ്ടതുണ്ട്. ടി കെ സുജിത് പൊലീസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്തതുള്‍പ്പടെ 11 കേസുകളില്‍ പ്രതിയാണ്.

പൊതു സ്ഥലത്ത് കൂട്ടം കൂടി മദ്യപിച്ച് ബഹളംവച്ച മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഇവരെ ബലമായി ഇറക്കിയ ആളാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ വാച്ച് ഈ ഘട്ടത്തില്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. കൂടുതല്‍ പൊലീസ് എത്തിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയില്‍ എടുത്തത്. മറ്റു ചില ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണ്. കേരളത്തിലെ പ്രമു ഖ ചാനലുകള്‍ ടി കെ സുജിത് പൊലീസിനെ കൈയ്യേറ്റം ചെയ്ത് പ്രതികളെ മോചിപ്പിച്ചു എന്ന വാര്‍ത്ത നേരത്തെ സംപ്രേക്ഷണം ചെയ്തിരുന്നതാണ്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഈ സംഭവം ബോധപൂര്‍വം മറച്ചുവച്ചു. നിരപരാധിയെ പൊലീസ് തല്ലി എന്ന പ്രതീതി ജനിപ്പിക്കാനായിരുന്നു ഇത്. ഇത് പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് എന്ന് വ്യക്തമാണെന്നും ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

 

Back to top button
error: