Breaking NewsIndiaLead NewsLIFELife StyleNEWSNewsthen SpecialWorld

നേപ്പാള്‍ കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭം; യുവതെ ഒറ്റവരിയില്‍ നിര്‍ത്തിയത് ഈ ചെറുപ്പക്കാരന്‍; ഇവന്റ് ഓര്‍ഗനൈസറായി തുടങ്ങി; നേപ്പാള്‍ യുവതയുടെ മുഖമായി

കാഠ്മണ്ഡു: ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നേപ്പാള്‍ കണ്ടത് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയൊരു യുവജന പ്രക്ഷോഭം. പ്രക്ഷോഭത്തിന്റെ ചുക്കാന്‍ പിടിച്ചതാകട്ടെ ഒരു യുവാവും. നേപ്പാൾ സർക്കാർ 26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ 20 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സെപ്റ്റംബർ 4-നാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെ 26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ സർക്കാർ നിരോധിച്ചത്.  കാഠ്മണ്ഡുവിൽ പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഏറ്റുമുട്ടലുകള്‍ക്കു പിന്നാലെ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് ധാർമ്മികഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചു. സ്ഥിതിഗതികൾ വഷളായതോടെ സൈന്യം പാർലമെന്റിന് ചുറ്റുമുള്ള റോഡുകളുടെ നിയന്ത്രണം ഏറ്റെടുത്തു.

Signature-ad

സര്‍ക്കാറിന്റെ ലക്ഷ്യം സെന്‍സര്‍ഷിപ്പ് ആയിരുന്നില്ലെന്നും നിയന്ത്രണം മാത്രമായിരുന്നുവെന്നും പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി പ്രതികരിച്ചു. നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ഈ രണ്ടു ദിവസത്തെ സംഭവം രാജ്യത്തിനുണ്ടാക്കിയ നഷ്ടവും അപമാനവും വളരെ വലുതാണ്.

യുവാക്കളെ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിര്‍ത്തിയത് 36കാരനായ യുവാവാണ്. ‘ഹമി നേപ്പാൾ’ എന്ന എൻജിഒയുടെ പ്രസിഡന്റായ സുഡാൻ ഗുരുങ് ആണ് സംഭവത്തെ ഒരു പൗരമുന്നേറ്റമാക്കി വളര്‍ത്തിയത്. റാലികള്‍ സംഘടിപ്പിക്കാന്‍ തന്റെ ടീം ഔദ്യോഗികമായി അപേക്ഷിച്ചിരുന്നെന്നും ഗുരുങ് പ്രതികരിച്ചു. വിദ്യാർത്ഥികളോട് സ്കൂൾ യൂണിഫോം ധരിക്കാനും പുസ്തകങ്ങൾ കൊണ്ടുവരാനും ഇദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. ഇതിലൂടെ പ്രകടനം സമാധാനപരമായ ചെറുത്തുനിൽപ്പിന്റെ പ്രതീകമാക്കി മാറ്റുക മാത്രമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.

2015ലെ ഭൂകമ്പത്തില്‍ കുഞ്ഞിനെ നഷ്ടമായതോടെയാണ് ജനഹിതത്തിനായി ഗുരുങ് പ്രവര്‍ത്തിക്കാന്‍ സജ്ജമായത്. ഭൂകമ്പത്തിനു പിന്നാലെയാണ് ഗുരുങ് ‘ഹമി നേപ്പാള്‍’ രൂപീകരിച്ചത്. ഒരു കാലത്ത് ഇവന്റ് ഓർഗനൈസർ ആയിരുന്ന ഗുരുങ് പൗരസേവന പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. ഈ പ്രക്ഷോഭത്തോടെ നേപ്പാളിലെ യുവതയുടെ മുഖമായും ഇദ്ദേഹം മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാഠ്മണ്ഡു തെരുവിലേക്ക് ഒഴുകിയെത്തിയ പ്രോക്ഷോഭകരില്‍ ഏറെയും സ്കൂള്‍ വിദ്യാര്‍ഥികളാണ്. പ്രകടനക്കാർ പാർലമെന്റ് സമുച്ചയം ഭേദിച്ചപ്പോൾ പ്രക്ഷോഭങ്ങൾ അക്രമത്തിലേക്ക് നീണ്ടു. ആൾക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ പോലീസ് ജലപീരങ്കികളും കണ്ണീർ വാതകവും വെടിയുണ്ടകളും പ്രയോഗിച്ചു. തലസ്ഥാനത്തിന് പുറത്തേക്ക് പൊഖാറ, ബുട്വാൾ, ഭൈരഹാവ, ഭരത്പൂർ, ഇറ്റഹരി, ദാമക് എന്നിവിടങ്ങളിലേക്കും പ്രക്ഷോഭം അതിവേഗം വ്യാപിച്ചു.

സിവിൽ ഹോസ്പിറ്റൽ, ട്രോമ സെന്റർ എന്നിവയുൾപ്പെടെ കാഠ്മണ്ഡുവിലെ ആശുപത്രികളിലെല്ലാം പരിക്കേറ്റ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നതായാണ് ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

nepal-youth-protests-social-media-ban-nepal-sudan-gurung-nepal-leader

Back to top button
error: