ഗാസയിലെ വേദനയുടെ പ്രതീകം ; ഇസ്രായേല്‍ സൈനികരുടെ 335 വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ അഞ്ചുവയസ്സുകാരി ഹിന്ദ് രജബ് ; ജീവനു വേണ്ടിയുള്ള അവളുടെ ശബ്ദം പാലസ്തീന്റെ നീറുന്ന നേര്‍ക്കാഴ്ച

രണ്ട് വര്‍ഷം മുന്‍പ് ലോകമെങ്ങും സഹായത്തിനായി അലമുറയിട്ട അഞ്ച് വയസ്സുകാരി പലസ്തീന്‍ പെണ്‍കുട്ടി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങള്‍ ഗാസയിലെ മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറുന്നു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്യവേയാണ് ഹിന്ദിന്റെയും കുടുംബത്തിന്റെയും കാറിന് നേരെ വെടിയുതിര്‍ത്തത്.
അവളുടെ അമ്മാവനും, അമ്മായിയും, മൂന്ന് കസിന്‍സും തല്‍ക്ഷണം മരിച്ചു. കാറില്‍ ഒതുങ്ങിക്കൂടിയ ഹിന്ദും മറ്റൊരു കസിനും ആദ്യ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു, തുടര്‍ന്ന് സഹായത്തിനായി പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയെ വിളിച്ചു. ഭയന്ന് വിറച്ച് ഫോണിലൂടെ സംസാരിച്ച ഹിന്ദ്, ഇസ്രായേലി ടാങ്ക് തങ്ങളെ ലക്ഷ്യമിടുകയാണെന്ന് രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു.
താമസിയാതെ, ഹിന്ദിന്റെ കസിനും കൊല്ലപ്പെട്ടു, അവള്‍ തനിച്ചായി. മണിക്കൂറുകളോളം അവള്‍ പാരാമെഡിക്കല്‍ പ്രവര്‍ത്തകരുമായി ി ഫോണില്‍ സംസാരിച്ചു, രക്ഷിക്കണമെന്ന് നേര്‍ത്ത ശബ്ദത്തില്‍ കേണപേക്ഷിച്ചു. എന്നാല്‍ പിആര്‍സിഎസ് പാരാമെഡിക്കുകള്‍ സ്ഥലത്തെത്തിയപ്പോള്‍ അവരും ആക്രമിക്കപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റജബിന്റെ കാറിനുനേരെ 335 വെടിയുണ്ടകളാണ് ഉതിര്‍ത്തത്.
ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന ആ 5 വയസ്സുകാരിയെയും പിന്നീട് നിഷ്‌കരുണം കൊലപ്പെടുത്തി. രണ്ടാഴ്ചയ്ക്ക് ശേഷം ഹിന്ദിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഈ ദുരന്തം ഗാസയുടെ വേദനയുടെ പ്രതീകമായി മാറി. തുടക്കത്തില്‍ ഇസ്രായേലി അധികാരികള്‍ ഈ പ്രദേശം തങ്ങളുടെ നിയന്ത്രണത്തിലല്ല എന്ന് പറഞ്ഞ് ഉത്തരവാദിത്തം നിഷേധിച്ചു.
എന്നിട്ടും, ദി വാഷിംഗ്ടണ്‍ പോസ്റ്റ്, സ്‌കൈ ന്യൂസ്, ഫോറന്‍സിക് ആര്‍ക്കിടെക്ചര്‍ എന്നിവ നടത്തിയ അന്വേഷണങ്ങളില്‍ ഇസ്രായേലി ടാങ്കുകള്‍ സ്ഥലത്തുണ്ടായിരുന്നെന്നും ഹിന്ദിന്റെ കാറിലേക്കും ആംബുലന്‍സിലേക്കും വെടിയുതിര്‍ത്തത് അവരായിരിക്കാനാണ് സാധ്യതയെന്നും തെളിഞ്ഞു. കാറിനുള്ളില്‍ കുട്ടികളടക്കമുള്ള സാധാരണക്കാരെ സൈനികര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുമായിരുന്നു എന്നും തെളിവുകള്‍ സൂചിപ്പിക്കുന്നു.
സിനിമാ നിര്‍മ്മാണത്തിലൂടെ ഹിന്ദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനോ അവള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ഇല്ലാതാക്കാനോ കഴിയില്ലെങ്കിലും, അവളുടെ ശബ്ദം നിലനിര്‍ത്താനും ഒരു ജനതയുടെ മുഴുവന്‍ ദുരിതങ്ങള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരാനും ഹിന്ദിന്റെ അനുഭവം കാരണമായി.
വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള 2025-ല്‍, ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹനിയയുടെ ‘ദി വോയിസ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രം, പ്രസ്റ്റീജിയസ് സില്‍വര്‍ ലയണ്‍ പുരസ്‌കാരം നേടിയിരുന്നു. എന്നാല്‍ ഈ കൈയടികള്‍ക്കും അംഗീകാരങ്ങള്‍ക്കും അപ്പുറം, സിനിമ കണ്ടവരുടെ മനസ്സില്‍ നിന്ന് മായാത്ത ഹിന്ദിന്റെ അവസാന സമയത്തെക്കുറിച്ചാണ് പറഞ്ഞത്.
‘ദി വോയിസ് ഓഫ് ഹിന്ദ് റജബ്’ ഹിന്ദിന്റെ അവസാന വാക്കുകള്‍ സംരക്ഷിക്കുക മാത്രമല്ല, വളരെ വേഗത്തില്‍ ഇല്ലാതായ ഒരു കുട്ടിയുടെ ശബ്ദത്തെ ലോകത്തിന് മുന്നില്‍ കൊണ്ടുവരിക കൂടി ചെയ്യുന്നു. ഹിന്ദിനുള്ള ശ്രദ്ധാഞ്ജലി എന്നതിലുപരി, ഉത്തരവാദിത്തം ചോദിക്കുന്ന ഒരു അഭ്യര്‍ത്ഥന കൂടിയാണ് ഈ സിനിമ. ഗാസയിലെ യുദ്ധക്കണക്കുകള്‍ക്ക് പിന്നില്‍ ജീവനും കുടുംബവും ഭാവിയുണ്ടായിരുന്ന ഒരു കുട്ടിയുമുണ്ടെന്ന് ഈ സിനിമ ഓര്‍മ്മിപ്പിക്കുന്നു.






