Breaking NewsMovie

'ഇരകളാക്കപെട്ട സ്ത്രീകള്‍ പരാതി നല്‍കുന്നത് സമ്മര്‍ദ്ദം മൂലം' ; മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനം ; സജി ചെറിയാന്‍ സിനിമയിലെ പവര്‍ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നു

കൊച്ചി: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന് നിര്‍മ്മാതാവ് സാന്ദ്രാ തോമസ് ആരോപിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തികളും വാക്കുകളും ഇരകളെ അവഹേളിക്കലാണെന്നും വിമര്‍ശിച്ചു.

ഇരകളക്കപെട്ട സ്ത്രീകള്‍ സമ്മര്‍ദ്ദം മൂലം പരാതി നല്‍കി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്നും സ്ത്രീകളുടെ പരാതികളുടെ ഗൗരവം കുറക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പറഞ്ഞു. ഇരകള്‍ ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപ്പെടലുകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് വരുന്നത്. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനം ആണെന്നും മന്ത്രി പവര്‍ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ഈ പരാമര്‍ശം നടത്തുന്നതെന്നും സാന്ദ്ര ആരോപിച്ചു.

Signature-ad

സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ തനിക്ക് മൂന്ന് പെണ്മക്കളാണെന്നും ഭാര്യയുണ്ടെന്നും അമ്മയുണ്ടെന്നും എന്നൊക്കെയുള്ള സോ കോള്‍ഡ് മറുപടി പറഞ്ഞു തങ്ങളെ കളിയാക്കരുതെന്ന് കൂടി അപേക്ഷിക്കുന്നുവെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഒരു ഗായിക ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോള്‍ ആ ഗായികയെ ഏഴു വര്‍ഷത്തോളം ഒറ്റപ്പെടുത്തിയിരുന്നു.

ആ ഗായികയ്ക്ക് ഏല്‍ക്കേണ്ടി വന്നതിനേക്കാള്‍ ഭീകരമായ ഒറ്റപെടുത്തലുകളാണ് മലയാള സിനിമയില്‍ നടക്കുന്നതെന്ന് ഈ മേഖലയിലുള്ള ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമെന്നും സാന്ദ്ര തോമസ് പറയുന്നു.

 

Back to top button
error: