ഓസി കൂടത്തായി! വിഷക്കൂണ്‍ കറിവച്ച് ഭര്‍ത്താവിന്റെ വീട്ടുകാരെ തുടച്ചുനീക്കി; വീട്ടമ്മയ്ക്ക് പരോളില്ലാതെ 33 വര്‍ഷം തടവ്

കാന്‍ബറ: കറിയില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിന്റെ ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഓസ്‌ട്രേയിലയന്‍ വനിതയ്ക്ക് ജീവപര്യന്തം തടവ്. 50 കാരിയായ എറിന്‍ പാറ്റേഴ്‌സണ്‍ 33 വര്‍ഷം പരോളില്ലാതെ ജയില്‍ വാസം അനുഷ്ടിക്കണം എന്നാണ് ഓസ്ട്രേലിയന്‍ സുപ്രീം കോടതിയുടെ വിധി. അതിവിദഗ്ധമായി കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവത്തില്‍ സ്ത്രീ കുറ്റക്കാരിയെന്ന് ഓസ്‌ട്രേയിലയന്‍ സുപ്രീം കോടതി ജൂലൈ 26 കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
കേസ് വിധി പറയാനായി കോടതി പരിഗണിച്ചപ്പോള്‍ എറിന്‍ പാറ്റേഴ്‌സണ്‍ ഭൂരിഭാഗം സമയവും കണ്ണടച്ച് ഇരിക്കുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശിക്ഷ വിധിച്ചതിന് ശേഷം മാത്രമായിരുന്നു അവര്‍ കണ്ണ് തുറന്നത്. ഗുരുതരമായ കുറ്റമാണ് എറിന്‍ പാറ്റേഴ്‌സണ്‍ ചെയ്തത് എന്ന് വിലയിരുത്തിയാണ് കോടതിയുടെ വിധി. കൂട്ടക്കൊല നടത്തുന്നതിനായി വലിയ ആസൂത്രണം നടത്തി, തെളിവുകള്‍ നശിപ്പിച്ചു, കുടുംബത്തോട് വിശ്വാസ വഞ്ചനകാട്ടി തുടങ്ങിയ വിലയിരുത്തലോടെയായിരുന്നു ജസ്റ്റിസ് ബീല്‍ ശിക്ഷ വിധിച്ചത്.
2023-ലാണ് ലോകത്തെ നടുക്കിയ കുട്ടക്കൊലയുടെ വാര്‍ത്ത പുറത്തറിഞ്ഞത്. ബന്ധുക്കളെ വിരുന്നിന് ക്ഷണിച്ച് മാരക വിഷമുള്ള കുണ്‍ ചേര്‍ത്ത വിഭവം നല്‍കിയാണ് എറിന്‍ പാറ്റേഴ്‌സണ്‍ കൊലപാതകങ്ങള്‍ നടത്തിയത്. വിഷം ചേര്‍ത്ത ഭക്ഷണം കഴിച്ച് ഭര്‍ത്താവിന്റെ രക്ഷിതാക്കളായ ഡോണ്‍, ഗെയില്‍ പാറ്റേഴ്‌സണ്‍, ഗെയിലിന്റെ സഹോദരി ഹീതര്‍ വില്‍ക്കിന്‍സണ്‍ എന്നിവരാണ് മരിച്ചത്. ഹീതറിന്റെ ഭര്‍ത്താവ് ഇയാന്‍ വില്‍ക്കിന്‍സണും വിഷ ബാധയേറ്റെങ്കിലും ആഴ്ചകളോളം നീണ്ട ചികിത്സയ്ക്ക് ശേഷം മരണത്തെ അതിജീവിക്കുകയായിരുന്നു.






