സസ്പെൻഷനല്ല, പകരം പിരിച്ചുവിടൽ? യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പോലീസുകാരെ പിരിച്ചുവിടാൻ ഡിജിപിക്ക് നിയമോപദേശം ലഭിച്ചതായി റിപ്പോർട്ട്

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവെച്ച് അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. പോലീസുകാരെ പിരിച്ചുവിടാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചതായാണ് റിപ്പോർട്ട്. കോടതിയിൽ വിചാരണ നടക്കുന്നതിനാൽ സർവീസിൽ തുടരുന്നത് ഉചിതമല്ലെന്നാണ് ഡിഐജി നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ ഇക്കാര്യത്തിൽ പോലീസുകാർക്കെതിരേ സ്വീകരിച്ച നടപടി പുനഃപരിശോധിക്കാൻ നിർദേശിച്ച് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ റിപ്പോർട്ട് നൽകി. ഇതിൽ നാലു പോലീസുകാരെ സസ്പെൻഡ് ചെയ്യാനും ശുപാർശ ചെയ്തു. ഉത്തരമേഖലാ ഐജിക്കാണ് തൃശ്ശൂർ റേഞ്ച് ഡിഐജി റിപ്പോർട്ട് നൽകിയത്. സംഭവത്തിനു ശേഷം പ്രാഥമിക നടപടിയെന്ന നിലയിൽ നാല് പോലീസുകാരെയും സ്ഥലംമാറ്റുകയും രണ്ടു വർഷത്തെ ശമ്പള വർധന തടഞ്ഞുവെച്ചതുമായിരുന്നു നേരത്തേ എടുത്ത നടപടി. കുന്നംകുളം എസ്‌ഐ നുഹ്‌മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒമാരായ സന്ദീപ്, സജീവൻ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് ശുപാർശയുള്ളത്. നാലുപേർക്കുമെതിരേ കോടതി ക്രിമിനൽ കേസ് എടുത്തിട്ടുമുണ്ട്.
അതേസമയം, തന്നെ മർദിച്ച അഞ്ചുപേരെയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് വി.എസ് സുജിത്ത് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള ശുപാർശയിൽ സംതൃപ്തനല്ലെന്നും ഡ്രൈവറായിരുന്ന ഷുഹൈറടക്കം അഞ്ചുപേരെയും പിരിച്ചുവിടണമെന്നുമാണ് തന്റെ ആവശ്യമെന്നും സുജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടാകണമെന്ന സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരുമെന്നും സുജിത്ത് വ്യക്തമാക്കി. അഞ്ചാമത്തെ ഉദ്യോഗസ്ഥനെ കൂടി കേസിൽ ഉൾപ്പെടുത്താനുള്ള നിയമ നടപടി സ്വീകരിക്കുമെന്നും സുജിത്ത് പറഞ്ഞു.
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂർ വലിയപറമ്പിൽ വി.എസ്. സുജിത്ത് (27) 2023 ഏപ്രിൽ അഞ്ചിന് രാത്രി കുന്നംകുളം പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് സുജിത്തിനെ പോലീസ് ജീപ്പിൽനിന്ന് ഇറക്കുന്നതു മുതൽ സ്റ്റേഷനുള്ളിൽ അർധനഗ്നനായി നിർത്തി പലതവണ ചെവിടത്തടിക്കുന്നതിന്റെയും കുനിച്ചുനിർത്തി മുതുകത്ത് കൈമുട്ടുകൊണ്ട് കൂട്ടംകൂടി പോലീസ് ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
അന്നു മർദനത്തെത്തുടർന്ന് സുജിത്തിന്റെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. വിവരാവകാശ കമ്മിഷൻ അംഗം സോണിച്ചൻ ജോസഫിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ദൃശ്യങ്ങൾ കൈമാറിയത്. പോലീസ് സ്റ്റേഷനിലും അസി. കമ്മിഷണർ ഓഫീസിലും കമ്മിഷണർ ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും അനുകൂല മറുപടി ലഭിക്കാഞ്ഞതിനെത്തുടർന്നാണ് സുജിത്ത് നേരിട്ട് വിവരാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു.






